പാർസലിൽ വന്ന കർട്ടൻ, അതിൽ നിന്ന് വേർതിരിച്ചെടുക്കുന്നത് നിരോധിത വസ്‍തുക്കളും; പ്രവാസി പിടിയിൽ

Advertisement

ദോഹ: നാല് കിലോഗ്രാമിലധികം മയക്കുമരുന്നുമായി ഖത്തറിൽ പ്രവാസി പിടിയിലായി. പരിശോധനാ സംവധാനങ്ങളെയും ഉദ്യോഗസ്ഥരെയും അതിവിദഗ്ധമായി കബളിപ്പിച്ച് മയക്കുമരുന്ന് എത്തിച്ച ഇയാളെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‍സ്‍മെന്റ് ആണ് അറസ്റ്റ് ചെയ്‍തത്.

പാർസലിലൂടെ ഇയാൾക്ക് എത്തിയ കർട്ടനുകളിലായിരുന്നു ഉദ്യോഗസ്ഥരുടെ സംശയം. ഷാബു എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മെറ്റാംഫിറ്റമീൻ എന്ന ലഹരി പദാർത്ഥം ദ്രാവക രൂപത്തിലാക്കി അത് കർട്ടനുകളിൽ ഒഴിച്ച ശേഷമാണ് നനഞ്ഞ കർട്ടനുകൾ ഇയാൾക്ക് പാർസലിൽ എത്തിയത്. ഇവയിൽ നിന്ന് മയക്കുമരുന്ന് വേർതിരിച്ചെടുത്ത ശേഷം ലഹരി പദാർത്ഥങ്ങൾ പ്രത്യേക കണ്ടെയ്‍നറുകളിലാക്കി ഇയാൾ താമസസ്ഥലത്ത് സൂക്ഷിച്ചു.

മയക്കുമരുന്ന് കടത്ത് സംബന്ധിച്ച തെളിവുകൾ നിരത്തി ഇയാളെ ചോദ്യം ചെയ്തപ്പോൾ ദ്രാവക രൂപത്തിലുള്ള മെറ്റാംഫിറ്റമീൻ ഉപയോഗിച്ച് നനച്ച തുണികളിൽ നിന്ന് മയക്കുമരുന്ന് വേർതിരിച്ചെടുക്കുന്ന രീതികളും ഇതിന് ഉപയോഗിക്കുന്ന സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇയാൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെളിപ്പെടുത്തി. തുടർ‍ നടപടികൾക്കായി ഇയാളെയും പിടിച്ചെടുത്ത സാധനങ്ങളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Advertisement