‘മീറ്ററിടില്ല, അമിത ചാർജ്’, പിഴ രണ്ടരലക്ഷം; ഒറ്റയടിക്ക് എട്ടിൻറെ പണി, എംവിഡി വക 115 ഓട്ടോറിക്ഷകൾക്ക്!

Advertisement

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഓട്ടോറിക്ഷ യാത്രക്ക് അമിത വാടക ഈടാക്കുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. യാത്രാക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുകയും മീറ്റർ ഘടിപ്പിച്ചിട്ടും അത് പ്രവർത്തിപ്പിക്കാതെയും മതിയായ രേഖകളില്ലാതെയും ഫിറ്റ്നസ്സ് പുതുക്കാതെയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയും സർവ്വീസ് നടത്തിയ 115 ഓട്ടോറിക്ഷകൾ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇവരിൽ നിന്നും 256000 രൂപ പിഴ ചുമത്തി.

റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നിയമാനുസൃതമുള്ള പ്രീപെയ്ഡ് കൗണ്ടറിലുള്ള ആളുകളെ കയറ്റാതെ മറ്റ് യാത്രക്കാരെ വിളിച്ച് കയറ്റി അമിത ചാർജ് ഈടാക്കുന്നതും വാഹനങ്ങളിൽ യാത്രക്കാർ മറന്നു വയ്ക്കുന്ന വസ്തുക്കൾ തിരികെ നൽകാതെയുമുള്ള ഒട്ടേറെ പരാതികൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആർ ടി ഒ പി ആർ സുമേഷിന്റെ നിർദേശപ്രകാരം ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരേയും ചേർത്ത് രാത്രികാല പ്രത്യേക പരിശോധന നടത്തിയത്. സിറ്റിയിൽ സർവ്വീസ് നടത്താൻ അനുവാദമില്ലാത്ത ഓട്ടോറിക്ഷകൾ അധികൃതമായി സർവ്വീസ് നടത്തുന്നതിനെതിരേയും നടപടികൾ എടുത്തു. തുടർന്നും ഇത്തരം പ്രവർത്തികൾക്ക് എതിരെ ശക്തമായ നടപടികളുമായി മുമ്പോട്ട് പോകുമെന്ന് ആർ ടി ഒ അറിയിച്ചു.

മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചും അനധികൃത പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക പരിശോധന നടത്തി. ലൈസൻസ്സില്ലാതെ വാഹനം ഓടിച്ചതുൾപ്പെടെ വാഹനത്തിൽ പല നിറത്തിലുള്ള ലൈറ്റുകൾ പിടിപ്പിച്ചിട്ടുള്ളവയും അനധികൃത ഫിറ്റിങ്ങുകൾ പിടിപ്പിച്ചിട്ടുള്ളവയും അഴിച്ച് മാറ്റി വാഹനങ്ങൾ ഹാജരാക്കി പിഴ അടച്ചശേഷം മാത്രം സർവ്വീസ് നടത്തുവാനും നിർദേശം നൽകി.

Advertisement