കൊച്ചിയിലെത്തിയാൽ ഇനി ഇവിടെ താമസിക്കാം, ഷീ ലോഡ്ജ് റെഡി

Advertisement

കൊച്ചി: നഗരത്തിന്റെ അതിഥികളായി എത്തുന്ന വനിതകൾക്ക് സുരക്ഷിത താവളമൊരുക്കാൻ കൊച്ചി കോർപ്പറേഷൻ എറണാകുളം നോർത്തിലെ പരമാര റോഡിൽ ഒരുക്കുന്ന ഷീലോഡ്ജ് ഉദ്ഘാടനം ചെയ്തു.

വൈകിട്ട് മൂന്നിന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. മേയർ എം.അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു

കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ ലിബ്ര ഹോട്ടലിന്റെ ഒരുഭാഗം 4.80 കോടി രൂപ ചെലവിൽ നവീകരിച്ചാണ്‌ ഷീ ലോഡ്‌ജ്‌ ഒരുക്കിയത്‌. ഇതേ കെട്ടിടത്തിലാണ് പത്ത് രൂപയ്ക്ക് ഊണും കുറഞ്ഞവിലയ്ക്ക് മറ്റ് ഭക്ഷണങ്ങളും ലഭിക്കുന്ന കോർപ്പറേഷന്റെ തന്നെ സമൃദ്ധി@കൊച്ചി ഭക്ഷണശാല.

ഡോർമിറ്ററി താമസത്തിന് ദിവസം 100 രൂപയാകും നിരക്ക്. മുറിക്ക് 300 രൂപയാകും. നിരക്കുകൾ കോർപ്പറേഷൻ കൗൺസിൽ യോഗത്തിന്റെ പരിഗണനയിലാണ്. ഒരാഴ്ചയ്ക്കകം അന്തിമതീരുമാനമാകും. ഷീലോഡ്ജ് പ്രവർത്തനം അടുത്തയാഴ്ചയേ തുടങ്ങൂ. ആദ്യത്തെ ആറുമാസം ലോഡ്ജ് കോർപ്പറേഷൻ നേരിട്ട് നടത്തും. പിന്നീട് സമൃദ്ധിയെപ്പോലെ കുടുംബശ്രീക്ക് ചുമതല കൈമാറുമെന്ന് വികസനകാര്യ സമിതി ചെയർമാൻ പി.ആർ. റെനീഷ് പറഞ്ഞു. സൗകര്യങ്ങളുടെ കാര്യത്തിൽ കേരളത്തിലെ ഏറ്റവും മികച്ച ഷീലോഡ്ജായി ഇതിനെ മാറ്റുമെന്നും റെനീഷ് പറഞ്ഞു.

വീട്ടുകാർക്ക് ഒപ്പമെത്തുന്ന 14 വയസുവരെയുള്ള ആൺകുട്ടികൾക്ക് ലോഡ്ജിൽ താമസിക്കാം. വാർഡനും സെക്യൂരിറ്റിയുമുണ്ടാകും. 97 മുറികളിൽ പകുതി ഹോസ്റ്റലിനായി നീക്കിവയ്ക്കും. മുറികളെല്ലാം ബാത്ത്റൂം അറ്റാച്ച്‌ഡ് ആണ്. കുറച്ചുമുറികൾ ഉടനെ തന്നെ എ.സിയുമാക്കാൻ ആലോചനയുണ്ട്. 15, 10 മുറികളുള്ള രണ്ട് ഡോർമിറ്ററികളുമുണ്ടാകും. സാമ്പത്തികമായി പിന്നാക്കമായവർക്ക് നിരക്കിളവും പരിഗണനയിലുണ്ട്.

Advertisement