ജീവിതം തിരികെ കിട്ടിയ സന്തോഷം, ഖത്തർ ജയിലിലായിരുന്ന മലപ്പുറം സ്വദേശി ഒടുവിൽ നാടണ‌‍ഞ്ഞു

മലപ്പുറം : നിർത്തിയിട്ട വാഹനം അബദ്ധത്തിൽ പിറകോട്ട് നീങ്ങി ഈജിപ്ത് സ്വദേശി മരിച്ചതിനെ തുടർന്ന് ഖത്തർ ജയിലിലായിരുന്ന മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ദീവേഷ് ലാൽ നാടണഞ്ഞു. ദയാധനമായി നിശ്ചയിച്ചിരുന്ന 46 ലക്ഷം രൂപ സമാഹരിക്കാൻ നാട് ഒരുമിച്ചിരുന്നു. ഈ പണം സ്വരൂപിക്കാൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും മുന്നിട്ടിറങ്ങിയിരുന്നു.

ജീവിത സ്വപ്നങ്ങൾ തിരികെ കിട്ടിയ സന്തോഷത്തിലാണ് ദീവേഷ് ലാൽ ആശ്വാസതീരമണഞ്ഞത്. മകളെ ആദ്യമായി നേരിൽ കണ്ടു.
കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം ദീവേഷ് ലാൽ ആദ്യം എത്തിയത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ കാണാനാണ്. വാക്കുകളിൽ ഒതുങ്ങാത്ത നന്ദിയുമായി ഒപ്പം കുടുംബവുമെത്തി.

ഇക്കഴിഞ്ഞ ജനുവരി എട്ടിനായിരുന്നു ദീവേഷിനെ ഖത്തർ ജയിലിലാക്കിയ അപകടം. ഡ്രൈവറായ ദീവേഷ് തന്റെ വാഹനം നിർത്തി കടയിലേക്ക് പോയ സമയത്ത് വാഹനം തനിയെ നിരങ്ങി നീങ്ങി ഈജിപ്ത് സ്വദേശി അപകടത്തിൽപ്പെടുകയായിരുന്നു. 46 ലക്ഷം രൂപ ദയാധനമായി നൽകിയാൽ ജയിൽ മോചിതനാകാമെന്നായിരുന്നു ഇളവ്. നാട്ടിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന ദീവേഷ് കടം കയറിയപ്പോഴായിരുന്നു വിദേശത്തേക്ക് പോയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ദീവേഷിന്റെ കുടുംബത്തിന് ചിന്തിക്കാൻ പോലും പറ്റാത്ത തുക സ്വരൂപിക്കാനായി നല്ലവരായ നാട്ടുകാർ സഹായ കൂട്ടായ്മ രൂപീകരിച്ചു. കുടുംബം സഹായം തേടി പാണക്കാടും എത്തി. സഹായ അഭ്യർത്ഥനയുമായി പാണക്കാട് മുനവ്വറലി തങ്ങൾ ഫേസ് ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെ മൂന്ന് ദിവസം കൊണ്ട് അക്കൌണ്ടിൽ 46 ലക്ഷമെത്തി. ആ കരുതലിലാണ് ദീവേഷ് നാട്ടിലെത്തിയത്.

Advertisement