മുതിർന്ന അഭിഭാഷകൻ എം.അശോകൻ അന്തരിച്ചു

Advertisement

കോഴിക്കോട്: പ്രമുഖ അഭിഭാഷകൻ കോഴിക്കോട് ഐ.എം.എ ഹാൾ റോഡ് ‘ഉദയ’ത്തിൽ എം. അശോകൻ (73) അന്തരിച്ചു.
മാവേലിക്കര കോടതിയിൽ കേസിന്റെ ആവശ്യത്തിനായെത്തിയ അദ്ദേഹം തിങ്കളാഴ്ച രാത്രി 9.30ഓടെ എറണാകുളത്തെ ഫ്ലാറ്റിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ കോഴിക്കോട്ടെത്തിച്ച മൃതദേഹം ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വച്ചു.
സംസ്‌കാരം ഇന്ന് (03-05-2023-ബുധൻ) ഉച്ചയ്ക്ക് 12:00-ന് മലാപ്പറമ്പ് ഗാന്ധി ആശ്രമത്തിനുസമീപം എടച്ചേരിതാഴം റോഡിനോട് ചേർന്നുള്ള തറവാട് വീട്ടുവളപ്പിൽ.
നിയമത്തിന്റെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച എം. അശോകൻ വിവിധ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളുടെയും പ്രമുഖ സ്വകാര്യ ആശുപത്രികളുടെയും നിയമോപദേശകനായിരുന്നു.
സംസ്ഥാനത്തികത്തും പുറത്തും നിരവധി കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായും പബ്ലിക് പ്രോസിക്യൂട്ടറായും ഹാജരായി.
2010ൽ കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റായിരുന്നു.
കാസർകോട് പഴയ ചൂരി മദ്രസ അദ്ധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറാണ്.
ടി.പി ചന്ദ്രശേഖരൻ വധക്കേസ്, അട്ടപ്പാടി മധു വധക്കേസ്, പ്രൊഫ. ടി.ജെ. ജോസഫ് കൈവെട്ട് കേസ്, കൊടിയത്തൂർ ഷഹീദ് ബാവ വധക്കേസ് എന്നീ കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായിരുന്നു.
അഭിഭാഷകവൃത്തിക്ക് പുറമെ കലാസാംസ്‌കാരിക, സാമൂഹ്യ രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു.
പരേതനായ മാവിളി കണ്ണാപ്പറമ്പത്ത് കുട്ടികൃഷ്ണൻ മേനോക്കിയുടെയും മണ്ടടി ദേവകി അമ്മയുടെയും മകനാണ്.
ഭാര്യ: സരള അശോകൻ.
മകൾ: ഡോ. വിധു അശോകൻ (പീഡിയാട്രിക്‌സ് അസോസിയേറ്റ് പ്രൊഫസർ, മലബാർ മെഡിക്കൽ കോളേജ്),
മരുമകൻ: ഡോ. രാജേഷ് ആർ പിള്ള (ഫിസിഷ്യൻ, ഒമാൻ ബദർ അൽസമ ആശുപത്രി).

Advertisement