രോഗം ഭേദമായിട്ടും മാനസികാരോഗ്യകേന്ദ്രത്തില്‍ കഴിയുന്നത് 100 പേർ; ഏറ്റെടുക്കാൻ ആളില്ല

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ പൂർത്തിയാക്കിയിട്ടും ബന്ധുക്കൾ ഏറ്റെടുക്കാതെ കഴിയുന്നത് 100 പേർ. രോഗം ഭേദമായ 43 സ്ത്രീകളെയും 57 പുരുഷന്മാരുമാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ തുടരുന്നതെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ഇതിൽ 24 സത്രീകളും 42 പുരുഷൻമാരും ഇതര സംസ്ഥാനക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബന്ധുക്കൾ ഏറ്റെടുക്കാത്തവരെ സർക്കാർ നിയോഗിച്ചിട്ടുള്ള പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റണമെന്നു കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

കഴിഞ്ഞ നവംബർ 17ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് പേരൂർക്കട മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ച് നിരവധി നിർദേശങ്ങൾ സർക്കാരിന് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ജനുവരി 5ന് ഉന്നതതല യോഗം വിളിച്ചു ചേർത്തു. കമ്മിഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ നടപ്പിലാക്കുന്ന മാസ്റ്റർ പ്ലാനിന് എസ്റ്റിമേറ്റ് തയാറാക്കാനും അടുത്ത വർഷത്തെ പ്ലാൻ ഫണ്ടിൽ തുക വകയിരുത്താനും തീരുമാനിച്ചതായി ഡയറക്ടർ അറിയിച്ചു. മാസ്റ്റർ പ്ലാൻ ഉടൻ നടപ്പിലാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.

നാലര കോടി മുടക്കി ആധുനിക സൈക്യാട്രിക് വാർഡും 1.1 കോടി മുടക്കി മെയിൽ ഫൊറൻസിക് വാർഡും നിർമിക്കും. ആധുനിക മനോരോഗ ചികിത്സയ്ക്ക് പുതിയ ഒ.പി. ബ്ലോക്ക് സ്ഥാപിക്കും. ജീവനക്കാരുടെ എണ്ണം വർധിപ്പിക്കും. ഭക്ഷണമുണ്ടാക്കാനുള്ള ചുമതല കുടുംബശ്രീക്ക് കൈമാറുന്നത് ആലോചിക്കാവുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിലെ സുരക്ഷാ സംവിധാനം സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയിൽ സിസിടിവി സ്ഥാപിക്കും. ശിക്ഷാ കാലാവധി കഴിഞ്ഞ ഫൊറൻസിക് സെല്ലിൽ കഴിയുന്ന രോഗികളെ ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ പുനരധിവാസ കേന്ദ്രങ്ങളെ ഏൽപ്പിക്കുമെന്നും ഡയറക്ടർ ഡോ.വി.മീനാക്ഷി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

മാനസിക രോഗം ഭേദമായി തിരികെ ജയിലിൽ പ്രവേശിക്കുന്ന തടവുകാരുടെ പുനരധിവാസത്തിനായി കമ്മിഷൻ നിർദേശാനുസരണം തിരുവനന്തപുരം സെൻട്രൽ ജയിലിൽ മെന്റൽ ഹെൽത്ത് കെയർ സെന്റർ സ്ഥാപിക്കുമെന്ന് ജയിൽ ഡിജിപി അറിയിച്ചു. കണ്ണൂർ, വിയ്യൂർ ജയിലുകളിൽ ഇവ നിലവിലുണ്ട്. കെട്ടിട നിർമാണത്തിന് മണ്ണ് പരിശോധന തുടങ്ങി. എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കും. കേന്ദ്രത്തിലേക്ക് മെഡിക്കൽ ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാനുള്ള പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചതായി ഡിജിപിക്ക് വേണ്ടി ഡിഐജി എം.കെ.വിനോദ് കുമാർ അറിയിച്ചു.

Advertisement