ഉറക്കത്തിൽ ഞെട്ടുന്ന പതിവുണ്ടോ? എങ്കിലിത് അറിഞ്ഞിരിക്കണം!

Advertisement

സുഖമായി ഉറങ്ങുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്, അല്ലെ? ഒരു ദിവസം നല്ല രീതിയിൽ തുടങ്ങണമെങ്കിൽ തലേരാത്രിയിലെ ഉറക്കം നന്നാവണം. അല്ലാത്തപക്ഷം ക്ഷീണത്തോടെയോ ഉന്മേഷക്കുറവോടെയോ ആയിരിക്കും ആ ദിവസം തുടങ്ങുക. പിന്നീട് അത് ആ ദിവസത്തെ മുഴുവൻ മോശമായി ബാധിക്കാറില്ലേ? പലപ്പോഴും ഉറക്കത്തിൽ നിന്ന് ഞെട്ടുന്നതാണ് ഉറക്കം ഇടയ്ക്കിടെ മുറിഞ്ഞുപോകാൻ കാരണം. Hypnic jerk എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തെകുറിച്ച ഒന്ന് വായിച്ചാലോ?

ഉറങ്ങുന്ന സമയത്ത് ഒന്നോ അതിലധികമോ പേശികളുടെ പെട്ടന്നുള്ള വലിച്ചിലോ സങ്കോചമോ ഒക്കെയാണ് ഉറക്കത്തിലുണ്ടാകുന്ന ഞെട്ടലിന്റെ കാരണം. ആഴത്തിലുള്ള ഉറക്കത്തിലേക്ക് പോകുന്നതിന്റെ മുമ്പായുള്ള ഉറക്കസമയത്താണ് ഇത് പ്രധാനമായും കണ്ടുവരുന്നതെന്ന് പറയപ്പെടുന്നു. അതായത് ഉറക്കത്തിലേക്ക് വീണ് അഗാധമായ ഉറക്കത്തിലേക്ക് പോകുന്ന വേളയിലാണ് ഇത്തരത്തിൽ ഹിപ്‌നിക് ജെർക്ക് അനുഭവപ്പെടുക. Myoclonus എന്നറിയപ്പെടുന്ന ഒന്നോ അതിലധികമോ പേശികളുടെ ചലനം മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.ഉറക്കത്തിലെ ഞെട്ടലിന്റെ തീവ്രത പല ആളുകളിലും വ്യത്യസ്തമായിരിക്കും. പലരും ഇത് തിരിച്ചറിയുന്നുപോലും ഉണ്ടാകില്ല. ഒപ്പം കിടക്കുന്നവർ ചോദിക്കുമ്പോഴാകും ഉറക്കത്തിൽ ഞെട്ടുന്നതിനെ കുറിച്ച് അവർ അറിയുന്നത് പോലും. എന്നാൽ ചില സാഹചര്യത്തിൽ ഉറക്കത്തിൽ ഞെട്ടുന്നതിന്റെ തീവ്രത മൂലം അവർ തന്നെ ഉറക്കത്തിൽ നിന്ന് പെട്ടന്ന് ഉണരാറുണ്ട്. ഞെട്ടുന്നതിനൊപ്പം തന്നെ മറ്റു ചില ലക്ഷണങ്ങളും ഉണ്ടായേക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം.

  • വീഴാൻ പോകുന്നതായോ ആരോ തള്ളിയിടുന്നതായോ തോന്നുന്നത്
  • കറണ്ട് അടിക്കുന്നതുപോലെ അനുഭവപ്പെടുന്നത്

*  അവ്യക്തമായ സ്വപ്‌നങ്ങൾ, ഹാലൂസിനേഷൻ തുടങ്ങിയവ. മിക്കപ്പോഴും ഇവ വീഴുന്നത് പോലുള്ള തോന്നലായിരിക്കും.

എന്നാൽ ഇത്തരം കാര്യങ്ങളൊന്നും തന്നെ നിങ്ങളുടെ ശരീരത്തിൽ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല. അതേസമയം മേല്പറഞ്ഞ ലക്ഷണങ്ങൾ രൂക്ഷമാണെങ്കിൽ അവ നിങ്ങളെ ഉറക്കത്തിലേക്ക് വീഴുന്നത് തടസ്സപ്പെടുത്തിയേക്കാം. ഇത് പിന്നീട് ഇൻസോംനിയ (insomnia) പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും.

ഉറക്കത്തിൽ ഞെട്ടുന്നതിന്റെ പിന്നിലെ യഥാർത്ഥ കാരണം മനസിലാക്കാൻ ഗവേഷണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ഒരു കാരണമായി പറയുന്നത് ഉറക്കത്തിലേക്ക് പോകുന്ന സമയത്ത് കൈകാലുകളിലെ ഞരമ്പുകൾ തെറ്റായ സിഗ്നലുകൾ തലച്ചോറിലേക്ക് അയക്കുന്നത് ഞെട്ടൽ ഉണ്ടാക്കിയേക്കാം. പേശികൾ വിശ്രമിക്കുമ്പോൾ അത് വീഴാൻ പോകുന്നതായി മസ്തിഷ്‌കം കണക്കാക്കുകയും അത് പെട്ടന്നൊരു ഞെട്ടലിന് കാരണമാകുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു കാരണമായി ഗവേഷകർ ചോണ്ടിക്കാണിക്കുന്നത്.

എന്നിരുന്നാലും ഇനി പറയുന്ന ചില കാരണങ്ങൾ ഉറക്കത്തിൽ ഞെട്ടൽ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടും:

*  വളരെയധികം സമ്മർദ്ദവും പിരിമുറുക്കവും നേരിടുന്നവരാണെങ്കിൽ ഉറക്കത്തിൽ ഞെട്ടൽ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

  • കഫീൻ, നിക്കോട്ടിൻ തുടങ്ങിയവയുടെ ഉപയോഗവും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഞെട്ടൽ ഉണ്ടാകാനിടയാകുകയും ചെയ്യും.
  • വൈകുന്നേര സമയത്ത് ചെയ്യുന്ന കഠിനമായ പ്രവർത്തികൾ ക്ഷീണവും ഉറക്ക തടസ്സവും ഉണ്ടാക്കിയേക്കാം.

പൂർണ്ണ ആരോഗ്യമുള്ള ആളുകളിൽ ഇടയ്ക്കിടെ ഇത്തരം ഹിപ്‌നിക് ജെർക്ക് ഉണ്ടാകാം. ഇതൊരു ശരീരശാസ്ത്രപരമായ സംഭവമാണ്. ഏതാണ്ട് എഴുപത് ശതമാനത്തോളം ആളുകളും അവരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ഉറക്കത്തിലെ ഞെട്ടൽ അനുഭവിച്ചിട്ടുണ്ടാകും. പത്ത് ശതമാനത്തോളം ആളുകൾ ഇത് എല്ലാ ദിവസവും നേരിടുന്നുണ്ട്. ഇത് ദോഷങ്ങളൊന്നും ഉണ്ടാക്കാത്തതാണ്. എന്നാൽ ചിലരിൽ ഈ ഞെട്ടൽ ഉറക്കക്കുറവ് സൃഷ്ടിക്കുകയും ചെയ്യുന്നു. 

Advertisement