പരസ്യബിൽ മാറിയെടുക്കാൻ വൻതുക കൈക്കൂലി വാങ്ങിയ കെഎസ്ആർടിസി ഡെപ്യൂട്ടി മാനേജർക്ക്‌ സസ്‌പെൻഷൻ

തിരുവനന്തപുരം: പരസ്യബിൽ മാറിയെടുക്കാൻ വൻതുക കൈക്കൂലി വാങ്ങിയ കെഎസ്ആർടിസി ഡെപ്യൂട്ടി മാനേജർക്ക്‌ സസ്‌പെൻഷൻ. മാർക്കറ്റിങ് വിഭാഗത്തിൻറെ ചുമതലയുള്ള സി. ഉദയകുമാറിനെതിരെ മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. തിരുവനന്തപുരത്ത് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇയാളെ വിജിലൻസ് പിടികൂടിയിരുന്നു.

പരസ്യബോർഡുകൾ സ്ഥാപിച്ച വകയിൽ കെഎസ്ആർടിസിയിൽ നിന്ന് കിട്ടേണ്ട 6,75000 രൂപയുടെ ബിൽ മാറിയെടുക്കാൻ, ഒരു ലക്ഷം രൂപയാണ് നൽകണമെന്നാണ് ഉദയകുമാർ കരാറുകാരനോട് ആവശ്യപ്പെട്ടത്. ഇതിൽ 70,000 രൂപ രണ്ട് തവണയായി നൽകി. അവസാന ഗഡു 30,000 രൂപ ആവശ്യപ്പെട്ടപ്പോൾ കരാറുകാരൻ വിജിലൻസിനെ സമീപിച്ചു. രാത്രി 7മണിയോടെ വഴുതക്കാട് ശ്രീമൂലം ക്ലബിലൊരുക്കിയ വിജിലൻസിന്റെ കെണിയിൽ ഉദയകുമാർ വീണു. ഇപ്പോൾ പണം നൽകിയ കരാറുകാരനിൽ നിന്ന് മാത്രം 25ലക്ഷത്തോളം രൂപ ഉദയകുമാർ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് പരാതി. ഗതാഗതമന്ത്രി ആന്റണി രാജു ഉദയകുമാറിനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. വകുപ്പുതല നടപടികൾക്കും മന്ത്രി നിർദേശം നൽകി. ഉദയകുമാറിന്റെ നെയ്യാറ്റിൻകരയിലെയും കുമാരപുരത്തെയും വീടുകളിലും കെഎസ്ആർടിസി ചീഫ് ഓഫീസിലും വിജിലൻസ് പരിശോധന നടത്തി.
ഉദയകുമാറിന് ഷോപ്പിംഗ് കോംപ്ലക്സുകളുടെ മേൽനോട്ടം വഹിക്കുന്ന എസ്റ്റേറ്റ് ഓഫീസറുടെ ചുമതലയുമുണ്ട്. കേസിൽ വിശദമായ അന്വേഷണത്തിനാണ് വിജിലൻസ് തീരുമാനം. യുഡിഎഫ് ഭരണകാലത്ത് ഉദയകുമാർ കെഎസ്ആർടിസിയിലെ ആഭ്യന്തര വിജിലൻസ് ഓഫീസറായിരുന്നു.

Advertisement