വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഔദ്യോഗിക വാഹനം വരുന്നു

തിരുവനന്തപുരം: വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഔദ്യോഗിക വാഹനം അനുവദിക്കണമെന്ന് വ്യാഴാഴ്ച ചേര്‍ന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

മൂന്ന് വില്ലേജ് ഓഫീസുകള്‍ക്ക് ഒന്ന് എന്ന കണക്കില്‍ ഇലക്ട്രിക് കാര്‍ നല്‍കാനാണ് ശുപാര്‍ശ നല്‍കിയത്. ആഴ്ചയില്‍ രണ്ട് ദിവസം ഒരു വില്ലേജ് ഓഫീസര്‍ക്ക് എന്ന കണക്കില്‍. തഹസീല്‍ദാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഔദ്യോഗിക വാഹനം ഇപ്പോഴുള്ളത്.

നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സര്‍ക്കാരിനും പ്ലാനിംഗ് ബോര്‍ഡിനും ശുപാര്‍ശ നല്‍കിയെങ്കിലും സാമ്ബത്തിക പരാധീനത കാട്ടി ഫയല്‍ മടക്കുകയായിരുന്നു. 1666 വില്ലേജ് ഓഫീസുകളാണ് സംസ്ഥാനത്തുള്ളത്. കോമ്ബന്‍സേറ്ററി അലവന്‍സായി വില്ലേജ് ഓഫീസര്‍മാര്‍ക്ക് കിട്ടിയിരുന്ന 130 രൂപ കഴിഞ്ഞ ശമ്ബള പരിഷ്‌കരണ വേളയില്‍ 1500 ആക്കിയെങ്കിലും അപര്യാപ്തമാണ്. കെട്ടിക്കിടന്ന വസ്തു തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ തുടങ്ങിയപ്പോഴാണ് വാഹനങ്ങളുടെ അത്യാവശ്യം വ്യക്തമായത്.

വസ്തു തരംമാറ്റത്തിനുള്ള പ്രത്യേക തീര്‍പ്പാക്കല്‍ പദ്ധതിക്ക് 350 വാഹനങ്ങള്‍ ആറു മാസത്തേക്ക് വാടകയ്ക്ക് എടുക്കുകയായിരുന്നു. റവന്യുറിക്കവറി- ബാങ്ക് വായ്പ, നികുതി, വൈദ്യുതി ബില്‍ തുടങ്ങിയവ കുടിശിക ആയാല്‍ റിക്കവറി നടത്തി പണം ഈടാക്കേണ്ടത് വില്ലേജ് ഓഫീസറാണ്. ചില മാസങ്ങളില്‍ ടാര്‍ജറ്രുമുണ്ട്. നോട്ടീസ് പതിക്കാനും റിക്കവറി നടത്താനുമായി ഒരേ സ്ഥലത്ത് പലതവണ പോകേണ്ടിവരും.

കെട്ടിടങ്ങളുടെ ഒറ്റത്തവണ നികുതി, കെട്ടിടം അളന്ന് താലൂക്കിലേക്ക് റിപ്പോര്‍ട്ട് നല്‍കണം, വസ്തുതരംമാറ്റം, വെള്ളക്കെട്ട് പരിശോധന, അതിര്‍ത്തി തര്‍ക്കങ്ങള്‍, ക്രിമിനല്‍ കേസുകളില്‍ പൊലീസിന് സംഭവം നടന്ന സ്ഥലത്തിന്റെ സ്‌ക്രീന്‍പ്‌ളാന്‍ വരച്ചുനല്‍കുക, എക്‌സൈസ് വ്യാജമദ്യമോ വാറ്റോ പിടികൂടിയാല്‍ സ്ഥലത്തിന്റെ സീന്‍ വരച്ചുനല്‍കുക, പോക്‌സോ കേസുകളില്‍ സ്ഥലത്തിന്റെ സീന്‍ റിപ്പോര്‍ട്ട് വരച്ചുകൊടുക്കുക എന്നിവയെല്ലാം വില്ലേജ് ഓഫീസമാരുടെ ചുമതലകളാണ്. പൊലീസ്, എക്‌സൈസ് കേസുകളില്‍ കോടതിയില്‍ സാക്ഷി പറയാനും പോകണം. കോടതിയില്‍ നിന്നുള്ള ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇതിന് കിട്ടുന്ന പ്രതിഫലം.

Advertisement