വാളയാർ ഡാമിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Advertisement

പാലക്കാട്: വാളയാർ ഡാമിൽ ഒഴുക്കിൽപ്പെട്ട് രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. വാളയാറിന് സമീപമുള്ള ധനലക്ഷ്മി ശ്രീനിവാസൻ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ
ഷൺമുഖം, തിരുപ്പതി എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ട മറ്റൊരു വിദ്യാർത്ഥിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.

വാളയാറിന് സമീപമുള്ള ധനലക്ഷ്മി ശ്രീനിവാസൻ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ എട്ടംഗ സംഘമാണ് ഡാമിൽ കുളിക്കാൻ എത്തിയത്. അവധിദിനം ആഘോഷിക്കാൻ എത്തിയ വിദ്യാർത്ഥികൾ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. 3 വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ബഹളം വെച്ചതിനെ തുടർന്ന് ഡാമിൽ മീൻ പിടിക്കാൻ എത്തിയ നാട്ടുകാർ ചേർന്ന് ഒരാളെ രക്ഷപ്പെടുത്തി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാളയാർ പോലീസും പിന്നീട് പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയും സ്ഥലത്തെത്തി. 3 മണിക്കൂറോളം നീണ്ട തിരച്ചിലിനോടുവിൽ അഗ്നിശമന സേനയുടെ സ്‌കൂബ ഡൈവിംഗ് സംഘമാണ് കാണാതായവരെ കണ്ടെത്തിയത്

വിദ്യാർത്ഥികളായ ഷണ്മുഖം, തിരുപ്പതി എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Advertisement