സംസ്ഥാനത്ത് മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്,അമരമ്പലം പുഴയിൽ 12കാരിയേയും മുത്തശ്ശിയേയും കാണാതായി

Advertisement

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലത്തു യെലോ അലർട്ട് ഉണ്ട്. മഴ കനത്ത് ജലനിരപ്പ് ഉയർന്നതോടെ കേരളത്തിൽ വിവിധ ഡാമുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. പെരിയാർ, മുതിരപ്പുഴ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

കേരളത്തിൽ മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങIൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ഉറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കുട്ടനാട്ടിലും പെരിയാറിലും ജലനിരപ്പ് ഒരടിയോളം ഉയർന്നു. ഇടുക്കിയിൽ രാത്രി 7 മുതൽ പുലർച്ചെ 6 വരെ യാത്രകൾ നിരോധിച്ചു.

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ
കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചെങ്ങന്നൂർ താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( ബുധൻ ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു

ഇടുക്കിയിലെ ചെറു ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. കല്ലാർകുട്ടി, പാമ്പള ഡാമുകളുടെ ഷട്ടർ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. പരമാവധി സംഭരണശേഷിയിൽ ജലനിരപ്പ് എത്തിയാൽ ഷട്ടറുകൾ തുറക്കും

പെരിയാറിന്റെയും, മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം

മുണ്ടക്കയം ചെന്നാപ്പാറ ടി ആർ& ടി എസ്റ്റേറ്റിൽ ഉണ്ടായ മലവെള്ളപാച്ചിലിൽ പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി

17 ഓളം തൊഴിലാളികളെയാണ് ഇന്നലെ വൈകിട്ട് രക്ഷപ്പെടുത്തിയത്. മണിമലയാറിൻ്റെ കൈത്തോട്ടിലേയ്ക്ക് വെള്ളം എസ്റ്റേറ്റിലൂടെ കുതിച്ചെത്തുകയായിരുന്നു. ടാപ്പിoഗിനായി പോയ തൊഴിലാളികളാണ് മലവെള്ളപാച്ചിലിൽ പെട്ടത്. തോടിന് കുറുകെ വടം കെട്ടിയാണ് ഇവരെ രക്ഷപ്പെടുത്തിയത്

അമരമ്പലം പുഴയിൽ 12കാരിയേയും മുത്തശ്ശിയേയും കാണാതായി. പുലർച്ചെ രണ്ടരയ്ക്കാണ് ഒരു കുടുംബത്തിലെ 5 പേർ അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. അമ്മയും 3 മക്കളും മുത്തശ്ശിയുമാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്

3 പേർ രക്ഷപ്പെട്ടു. സൗത്ത്‌ അമരമ്പലം കുന്നുംപുറത്ത് സുശീല(46), പന്ത്രണ്ടുകാരിയായ പേരക്കുട്ടിക്കും വേണ്ടി തിരച്ചിൽ നടത്തുന്നു

അപ്പർ കുട്ടനാട്ടിൽ വെള്ളം കയറിത്തുടങ്ങി. പമ്പാ ,മണിമല അച്ചൻകോവിൽ ആറുകളുടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ തലവടി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി

തലവടി പഞ്ചായത്തിലെ നീരേറ്റുപുറം കുന്നംമാടി കുതിരച്ചാൽ , മൂരിക്കോലുമുണ്ട്,പ്രിയദർശിനി,വേദവ്യാസ സ്കൂൾ, മണലേൽ , കോടമ്പനാടി,പൂന്തുരുത്തി എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി.

ഗവിയിലേക്ക് ഗതാഗത നിയന്ത്രണം .കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗവിയിലേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇനി ഒരു അറിയിപ്പുണ്ടാകുന്ന വരെ ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല

Advertisement