കൊല്ലത്ത് ഹാര്‍ബറില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി…ഭിന്നശേഷിക്കാരന്‍ മരിച്ചു. ഒൻപത് പേർക്ക് പരിക്ക്

കൊല്ലം: ജോനകപ്പുറം ഹാര്‍ബറില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന്‍ മരിച്ചു. തമിഴനാട് സ്വദേശി പരശുറാം (60) ആണ് മരിച്ചത്. പരിക്കേറ്റ ഒന്‍പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഹാര്‍ബറിനുള്ളിലെ റോഡരികില്‍ കിടന്ന് ഉറങ്ങിയവരുടെ ഇടയിലേക്കാണ് ബൈക്ക് ഓടിച്ചു കയറ്റിയത്. സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന പള്ളിത്തോട്ടം സ്വദേശി സിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം. കടലില്‍ പോയി മീന്‍ പിടിച്ചുവരുന്നവരില്‍ നിന്ന് മീന്‍ വാങ്ങാനായി ഹാര്‍ബറില്‍ കാത്തുനിന്നവരുടെ ഇടയിലേക്കാണ് ബൈക്ക് ഇടിച്ചുകയറ്റിയത്.
പരിക്കേറ്റ ഒന്‍പതുപേരില്‍ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ രാജി, സരസ്വതി എന്നിവരെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement