ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധം

Advertisement

കോഴിക്കോട്. മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധം. നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഗ്രോ വാസുവിനെ കോടതി റിമാൻഡ് ചെയ്തത്. കോഴിക്കോട് കിഡ്സൺ കോണിൽ നടന്ന പ്രതിഷേധ പരിപാടി മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ പി. പൗരൻ ഉദ്ഘാടനം ചെയ്തു.

മനുഷ്യാവകാശ പ്രവർത്തകരുടെ നേതൃത്വത്തിലാണ് കോഴിക്കോട് കിറ്റ്സൺ കോർണറിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.2016 നവംബർ 24 ന് നിലമ്പൂരിലെ കരുളായി വനത്തിൽ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജനെയും അജിതയെയും പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി പരിസരത്ത് അന്യായമായി സംഘം ചേരുകയും മാർഗ്ഗ തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

പിഴ അടയ്ക്കുകയോ കോടതിയിൽ ഹാജരാവുകയോ ചെയ്യാതിരുന്നതിനെ തുടർന്നായിരുന്നു വാസുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നോട്ടീസ് അയച്ച് വിളിച്ചു വരുത്തിയ ശേഷം മെഡിക്കൽ കോളേജ് പൊലീസ് വാസുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
പിഴയടച്ച് കേസ് അവസാനിപ്പിക്കാനോ ബോണ്ട് ഒപ്പ് വച്ച് ജാമ്യത്തിൽ ഇറങ്ങാനോ വാസു തയ്യാറായില്ല. താൻ കുറ്റം ചെയ്തിട്ടില്ലെന്നും അന്യായമായി രജിസ്റ്റർ ചെയ്ത കേസിൽ പിഴ അടയ്ക്കാൻ ഒരുക്കമല്ലെന്നുമായിരുന്നു വാസുവിന്റെ നിലപാട്.

Advertisement