13 കാരിയെ ബലാത്സംഗം ചെയ്തത് 100ഓളം പേർ; പ്രതികളിൽ രണ്ടാനച്ഛനും മാധ്യമപ്രവർത്തകനും പൊലീസുകാരനും ബി.ജെ.പി നേതാവും

ചെന്നൈ: 13കാരിയെ 100-ലധികം പേർ ബലാത്സംഗം ചെയ്യുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ എട്ട് പേരെ പോക്‌സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

മാധ്യമപ്രവർത്തകൻ, പൊലീസ് ഉദ്യോഗസ്ഥൻ, ബി.ജെ.പി പ്രവർത്തകൻ എന്നിവരുൾപ്പെടെ 13 പേർക്ക് 20 വർഷം വീതം തടവ് ശിക്ഷയും ലഭിച്ചു. കേസിൽ 21 പ്രതികളാണുള്ളത്.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരിൽ ഇരയുടെ രണ്ടാനച്ഛനും രണ്ടാനമ്മയും ഉൾപ്പെടുന്നു. സസ്‌പെൻഷനിലായ, എന്നൂർ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടർ സി. പുഗലേന്തി, ബി.ജെ.പി പ്രവർത്തകൻ ജി. രാജേന്ദ്രൻ, ഒരു സ്വകാര്യ മാധ്യമ ചാനലിലെ മാധ്യമപ്രവർത്തകൻ വിനോബാജി എന്നിവർ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

പോക്‌സോ കേസുകൾ കൈകാര്യം ചെയ്യാൻ രൂപവത്കരിച്ച പ്രത്യേക കോടതി സെപ്തംബർ 15 ന് കേസിലെ 21 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

പ്രതികളുടെ ജയിൽ ശിക്ഷക്ക് പുറമെ ഇരക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും കോടതി സർക്കാരിനോട് നിർദേശിച്ചു. 21 പേർക്കെതിരെ ചുമത്തിയ പിഴത്തുകയായ രണ്ട് ലക്ഷം രൂപയും പെൺകുട്ടിക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു.

ഇരയുടെ അമ്മയുടെ പരാതിയെത്തുടർന്നാണ് 26 പേർക്കെതിരെ വാഷർമെൻപേട്ടയിലെ വനിതാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 560 പേജിലധികം വരുന്ന കുറ്റപത്രം 2020 നവംബറിൽ ഫയൽ ചെയ്തു.

26 പ്രതികളിൽ നാല് പേർ ഒളിവിൽ പോകുകയും ഒരാൾ കേസിന്റെ വിചാരണക്കിടെ മരിക്കുകയും ചെയ്തു. തുടർന്ന് കേസ് വിഭജിച്ച്‌ ബാക്കി 21 പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ കേസ് നടത്തുകയായിരുന്നു.

Advertisement