ടിക്കറ്റ് കീറി സുമംഗലി നേടിയത് സമാനതകളില്ലാത്ത അംഗീകാരം

Advertisement

മണ്ണഞ്ചേരി: കെഎസ്ആർടിസിയിൽ നിന്ന് അടുത്തകാലത്ത് പുറത്ത് വരുന്നതൊന്നും നല്ല വാർത്തകളല്ല. എന്നാൽ ഇതാ ആശ്വാസമായി ഒരു വാർത്ത.

ഡബിൾ ബെല്ലടിക്കാൻ മാത്രമല്ല, എത്ര തിരക്കായാലും യാത്രക്കാരന് കൃത്യമായി ടിക്കറ്റ് നൽകി പണം വാങ്ങാനുമറിയാം സുമംഗലിക്ക്. കൂടുതൽ യാത്രക്കാരെ കയറ്റുന്നതിനും മിടുക്കുണ്ട്. ഇതിനുള്ള അംഗീകാരമാണ് ഇപ്പോൾ തേടിയെത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഓണത്തിനുശേഷം വന്ന പ്രവൃത്തിദിനത്തിൽ റെക്കോഡ് കളക്ഷൻ നേടുന്നവരെ കണ്ടെത്താൻ കെ.എസ്.ആർ.ടി.സി. മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. എന്നാൽപ്പിന്നെ ഒരുകൈ നോക്കാമെന്ന് സുമംഗലിയും ഡ്രൈവർ രാജേഷും കൂടി തീരുമാനിച്ചു.

ആലപ്പുഴ- വൈക്കം റൂട്ടിൽ രണ്ടു സർവീസും ആലപ്പുഴ- മങ്കൊമ്പ് റൂട്ടിൽ ഒരു സർവീസും നടത്തി യാത്രക്കാരിൽനിന്നു പിരിച്ചെടുത്തത് 18,000 രൂപ. ഇത്രയധികം തുക കളക്ഷനെടുക്കുന്ന സംസ്ഥാനത്തെ ഏക വനിതാ കണ്ടക്ടർ എന്ന ബഹുമതിയും ഇതിലൂടെ സുമംഗലി സ്വന്തമാക്കി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി വനിതയായി സുമംഗലി മാത്രമേയുള്ളൂ.

13 വർഷമായി ആലപ്പുഴ ഡിപ്പോയിൽ കണ്ടക്ടറാണ് സുമംഗലി. വടകര ജോയിന്റ് ബി.ഡി.ഒ. മണ്ണഞ്ചേരി ഞാണ്ടിരിക്കൽ ലക്ഷ്മിഭവനിൽ ജി. ഹരികുമാറിന്റെ ഭാര്യയാണ്. കീർത്തന, ലക്ഷ്മി എന്നീ രണ്ടു മക്കളും ഇവർക്കുണ്ട്. റെക്കോഡ് കളക്ഷൻ നേടിയതിനുള്ള അവാർഡ് കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകറിൽനിന്ന് ഏറ്റുവാങ്ങി.

Advertisement