ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ; ശിക്ഷ ലഭിച്ച എട്ട് പേരും മുൻ നാവികസേനാ ഉദ്യോഗസ്ഥർ

Advertisement

ഖത്തർ : മലയാളി ഉൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. സെയിലർ രാകേഷ് എന്ന മലയാളിക്ക് ഉൾപ്പെടെയാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. വ്യവസായ ആവശ്യത്തിന് ഖത്തറിലെത്തിയ മുൻ നാവികസേനാ ഉദ്യോഗസ്ഥർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ജനുവരി 14ന് കസ്റ്റഡിയിലെടുത്ത ഇവർ ഇതുവരെ ഏകാന്ത തടവിലായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത വിവരം സെപ്തംബർ മാസത്തിൽ മാത്രമാണ് ദോഹയിലെ ഇന്ത്യൻ എംബസി അറിഞ്ഞത്. ഇവർക്കെതിരായ കുറ്റകൃത്യമെന്താണെന്ന് ഖത്തർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ഖത്തറിന്റെ ശിക്ഷാവിധിയിൽ ഇന്ത്യ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തി. നാവികസേനയിലെ ഒഫിസർ റാങ്കിലുണ്ടായിരുന്ന ഒരാളുൾക്കുൾപ്പെടെ എതിരെയാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. എട്ട് പേരുടേയും കുടുംബാംഗങ്ങളുമായും അവരുടെ അഭിഭാഷകരുമായും നിരന്തരം ബന്ധപ്പെടുകയാണെന്നും ഇവർക്ക് നിയമസഹായം നൽകുന്ന കാര്യം പരിശോധിച്ച് വരികയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഖത്തർ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ലാത്ത പശ്ചാത്തലത്തിൽ ഇപ്പോൾ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അൽ ദഹറ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് എട്ടുപേരും. ഒരു വർഷമായി ഇവർ ഏകാന്ത തടവിലായിരുന്നെന്ന വിവരം ഇന്ത്യയ്ക്ക് ലഭ്യമായത് ഇപ്പോഴാണ് എന്നതും പ്രശ്നത്തിന്റെ സങ്കീർണത വർധിപ്പിക്കുന്നുണ്ട്. വിഷയം ഖത്തർ അധികൃതരുമായി സംസാരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Advertisement