‘മാമാ… റെയിൻബോയും യൂണികോൺ കുതിരേം കൂടി വരയ്ക്കണം’: നക്ഷത്ര ആഗ്രഹിച്ച വരകൾ

Advertisement

മാവേലിക്കര: അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്രയെന്ന പൊന്നുമോളെയോർത്ത് കരയാത്തവർ കാണില്ല. സ്വന്തം ചോരയിൽ പിറന്ന മകളെ കൊന്നു തള്ളാൻ എങ്ങനെ തോന്നിയെന്ന് ഓരോ അച്ഛനമ്മമാരും ആവർത്തിച്ചു ചോദിച്ചു കൊണ്ടേയിരിക്കുന്നു.

ആ പൊന്നുമോളെ ഓർത്ത് ഹൃദയം നുറുങ്ങുന്ന നാടിനു മുന്നിലേക്ക് ചങ്കുപിടയ്ക്കുന്നൊരു അനുഭവം പങ്കുവയ്ക്കുകയാണ് രാജേഷ് ആർ അപ്പുവെന്ന ചിത്രകാരൻ. തന്റെ വീടിന്റെ തൂണുകളിൽ റെയിൻബോയും യൂണികോൺ കുതിരയും കൂടി തന്നോട് നിർബന്ധം പിടിച്ച നക്ഷത്രമോളെക്കുറിച്ചാണ് രാജേഷ് വേദനയോടെ കുറിക്കുന്നത്. പ്രിയപ്പെട്ട കുഞ്ഞേ, ഇനി നിനക്ക് ചിറകുള്ള കുതിരയായി മഴവില്ലിനുള്ളിൽ പറന്നു പറന്നു നടക്കാമല്ലോ എന്ന വാക്കുകളോടെയാണ് രാജേഷിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് പിടികൂടി. മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ(62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്നെത്തി മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴു കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും മഹേഷ് ശ്രമം നടത്തി.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മാമാ, റെയിൻബോയും, യൂണികോൺ കുതിരേം കൂടി വരയ്ക്കണം

ഇന്നലെ മാവേലിക്കരയിൽ കൊല്ലപ്പെട്ട,നക്ഷത്രമോൾ

കഴിഞ്ഞ മാസം അവളുടെ വീട്ടിൽ ഞാൻ വരയ്ക്കാൻ ചെന്നപ്പോൾ എന്നോട് നിർബന്ധം പിടിച്ച് വരപ്പിച്ചതാണിത്

പ്രീയപ്പെട്ട കുഞ്ഞേ….

ഇനി നിനക്ക്,

ചിറകുള്ള കുതിരയായി, മഴവില്ലിനുള്ളിൽക്കൂടി പറന്നു, പറന്നു നടക്കാമല്ലോ….

Advertisement