27.4 C
Kollam
Monday 7th September, 2026 | 12:38:29 AM
Home News Breaking News പ്രതീക്ഷകൾ വിഫലം… സിക്കിം ടണൽ ദുരന്തത്തിൽ അകപ്പെട്ട അനീ‌ഷ് മോഹന്റെ മൃതദേഹം കണ്ടെത്തി

പ്രതീക്ഷകൾ വിഫലം… സിക്കിം ടണൽ ദുരന്തത്തിൽ അകപ്പെട്ട അനീ‌ഷ് മോഹന്റെ മൃതദേഹം കണ്ടെത്തി

പാമ്പാടി: പ്രതീക്ഷകളെ വിഫലമാക്കി സിക്കിം ടണൽ ദുരന്തത്തിൽ അകപ്പെട്ട കോട്ടയം സ്വദേശിയായ അനീ‌ഷ് മോഹന്റെ (43) മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്നുതന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് വിവരം. അതിനായുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.


മൃതദേഹം നിലവിൽ മണിപ്പാൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനീഷിന്റെ ഭാര്യ സംഗീത, ഭാര്യാ സഹോദരൻ സനൽ, അനീഷിന്റെ സഹോദരൻ ബിനീഷ് മോഹൻ എന്നിവർ കഴിഞ്ഞ ദിവസം സിക്കിമിലെ അപകടസ്ഥലത്ത് എത്തിയിരുന്നു. നാംചി ജില്ലയിലുള്ള സമർദുംഗിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തിന്റെ പ്രവേശന കവാടം പൂർണമായും തടസ്സപ്പെടുത്തിക്കൊണ്ട് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. ഈ സമയത്ത് തുരങ്കത്തിനുള്ളിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു.


കഴിഞ്ഞ ദിവസമാണ് അപകടത്തിൽപ്പെട്ടവരിൽ ഒരു മലയാളിയും ഉണ്ടെന്ന റിപ്പോർടുകൾ വന്നത്. ശേഷം എൻഎച്ച്പിസി സീനിയർ മാനേജർ ജിയോളജിസ്റ്റ് ആണ് അനീഷ് മോഹൻ ആണ് അപകടത്തിൽപ്പെ‌ട്ടതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുരങ്കനിർമാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥസംഘത്തിലായിരുന്നു അനീഷ്. പാറ തുരക്കുമ്പോൾ തൊഴിലാളികൾക്കു നിർദേശം നൽകിയിരുന്നത് അനീഷാണ്.


പാറയ്ക്കുള്ളിലെ മീഥൈൻ വാതകം ചോർന്നതു മൂലമുള്ള സ്ഫോടനമാണ് തുരങ്കം തകരാൻ ഇടയാക്കിയത്. തുരങ്കത്തിനകത്തെ വാതകസാന്നിധ്യവും പ്രതികൂലകാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. എട്ടുമാസം പ്രായമുള്ള ഇളയമകൾ കാർത്യായനിയുടെ ഇരുപത്തെട്ടുകെട്ട് ചടങ്ങിൽ പങ്കെടുക്കാൻ ഫെബ്രുവരിയിലാണ് ഏറ്റവുമൊടുവിലായി അനീഷ് നാട്ടിലെത്തിയത്.