മലയാളിയായ കാർ ടെക്നീഷ്യന് ബിഗ് ടിക്കറ്റിലൂടെ 44 കോടിയുടെ സമ്മാനം

Advertisement

അബുദാബി: കഴിഞ്ഞ ദിവസം രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ 244-ാം സീരിസ് നറുക്കെടുപ്പിൽ മലയാളി യുവാവിന് 44 കോടി രൂപയുടെ ( രണ്ട് കോടി ദിർഹം) ഒന്നാം സമ്മാനം. ജെബൽ അലിയിലെ ഒരു കാർ‌ കമ്പനിയിൽ ഹെൽപറായി ജോലി ചെയ്യുന്ന പ്രദീപ് കെ.പിയാണ് ബിഗ് ടിക്കറ്റിലൂടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ മലയാളികളിൽ ഏറ്റവും ഒടുവിലത്തെയാളായി മാറിയത്.

സഹപ്രവർത്തകരായ ഇരുപത് പേർ ചേർന്നെടുത്ത ടിക്കറ്റിലൂടെയാണ് പ്രദീപിനെ ഭാഗ്യം തേടിയെത്തിയത്. അതുകൊണ്ടുതന്നെ സമ്മാനത്തുകയും ഇവർ 20 പേരും വീതിച്ചെടുക്കും.

കഴിഞ്ഞ ഒരു വർഷമായി സുഹൃത്തുക്കൾക്കൊപ്പം ഭാഗ്യം പരീക്ഷിക്കുകയാണ് പ്രദീപ്. സമ്മാന വിവരം അറിയിച്ചുകൊണ്ട് നറുക്കെടുപ്പ് വേദിയിൽ വെച്ച് ബിഗ് ടിക്കറ്റ് അവതാരകർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അതിയായ സന്തോഷം പ്രകടിപ്പിച്ച പ്രദീപിന്, എന്നാൽ ആ വിവരം പൂർണമായി വിശ്വസിക്കാൻ പോലും സാധിച്ചില്ല. സമ്മാനമായി ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ, ഇന്നത്തെ നറുക്കെടുപ്പിൽ വിജയിക്കുമെന്ന് ഒരു തരത്തിലുമുള്ള പ്രതീക്ഷയില്ലാതിരുന്നതിനാൽ പണം ചെലവഴിക്കുന്നത് സംബന്ധിച്ച് ഒരു ആലോചനയും ഉണ്ടായിട്ടില്ലെന്നായിരുന്നു പ്രതികരണം.

കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റിന്റെ 244-ാം സീരീസ് ‘മൈറ്റി – 20 മില്യൻ’ നറുക്കെടുപ്പിൽ എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാർക്ക് തന്നെയായിരുന്നു. അബ്ദുൽ ഖാദർ ഡാനിഷ് ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം സ്വന്തമാക്കിയത്. 252203 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് 1,000,000 ദിർഹം ലഭിച്ചത്. മൂന്നാം സമ്മാനമായ 100,000 ദിർഹം സ്വന്തമാക്കിയത് ആലമ്പറമ്പിൽ അബൂ ഷംസുദ്ദീനാണ്. 201861 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് അദ്ദേഹം സമ്മാനാർഹനായത്. 064378 എന്ന ടിക്കറ്റ് നമ്പറിലൂടെ മനോജ് മരിയ ജോസഫ് ഇരുത്തയം 50,000 ദിർഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കി.

ഇതാദ്യമായി രണ്ട് വിജയികൾക്ക് ജീപ്പ് ഗ്രാന്റ് ചെറോക് കാർ സമ്മാനമായി നേടാനുള്ള അവസരവും ബിഗ് ടിക്കറ്റിലൂടെ ഇക്കുറി ലഭിച്ചു. ജീപ്പ് ഗ്രാന്റ് ചെറോക് സീരീസ് – എട്ട് സ്വന്തമാക്കിയ രണ്ടുപേരും ഇന്ത്യക്കാരാണ്. 010952 എന്ന ടിക്കറ്റ് നമ്പറിലൂടെ ഷാജി പുതിയ വീട്ടിൽ നാരായണൻ പുതിയ വീട്ടിലും 016090 എന്ന ടിക്കറ്റ് നമ്പറിലൂടെ മുഹമ്മദ് അലി പാറത്തൊടിയുമാണ് വിജയികളായത്.

നവംബറിൽ നടക്കാനിരിക്കുന്ന അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് 2.5 കോടി ദിർഹമായിരിക്കും (50 കോടിയോളം ഇന്ത്യൻ രൂപ) ഒന്നാം സമ്മാനം. 10 ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനവും 1,00,000 ദിർഹത്തിന്റെ മൂന്നാം സമ്മാനവും 50,000 ദിർഹത്തിന്റെ നാലാം സമ്മാനവും അന്ന് വിജയികളെ കാത്തിരിക്കുന്നു. കൂടുതൽ പേർക്ക് വിജയികളാവാൻ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി 10 ഭാഗ്യവാന്മാർക്ക് 20,000 ദിർഹം വീതവും സമ്മാനം നൽകും. വരാനിരിക്കുന്ന നറുക്കെടുപ്പുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾക്കും മറ്റ് അറിയിപ്പുകൾക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കാം.

Advertisement