17 മണിക്കൂറുകൾ നീണ്ട സങ്കീർണമായ ശസ്‍ത്രക്രിയ വിജയംകണ്ടു; സൽമയും സാറയും ഇനി രണ്ട് രണ്ടായി ജീവിക്കും

Advertisement

റിയാദ്: ഒട്ടിച്ചേർന്ന തലകളുമായി ജീവിച്ച സയാമീസ് ഇരട്ടകളായ സൽമായെയും സാറയെയും അതീവ സങ്കീർണമായ ശസ്‍ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി. സൗദി തലസ്ഥാനമായ റിയാദിലെ ആശുപത്രിയിൽ 31 വിദഗ്ധ ഡോക്ടർമാരും നിരവധി അനുബന്ധ ജീവനക്കാരും നഴ്‍സുമാരും സാങ്കേതിക വിദഗ്ധരും സ്‍പെഷ്യലിസ്റ്റുകളുമെല്ലാം പങ്കെടുത്ത ശസ്‍ത്രക്രിയ 17 മണിക്കൂർ നീണ്ടു.

ഈജിപ്‍ഷ്യൻ സ്വദേശികളായ സൽമയെയും സാറയെയും ശസ്‍ത്രക്രിയക്ക് വേണ്ടിയാണ് സൗദി അറേബ്യയിൽ എത്തിച്ചത്. സൗദി ഭരണാധികാരിക്ക് കീഴിൽ പ്രവർത്തിക്കുന്ന കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്ററിന്റെ സൂപ്പർവൈസർ ജനറലും സൗദി റോയൽ കോർട്ട് അഡ്വൈസറും പ്രശസ്‍ത ശസ്‍ത്രക്രിയാ വിദഗ്ധനുമായ ഡോ. അബ്‍ദുല്ല അൽ റബീഅയുടെ നേതൃത്വത്തിലായിരുന്നു വേർപെടുത്തൽ ശസ്‍ത്രക്രിയ നടത്തിയത്. സൗദി ഭരണകൂടമാണ് സൽമയെയും സാറയെയും കുടുംബത്തോടൊപ്പം രാജ്യത്ത് എത്തിച്ചതുൾപ്പെടെ ചികിത്സയുടെ എല്ലാ ചെലവുകളും വഹിച്ചത്. സയാമീസ് ഇരട്ടകളെ വേർപ്പെടുത്താനുള്ള സൗദിയുടെ പ്രത്യേക പദ്ധതിക്ക് കീഴിൽ നടത്തിയ 57-ാമത്തെ ശസ്‍ത്രക്രിയയായിരുന്നു ഇത്. ഇതുവരെ 23 രാജ്യങ്ങളിൽ നിന്നുള്ള 130 സയാമീസ് ഇരട്ടകളെ പദ്ധതിക്ക് കീഴിൽ വേർപെടുത്തിയിട്ടുണ്ടെന്ന് ഡോ. അബ്‍ദുല്ല അൽ റബീഅ അറിയിച്ചു.

പദ്ധതിക്ക് എല്ലാവിധ സഹായങ്ങളും നൽകുന്ന സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഡോ. അൽ റബിഅ നന്ദി അറിയിച്ചു. സൗദി ഭരണകർത്താക്കൾക്കും ശസ്‍ത്രക്രിയ പൂർത്തീകരിച്ച മെഡിക്കൽ സംഘത്തിനും നന്ദി പറഞ്ഞ സൽമയുടെയും സാറയുടെയും ബന്ധുക്കൾ തങ്ങൾക്ക് സൗദിയിൽ ലഭിച്ച സ്വീകരണത്തിനും സൗകര്യങ്ങൾക്കും കൃതജ്ഞ രേഖപ്പെടുത്തി.

Advertisement