പ്രഥമാധ്യാപിക ശ്രീജയുടെ ആത്മഹത്യ, വിദ്യാഭ്യാസമേഖലയിലെ അന്യായങ്ങളിലേക്കു വിരല്‍ ചൂണ്ടുന്നു

Advertisement

വൈക്കം ∙ ജോലിഭാരം താങ്ങാൻ കഴിയില്ലെന്നും സ്ഥാനക്കയറ്റം റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കു നൽകിയ അപേക്ഷ നിരസിച്ചതിൽ മനംനൊന്ത് പ്രധാനാധ്യാപിക ജീവനൊടുക്കിയ സംഭവം വിദ്യാഭ്യാസമേഖലയിലെ അനഭിലഷണീയ പ്രവണതകളിലേക്കും അന്യായങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. വൈക്കം പോളശേരി ഗവ. എൽപി സ്കൂളിലെ പ്രഥമാധ്യാപിക മാളിയേക്കൽ പുത്തൻതറ കെ.ശ്രീജയെ (48) വെള്ളിയാഴ്ച സന്ധ്യയ്ക്ക് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജോലിഭാരം മൂലമുണ്ടായ മാനസികസമ്മർദമാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു.

പഴയരീതിയിലല്ല സ്കൂളുകളില്‍ ഉച്ചഭക്ഷണം, കുട്ടികളുടെ യാത്രാമാര്‍ഗം, വിവിധ ബോധന പരിപാടികള്‍, കംപ്യൂട്ടറിലൂടെ ഇവ മേലാവിലേക്ക് കൃത്യമായ റിപ്പോര്‍ട്ട് അയയ്ക്കല്‍, അധ്യാപകരുടെ ശമ്പളം ,ആനുകൂല്യങ്ങള്‍ എന്നിവയുടെ ബില്ലുകള്‍, ദിനാചരണങ്ങള്‍ ,മീറ്റിംങുകള്‍ പഞ്ചായത്ത് ഏല്‍പ്പിക്കുന്ന പരിപാടികള്‍ എന്നിങ്ങനെ പ്രഥമാധ്യാപകര്‍ ഭരണം മുതല്‍ ക്ളറിക്കല്‍ ജോലികള്‍ എന്നിങ്ങനെ എല്ലാ ജോലികളുമായി വലയുന്ന സ്ഥിതിയാണ്. ശമ്പള വര്‍ദ്ധനയോ മറ്റ് ആനുകൂല്യങ്ങളോ ഇതിന്മേലുള്ള ചില കേസുകള്‍ മൂലം കൈയില്‍ കിട്ടിയിട്ടില്ല. ഇത്തരം സമ്മര്‍ദ്ദങ്ങളില്‍ വല്ലാതെ ഉഴലുകയും സഹായത്തിനാരുമില്ലാത്തവര്‍ പതറിപ്പോവുകയും ചെയ്യുകയാണ്. ജോലിവിട്ടുമാറാനുള്ള ശ്രമം അംഗീകരിച്ചില്ല.


ഭർത്താവ് രമേശ് കുമാർ വൈക്കം മുൻസിഫ് കോടതി ജോലിക്കാരനാണ്. മകൻ: കാർത്തിക്. ശ്രീജയുടെ സംസ്കാരം നടത്തി. വൈക്കം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. വൈക്കം ഗവ. ഗേൾസ് ഹൈസ്കൂളിൽ അധ്യാപികയായിരുന്ന ശ്രീജയ്ക്ക് ജൂൺ ഒന്നിനാണ് കീഴൂർ ജിഎൽപിഎസിൽ പ്രധാനാധ്യാപിക ആയി സ്ഥാനക്കയറ്റം ലഭിച്ചത്. പിറ്റേന്ന് ജോലിയിൽ പ്രവേശിച്ചെങ്കിലും കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയുടെ സമ്മർദം താങ്ങാൻ കഴിയാത്തതിനാൽ അവധിയിൽ പ്രവേശിച്ചു.


ഭർത്താവ് രോഗിയാണെന്നുള്ള കാരണം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ ഏഴിന് ശ്രീജ വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നൽകി. വൈക്കം മേഖലയിൽ മുൻപ് ജോലി ചെയ്തിരുന്ന സ്കൂളിൽ അധ്യാപികയായിത്തന്നെ നിയമിക്കണമെന്നായിരുന്നു അപേക്ഷ. അപേക്ഷ പരിഗണിക്കാൻ ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്ന് കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ശ്രീജയ്ക്കു മറുപടി നൽകി. ഓഗസ്റ്റ് നാലിനാണ് ശ്രീജയ്ക്ക് വൈക്കം പോളശേരി എൽപിഎസിലേക്കു സ്ഥലംമാറ്റം ലഭിച്ചത്.

∙ ‘‘സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ മുതൽ പല കാരണത്താൽ അമ്മ മാനസിക സമ്മർദം അനുഭവിച്ചിരുന്നു. കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പൂർണ മാനസികാരോഗ്യം വീണ്ടെടുക്കാൻ, ഭാരിച്ച ഉത്തരവാദിത്തമുള്ള ജോലികളിൽ നിന്ന് ഒഴിവാകണമെന്ന് ഡോക്ടറും നിർദേശിച്ചു. തുടർന്നാണ് ഹെഡ്മിസ്ട്രസായി ലഭിച്ച സ്ഥാനക്കയറ്റം റദ്ദാക്കി അധ്യാപിക തസ്തികയിൽ തുടരാൻ അനുവദിക്കണമെന്ന് അപേക്ഷ നൽകിയത്. അധികൃതരിൽ നിന്നു പരിഗണന ലഭിച്ചില്ല. ബന്ധപ്പെട്ട അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് മകന്‍ കാർ‍ത്തിക് രമേശ് പറഞ്ഞു.

Advertisement