ഇന്ത്യന്‍ പതാകയില്‍ ഓട്ടോഗ്രാഫ് ചോദിച്ച് വനിത; പ്രശംസ പിടിച്ചുപറ്റി നീരജിന്റെ പ്രവൃത്തി

Advertisement

ബുഡാപെസ്റ്റ്∙: കളത്തിന് പുറത്തും രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച് നീരജ് ചോപ്ര. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിനായി ആദ്യ സ്വര്‍ണമെന്ന നേട്ടം സ്വന്തമാക്കിയ 25-കാരന്റെ മറ്റൊരു പ്രവൃത്തിയും ഏറെ പ്രശംസിക്കപ്പെടുകയാണ്.

മെഡല്‍ നേട്ടത്തിന് ശേഷം ഹംഗേറിയന്‍ വനിത നീരജിനടുത്ത് ഓട്ടോഗ്രാഫിനായെത്തി. അവര്‍ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത് ഇന്ത്യന്‍ പതാകയിലായിരുന്നു. പതാകയില്‍ ഓട്ടോഗ്രാഫ് നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാര്‍ കൂടിയായ നീരജ് അറിയിച്ചു. ശേഷം അവരുടെ ടിഷര്‍ട്ടിന്റെ സ്ലീവില്‍ ഓട്ടോഗ്രാഫ് നല്‍കുകയായിരുന്നു.

ജൊനാതന്‍ സെല്‍വരാജ് എന്ന മാധ്യമപ്രവര്‍ത്തകന്‍ പകര്‍ത്തിയ ചിത്രം സമൂഹമാധ്യമത്തിൽ വൈറലായി. നിരവധിപ്പേരാണ് നീരജിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഒളിംപിക്‌സിലും ലോക അത്‌ലറ്റിക്‌സിലും ഏഷ്യന്‍ ഗെയിംസിലും ഡയമണ്ട് ലീഗിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ് നീരജ്.

Advertisement