വാർത്താനോട്ടം

Advertisement

2023 ജൂലൈ 10 തിങ്കൾ

BREAKING NEWS

👉ഉത്തരേന്ത്യയിൽ കനത്ത മഴ: ഹിമാചൽ, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിൽ സ്ഥിതി ഗുരുതരം

👉ഡെൽഹിയിൽ യെല്ലോ അലർട്ട്, മഴക്കെടുതിയിൽ 19 മരണം, സ്ക്കൂളുകൾക്ക് അവധി.

👉തിരുവല്ല ,കോട്ടയം, കുട്ടനാട് താലൂക്ക്കളിൽ സ്കൂളുകൾക്ക് ഇന്ന് അവധി, പ്രൊഫഷണൽ കോളജ്കൾക്കും അവധിയാണ്.

👉പത്തനംതിട്ടയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയായിരിക്കും.

👉ചങ്ങനാശ്ശേരി, വൈക്കം താലൂക്ക്കളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ക്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എന്നാൽ
മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

👉വിഴിഞ്ഞത്ത് കിണറ്റിൽ അകപ്പെട്ട മഹാരാജിനെ കണ്ടെത്തി. മുകളിലേക്കെത്തിക്കാൻ ശ്രമം തുടരുന്നു

👉മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ നാല് പേരിൽ ഒരാളുടെ ജഢം കിട്ടി. പുതുക്കുറുശ്ശി സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്.

👉കടലാക്രമണം തടയാൻ കടൽഭിത്തി വേണമെന്നാവശ്യപ്പെട്ട് കണ്ണമാലിയിലെ മത്സ്യതൊഴിലാളികൾ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്

👉 സീറോ മലബാർ സഭ ഭൂമി ഇടപാട്:മാർ ആൻഡ്രൂസ് താഴത്തിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും.

👉ലൈഫ്മിഷൻ കേസ്സ് :
ചികിത്സയ്ക്കായി ജാമ്യം വേണമെന്ന എം ശിവശങ്കർ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന് ഉണ്ടായേക്കും.,

👉മൂവാറ്റുപുഴയിൽ മരുമകൾ അമ്മാവിയമ്മയെ വെട്ടിക്കാലപ്പെടുത്തി.
അമ്മിണി 85 ആണ് കൊല്ലപ്പെട്ടത്. മരുമകൾ പങ്കജം പോലീസ് കസ്റ്റഡിയിൽ

👉കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്ന് പഠന ടൂറിന് പോയ 27 വിദ്യാർത്ഥികൾ മണാലിയിൽ കുടുങ്ങിക്കിടക്കുന്നു. വിദ്യാർത്ഥികൾ സുരക്ഷിതരന്ന് റിപ്പോർട്ട്.

കേരളീയം

🙏ഏക സിവില്‍ കോഡിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയും കേസുകളുമായി വേട്ടയാടുന്ന സംസ്ഥാന സര്‍ക്കാരിനെതിരേയും സംവാദ, സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന്. ഏക സിവില്‍ കോഡിനെതിരേ കോണ്‍ഗ്രസില്ലാത്ത സംവാദത്തിന് ഇല്ലെന്നാണ് മുസ്ലിം ലീഗ് തീരുമാനിച്ചത്.

🙏കെ റെയില്‍ മാറ്റങ്ങളോടെ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. അണ്ടര്‍ ഗ്രൗണ്ട്, എലവേറ്റര്‍ രീതിയില്‍ പദ്ധതി നടപ്പാക്കിയാല്‍ സ്ഥലം ഏറ്റെടുക്കലും ചെലവും കുറയും. കെ റെയിലിനു പിന്തുണ തേടി കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ വി തോമസ് ഇന്നലെ ഇ ശ്രീധരനെ പൊന്നാനിയിലെ വീട്ടിലെത്തി കണ്ടിരുന്നു.

🙏അടുത്ത വ്യാഴാഴ്ച വരെ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്രകാലാവസ്ഥാ വകുപ്പ്. മത്സ്യബന്ധനത്തിനു പോകരുതെന്ന് നിര്‍ദേശമുണ്ട്.

🙏ഇടുക്കി വണ്ടന്‍മേട് രാജാക്കണ്ടത്തിനു സമീപം ഞാറക്കുളത്ത് പാറമടക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്. ഇവരടക്കം അഞ്ചംഗ സംഘമാണ് കുളത്തിലിറങ്ങിയത്.

🙏മാഹി മലയാള കലാഗ്രാമം സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ എ.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 96 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു രാത്രിയോടെ മൃതദേഹം തലശേരിയിലേക്കു കൊണ്ടുവരും.

🙏ഏക സിവില്‍ കോഡില്‍ സിപിഎം രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി നടത്തുന്ന അതേ ശ്രമം തന്നെയാണ് സിപിഎം നടത്തുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമുദായങ്ങളെ തമ്മില്‍ അടിപ്പിക്കുന്ന സിപിഎം ജനങ്ങളോടു മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.

🙏കാസര്‍ഗോഡ്, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ വിവിധ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍നിന്നു മുഴക്കവും ചെറിയതോതില്‍ വിറയലും അനുഭവപ്പെട്ടു.

🙏അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ തെരുവുനായ അക്രമിച്ചു. മാമ്പള്ളി കൃപാനഗറില്‍ റീജന്‍ – സരിത ദമ്പതികളുടെ മകള്‍ റോസ്ലിയെയാണ് തെരുവു നായ ആക്രമിച്ചത്. മുഖത്തടക്കം കടിയേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🙏അപകീര്‍ത്തിക്കേ
സില്‍ മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തി മുഴുവന്‍ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു.

🙏സിപിഎമ്മില്‍ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിഷ്ണുരക്തസാക്ഷി ഫണ്ടില്‍നിന്ന് അഞ്ചു ലക്ഷം രൂപ തിരിമറി നടത്തിയെന്ന പരാതിയില്‍ സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം രവീന്ദ്രന്‍ നായര്‍ക്കെതിരേ പാര്‍ട്ടി അന്വേഷണം.

🙏തിരുവനന്തപുരത്ത് പള്ളിത്തുറയില്‍ കാറിലും വീട്ടിലുമായി 150 കിലോ കഞ്ചാവും 500 ഗ്രാം എംഡിഎംഎയുമായി നാലു പേരെ അറസ്റ്റു ചെയ്തു.

🙏കോട്ടയം പാലായ്ക്കടുത്ത് വലവൂരില്‍ രണ്ടു ദിവസം മുമ്പു കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി. ഇവരുടെ സുഹൃത്തായ ലോട്ടറി വില്‍പ്പനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രീതിയെ കൊന്ന ശേഷം പ്രകാശന്‍ സ്വയം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം.

🙏ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിയിലുള്ള ജ്ഞാനജ്യോതിയമ്മാളിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ അടുക്കള ഭാഗവും മുന്‍ വാതിലും കാട്ടാന തകര്‍ത്തു. ചക്കക്കൊമ്പനാണ് ആക്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു.

🙏കൊടുവള്ളിയില്‍ 38 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രണ്ടു പേര്‍ പൊലീസിന്റെ പിടിയില്‍. കൊടുവള്ളി തലപെരുമണ്ണ തടായില്‍ ഇഷാം (36), കൊടുവള്ളി ആലപ്പുറായില്‍ ലത്തീഫ് (ദിലീപ് 43) എന്നിവരാണ് പിടിയിലായത്.

🙏മലപ്പുറം അമരമ്പലം പഞ്ചായത്തിലെ കുതിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദ്ദേഹങ്ങള്‍ കണ്ടെത്തി. അമരമ്പലം സൗത്ത് കുന്നുംപുറത്ത് വീട്ടില്‍ സുശീല(55), പേരമകള്‍ അനുശ്രീ(12)യുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

🙏സുഹൃത്തിന്റെ വീട്ടില്‍ മാമോദീസയ്ക്ക് അതിഥിയായി വന്ന് ഡയമണ്ട് നെക്ലെസ് ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. ഇടുക്കി കൊന്നത്തടി വെള്ളത്തൂവല്‍ എരുപ്പേക്കാട്ടില്‍ വീട്ടില്‍ റംസിയ (30) യെയാണ് കോടനാട് പൊലീസ് അറസ്റ്റു ചെയ്തത്.

ദേശീയം

🙏കനത്ത പേമാരിയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീര്‍ എന്നീ സംസ്ഥാനങ്ങളിലായി 19 പേര്‍ മരിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുംമൂലം വന്‍ നാശം. പുഴകള്‍ കവിഞ്ഞൊഴുകി. മിന്നല്‍ പ്രളയത്തിലും മരങ്ങള്‍ വീണും നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചുപോയി.

🙏പശ്ചിമ ബംഗാളിലെ അറുനൂറോളം പോളിംഗ് ബൂത്തുകളില്‍ ഇന്നു റീ പോളിംഗ്. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അക്രമങ്ങളും ബോംബുസ്ഫോടനങ്ങളും മൂലം വോട്ടെടുപ്പു തടസപ്പെട്ട ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പു നടത്തുന്നത്. അക്രമങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.

🙏ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ക്കെതിരേ വിവാദ കമന്റുകളുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരേ കേസ്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാതിയില്‍ ഇന്‍ഡോര്‍ പോലീസാണു കേസെടുത്തത്.

🙏തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനു കത്തയച്ചു. ഗവര്‍ണര്‍ നടത്തിയ നിയമലംഘനങ്ങളുടെ പട്ടിക ഉള്‍പെടുത്തിയാണ് കത്തയച്ചത്.

🙏ഫോണ്‍ തട്ടിയെടുക്കാനുള്ള ശ്രമം തടയുന്നതിനിടെ ചെന്നൈയില്‍ യുവതി ട്രെയിനില്‍നിന്നു വീണുമരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 22 കാരി ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു. ഫോണ്‍ തട്ടിയെടുത്ത രണ്ടു പ്രതികളെയും പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

🙏സാമ്പത്തിക തട്ടിപ്പു കേസില്‍ വിശാഖപട്ടണത്ത് അറസ്റ്റിലായ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സിനിമാതാരവുമായ സ്വര്‍ണലതയെ നാവിക സേനിയില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ കബളിപ്പിച്ചു പണം തട്ടിയെ കേസിലും അറസ്റ്റു ചെയ്തു. 500 രൂപ തന്നാല്‍ രണ്ടായിരം രൂപയാക്കി മടക്കിത്തരുമെന്നു വിശ്വസിപ്പിച്ച് 12 ലക്ഷം രൂപയാണ് സിഐയും കോണ്‍സ്റ്റബിളും ഹോം ഗാര്‍ഡും അടക്കമുള്ള നാലംഗ സംഘം തട്ടിയെടുത്തത്.

🙏പബ്ജി കളിയിലൂടെ പരിചയപ്പെട്ട കാമുകനെ കല്യാണം കഴിക്കാന്‍ സ്വത്തെല്ലാം വിറ്റ് നാലു കുട്ടികളുമായി ഇന്ത്യയിലെത്തിയ സീമ എന്ന പാക്കിസ്ഥാന്‍കാരിയെ തിരിച്ചയക്കണമെന്ന് പാക്കിസ്ഥാനിലെ ഭര്‍ത്താവ് ഗുലാം ഹൈദര്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും ഇടപെടണമെന്ന വീഡിയോ സന്ദേശം ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

🙏മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് 15 യുവതികളെ വിവാഹം ചെയ്ത് ആഭരണങ്ങളും പണവുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍. ബംഗളുരു കാളിദാസ നഗര്‍ സ്വദേശിയായ കെ.ബി മഹേഷ് (35) ആണ് അറസ്റ്റിലായത്. ഡോക്ടര്‍, എന്‍ജിനീയര്‍, കോണ്‍ട്രാക്ടര്‍ എന്നിങ്ങനെയുള്ള ജോലി ചെയ്യുന്നയാളാണെന്നു വിശ്വസിപ്പിച്ചാണ് ഇത്രയും വിവാഹം നടത്തിയത്.

🙏ഡല്‍ഹി ഐഐടിയില്‍ അവസാന വര്‍ഷ എന്‍ജിനീയറിംഗ് ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ 20 വയസുകാരന്‍ ആയുഷ് അഷ്നയാണ് കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്.

കായികം

🙏അരങ്ങേറ്റ മത്സരത്തില്‍ വിക്കറ്റെടുത്ത് മലയാളികളുടെ അഭിമാന താരം മിന്നു മണി. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 യില്‍ അരങ്ങേറ്റം കുറിച്ച മിന്നു മൂന്നോവറില്‍ 21 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്. മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനെ ഏഴുവിക്കറ്റിന് തകര്‍ത്തു . ബംഗ്ലാദേശ് ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

🙏ആവേശകരമായ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് വിജയം. ഒരു ദിവസം ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ വിജയത്തോടെ സ്‌കോര്‍ 2-1 ആക്കി ഇംഗ്ലണ്ട് പ്രതീക്ഷകള്‍ സജീവമാക്കി.

Advertisement