26.9 C
Kollam
Thursday 11th June, 2026 | 08:54:56 AM
Home News പത്രം മലയാള ദിനപത്രങ്ങളിലൂടെ | 2026 ജൂണ്‍ 11, വ്യാഴം | 1201 ഇടവം 28,

പത്രം മലയാള ദിനപത്രങ്ങളിലൂടെ | 2026 ജൂണ്‍ 11, വ്യാഴം | 1201 ഇടവം 28,

Advertisement

ലോകകപ്പ് ഫുട്ബോളിന് ഇന്ന് അർധരാത്രിയോടെ തുടക്കം; ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ

ഫുട്ബോള്‍ ഉരുളുകയായി, വല നിറയുകയായി. ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് ഇന്ന് അര്‍ധരാത്രിയോടെ തുടക്കം. രാത്രി 12.30 ന് മെക്സിക്കോ സിറ്റിയിലെ അസ്ടെക സ്റ്റേഡിയത്തില്‍ മെക്സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്നു രാജ്യങ്ങളാണ് കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന മേളയില്‍ 104 മല്‍സരങ്ങളുണ്ടാകും. ജൂലൈ 19 നു ഫൈനല്‍.

കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; ഫറോക്ക് സ്വദേശി ഐസൊലേഷനിൽ, പ്രദേശത്ത് കടുത്ത നിയന്ത്രണം

കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ. ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധിതനായത്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചേരണ വിഭാഗത്തിലായിരുന്ന ഇയാളെ അര്‍ധരാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പ്രദേശത്തു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പാര്‍ക്കിംഗ് നിരോധിച്ചു. രോഗിയുമായി സമ്പര്‍ക്കമുണ്ടായവര്‍ ക്വാറന്റീനില്‍ പോകണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. വവ്വാലുകള്‍ വസിച്ചിരുന്ന പഴയ ഗഡൗണ്‍ വൃത്തിയാക്കുന്നതിനിടെ രോഗബാധിതനായെന്നാണു കരുതുന്നത്.

ഒമാൻ തീരത്ത് കപ്പലിന് നേരെ അമേരിക്കൻ മിസൈലാക്രമണം: മൂന്ന് ഇന്ത്യൻ നാവികരെ കാണാനില്ല, ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു

ഒമാന്‍ തീരത്ത് അമേരിക്ക ആക്രമിച്ച കപ്പലിലെ നാവികരായ മൂന്ന് ഇന്ത്യക്കാരെ കാണാനില്ല. കപ്പലില്‍നിന്ന് 21 ഇന്ത്യക്കാരെ രക്ഷിച്ചു. കപ്പല്‍ ആക്രമിച്ച അമേരിക്കന്‍ നടപടിക്കെതിരേ ഇന്ത്യ പ്രതിഷേധം അറിയിച്ചു. അമേരിക്കന്‍ എംബസിയിലെ സിഡിഎ ജെയ്സണ്‍ മീക്സിനെ വിളിച്ചു വരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള എണ്ണ ടാങ്കര്‍ സെറ്റെബെല്ലോയുടെ എഞ്ചിന്‍ മുറിയില്‍ അമേരിക്കന്‍ മിസൈല്‍ പതിച്ച് കപ്പലിനു തീപിടിക്കുകയായിരുന്നു. പലാവു പതാകയുള്ള കപ്പലിലെ 28 ജീവനക്കാരില്‍ 24 പേര്‍ ഇന്ത്യക്കാരാണ്.

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം അടുത്ത മാസം 15-ലേക്ക് മാറ്റി; ഗൾഫ് മേഖലയിലെ പരീക്ഷാ പ്രതിസന്ധി കാരണം

മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലം അടുത്ത മാസം 15 ന് പ്രസിദ്ധീകരിക്കുമെന്നു പുതിയ അറിയിപ്പ്. നേരത്തെ ഇന്നലെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും യുദ്ധത്തെത്തുടര്‍ന്ന് മാറ്റിവെച്ച ഗള്‍ഫ് പരീക്ഷാ കേന്ദ്രങ്ങളിലെ ഒന്നാം വര്‍ഷ പരീക്ഷകള്‍ പ്രതിസന്ധിയിലായതാണു ഫലപ്രഖ്യാപനം വൈകാന്‍ കാരണം.

വയനാട്ടിൽ കാട്ടാന ആക്രമണം: വനംവകുപ്പ് ആർആർടി സംഘം ആനയെ തുരത്തുന്നതിനിടെ പെട്ടുപോയ വൃദ്ധൻ മരിച്ചു

വയനാട് കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. പുളിമൂട്കുന്ന് മിച്ച ഭൂമിയിലെ 65 കാരനായ രാജുവാണ് മരിച്ചത്. നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താന്‍ വനം വകുപ്പ് ആര്‍ ആര്‍ ടി സംഘം ശ്രമിക്കുന്നതിനിടെ രാജു ആനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.

ഷുഹൈബ് വധക്കേസ്: വിചാരണ നടപടികൾ ഹൈക്കോടതി തിങ്കളാഴ്ച വരെ താൽക്കാലികമായി സ്റ്റേ ചെയ്തു

തലശ്ശേരി ഷുഹൈബ് വധക്കേസില്‍ വിചാരണ നടപടികള്‍ക്ക് തിങ്കളാഴ്ച വരെ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. വിചാരണ കോടതി മാറ്റണമെന്ന മൂന്നു പ്രതികളുടെ അപ്പീലിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി. ചൊവ്വാഴ്ച വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെ, സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. വിചാരണ കോടതി പക്ഷപാതത്തോടെ പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രതിഭാഗം കോടതി മാറ്റം ആവശ്യപ്പെട്ടത്.

വിദ്യാർത്ഥികൾക്ക് ഷിഗല്ല ബാധ സ്ഥിരീകരിച്ചു; സുൽത്താൻ ബത്തേരിയിലും സമീപ പഞ്ചായത്തുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 14 വരെ അവധി

കോളിയാടി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കു ഷിഗല്ല ബാധിച്ചതിനെത്തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നെന്‍മേനി, അമ്പലവയല്‍, നൂല്‍പ്പുഴ പഞ്ചായത്തുകളിലെയും സുല്‍ത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 14 വരെയാണ് അവധി.

വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന് ലാഘവ സമീപനം: രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അങ്ങേയറ്റം ലാഘവത്തോടെയുള്ള സമീപനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം ആറ് പേരുടെ ജീവനാണ് വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപ്പെട്ടത്. ദുരന്തം നടന്നിട്ടും സംഭവസ്ഥലത്ത് ഉത്തരവാദിത്തപ്പെട്ട ആരും എത്താതിരുന്നത് വളരെ ഗുരുതരമായ വീഴ്ചയാണെന്നും പിണറായി വ്യക്തമാക്കി.

പ്രതിയെ ആകാശത്തേക്ക് വെടിവെച്ച് അറസ്റ്റ് ചെയ്ത സംഭവം: പൊലീസിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരത്തെ വധശ്രമക്കേസ് പ്രതി കൗണ്‍സിലര്‍ ആര്‍. സുഗതനെ ആകാശത്തേക്ക് വെടിവെച്ച് അറസ്റ്റ് ചെയ്ത സംഭവം പൊലീസിനെതിരെ മന്ത്രി കെ. മുരളീധരന്‍. വെടിയുടെ ശബ്ദം നിര്‍ത്തേണ്ട സമയമായെന്നും ആവശ്യമില്ലാത്ത വെടിയൊച്ചയാണ് തന്റെ മണ്ഡലത്തില്‍ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

കുട്ടികളെ പീഡിപ്പിച്ച് ഭിക്ഷാടനം നടത്തിപ്പ്: തമിഴ്‌നാട് സ്വദേശിയായ പിതൃസഹോദരൻ ആലപ്പുഴയിൽ അറസ്റ്റിൽ

തമിഴ്‌നാട് സ്വദേശികളായ ബാലന്മാരെ ആലപ്പുഴയില്‍ പീഡിപ്പിച്ചു ഭിക്ഷാടനം നടത്തിച്ച പിതൃസഹോദരന്‍ അറസ്റ്റില്‍. തമിഴ്‌നാട് തൂത്തുക്കുടി കാമരാജ് നഗര്‍ സ്വദേശി അന്തോണി(31)യെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. അന്തോണിയുടെ സഹോദരന്റെ മക്കളായ മഹാരാജ (14), ചിലമ്പരശന്‍ (11) എന്നിവരെ തൂത്തുക്കുടിയില്‍നിന്നും ഹരിപ്പാട് എത്തിച്ചാണ് ഭിക്ഷാടനം നടത്തിച്ചിരുന്നത്.

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. സുധീർ വീണ്ടും കോൺഗ്രസിലേക്ക്

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്. ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ സുധീര്‍ കോണ്‍ഗ്രസ് വിട്ട് പിവി അന്‍വറിന്റെ പിന്തുണയോടെ ചേലക്കരയില്‍ രമ്യ ഹരിദാസിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പിനുശേഷം അന്‍വറിനോട് ഉടക്കി ബിജെപിയില്‍ ചേരുകയായിരുന്നു.

പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് മന്ത്രി ഷിബു ബേബി ജോൺ; അഞ്ച് ദിവസത്തിനിടെ രണ്ടാം സ്ഥലംമാറ്റം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോണ്‍. പിണറായി വിജയന്റെ ഓഫീസില്‍ പത്തുവര്‍ഷം പിആര്‍ വിഭാഗത്തില്‍ ഉണ്ടായിരുന്ന എ.സി. അഭിലാഷിനെ വേണ്ടെന്ന നിലപാടാണ് മന്ത്രിയെടുത്തത്. ഇതേത്തുടര്‍ന്ന് അഭിലാഷിന് അഞ്ചുദിവസത്തിനുള്ളില്‍ രണ്ടാമത്തെ സ്ഥലംമാറ്റം നല്‍കി.

പാലാ നഗരസഭയിൽ വീണ്ടും മോഷണ പരാതി; കൗൺസിലർ ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യക്ഷ പൊലീസിൽ

പാലാ നഗരസഭയില്‍ വീണ്ടും മോഷണ പരാതി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പോലീസില്‍ പരാതി നല്‍കി. എന്നാല്‍ നഗരസഭ അധ്യക്ഷയുടെ പരാതി കൗണ്‍സിലര്‍ ബിജു മാത്യൂസ് തള്ളി.

ശബരിമല സ്വർണ്ണക്കൊള്ള വിവാദം: വി.ഡി. സതീശനെതിരെയുള്ള കടകമ്പള്ളിയുടെ ഉപഹർജി തിരുവനന്തപുരം സബ് കോടതി തള്ളി

ശബരമല സ്വര്‍ണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനെതിരെ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ ഉപഹര്‍ജി തിരുവനന്തപുരം സബ് കോടതി തള്ളി. സ്വര്‍ണക്കൊള്ള സംബന്ധിച്ചു സതീശന്‍ തനിക്കെതിരെ നടത്തുന്ന പ്രസ്താവനകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് കടകംപള്ളി നല്‍കിയ ഉപഹര്‍ജിയാണ് തിരുവനന്തപുരം സബ് കോടതി തള്ളിയത്.

ധനവകുപ്പ് ഫയലുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ട വി.ഡി. സതീശന്റെ നടപടി തെറ്റെന്ന് കെ.എൻ. ബാലഗോപാൽ

ധനവകുപ്പിലെ ഫയലുകളുടെ വിശദാംശങ്ങള്‍ സര്‍ക്കാരിന് പുറത്തുള്ള സ്വകാര്യ സംഘത്തിന് കൈമാറിയ മുഖ്യമന്ത്രി വി ഡി സതീശന്റെ നടപടി തെറ്റെന്ന് മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വി ഡി സതീശന്‍ തെറ്റിനെ തുടര്‍ച്ചയായി ന്യായീകരിക്കുന്നുവെന്നും മുഖ്യമന്ത്രി തിരുത്തണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.

സിപിഎം കർമ്മപദ്ധതി രൂപീകരണത്തിന് ലഭിച്ചത് പതിനായിരത്തിലധികം നിർദ്ദേശങ്ങൾ

സിപിഎം കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ പതിനായിരത്തിലധികം നിര്‍ദ്ദേശങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇമെയില്‍ വഴിയും വാട്ട്സാപ്പ് വഴിയും ലഭിച്ചതെന്ന് സിപിഎം അറിയിച്ചു. സിപിഎം വെബ്സൈറ്റിലും അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി: എ.കെ. ശശീന്ദ്രനെതിരെ പി.സി. ചാക്കോയും സുരേഷ് ബാബുവും രംഗത്ത്

നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിറകേ എ കെ ശശീന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി പി സി ചാക്കോയും പി എം സുരേഷ് ബാബുവും രംഗത്ത്. ശശീന്ദ്രന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങളാണ് പാര്‍ട്ടിയെ ഈ ഗതിയിലാക്കിയതെന്നും അദ്ദേഹം വഞ്ചിച്ചുവെന്നും നേതാക്കള്‍ ആരോപിച്ചു.

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. സമരത്തിന് പോലും സാധിക്കാത്ത അവസ്ഥയിലാണെന്നും, തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ തൃശൂരില്‍ അടിയന്തര യോഗം ചേരുമെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യൽ എളുപ്പമല്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല; രാത്രിയിൽ ഫോൺ ഓഫാക്കാതെ ജാഗ്രത വേണം

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാന്‍ എളുപ്പമല്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. രാത്രിയില്‍ ഫോണ്‍ ഓഫാക്കാതെ ജാഗ്രതയോടെ ഇരിക്കണം. ജോലി ചെയ്താല്‍ പൊലീസിന്റെ അതിക്രമം, ജോലി ചെയ്യാതിരുന്നാല്‍ പൊലീസിന്റെ അനാസ്ഥ എന്നും ആരോപണം ഉയരും. മുന്‍ ഡിജിപി എ. ഹേമചന്ദ്രന്‍ ഒരു രൂപപോലും വാങ്ങാതെയാണ് ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ഹേമചന്ദ്രന്റെ പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മുംബൈ-കണ്ണൂർ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; യാത്രക്കാരെ ഇറക്കി പരിശോധന നടത്തി

മുംബൈയില്‍നിന്നു കണ്ണൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. വിമാനത്തിനകത്ത് പേപ്പറില്‍ ഭീഷണി സന്ദേശം എഴുതിവച്ച നിലയിലായിരുന്നു. കണ്ണൂരില്‍ വിമാനം ലാന്‍ഡ് ചെയ്ത് ഐസോലേഷന്‍ റണ്‍വേയില്‍ നിര്‍ത്തിയിട്ട് യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തി.

കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണം ‘വടകര സ്ക്വാഡ്’ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക്; അഡ്മിൻമാരെ ചോദ്യം ചെയ്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ അന്വേഷണം വടകര സ്‌ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക്. ഗ്രൂപ്പിന്റെ അഞ്ച് അഡ്മിന്‍മാരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നായിരുന്നു. സ്‌ക്രീന്‍ ഷോട്ട് ഗ്രൂപ്പിലിട്ട ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിന്‍ ഭാസ്‌കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

വിദ്യാർത്ഥി കൺസഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസ് വർധിപ്പിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി

കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ത്ഥി കണ്‍സഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള ഫീസ് വര്‍ധിപ്പിച്ചിട്ടില്ലെന്ന് കെഎസ്ആര്‍ടിസി. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡിന് കുറേ വര്‍ഷമായി 110 രൂപയാണ് ഈടാക്കുന്നത്. 100 രൂപ സര്‍വീസ് ചാര്‍ജ്, സോഫ്‌റ്റ്വെയര്‍ പരിപാലന ചെലവ് എന്നിവ അടക്കമുള്ള പ്രോസസ്സിംഗ് ഫീസായും 10 രൂപ കാര്‍ഡിന്റെയും അനുബന്ധ സ്റ്റേഷനറി സാമഗ്രികളുടെയും ചെലവായുമാണ് ഈടാക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി

തമിഴ്നാട് മുഖ്യമന്ത്രി വിജയ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുടെ 10 ജന്‍പഥിലെ വസതിയിലെത്തിയാണ് വിജയ് ഇരുവരെയും കണ്ടത്. സിപിഐ ആസ്ഥാനമായ അജോയ് ഭവനിലെത്തിയ വിജയ്യെ ജനറല്‍ സെക്രട്ടറി ഡി രാജ സ്വീകരിച്ചു. ഇന്നു നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനാണ് വിജയ് ഡല്‍ഹിയിലെത്തിയത്.

തമിഴ്‌നാട് ബിജെപിയിൽ വീണ്ടും രാജി; സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി പാർട്ടി വിട്ടു

തമിഴ്നാട് ബിജെപിയില്‍ വീണ്ടും രാജി. ബിജെപി സംസ്ഥാന സെക്രട്ടറി അമര്‍ പ്രസാദ് റെഡ്ഡി പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. അണ്ണാമലൈയുടെ രാജിക്ക് പിന്നാലെയാണ് തീരുമാനം. അണ്ണാമലൈയ്ക്കൊപ്പം ചേരുമെന്നും അമര്‍ പ്രസാദ് റെഡ്ഡി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

അടുത്ത ദശകത്തിൽ രാജ്യത്തിന്റെ വികസന വേഗത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുന്ന ദശകത്തില്‍ രാജ്യത്തിന്റെ വികസനം കൂടുതല്‍ വേഗത്തിലാക്കുകയെന്നതാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അസാധ്യമെന്ന് തോന്നിച്ച പലതും എന്‍ഡിഎ ഭരണകാലത്ത് നടപ്പാക്കി. ഇനിയും നിരവധി ലക്ഷ്യങ്ങള്‍ കൈവരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് എന്‍ഡിഎ യോഗം ചേര്‍ന്നത്.

കോൺഗ്രസിൽ ലയിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി തൃണമൂൽ കോൺഗ്രസ്

കോണ്‍ഗ്രസില്‍ ലയിക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസില്‍ ലയിക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമായത്.

നീറ്റ് ക്രമക്കേട്: കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധവുമായി കോക്രോച്ച് ജനത പാർട്ടി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഇന്നു മുതല്‍ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് കോക്രോച്ച് ജനത പാർട്ടി. ഇന്നു പൂനെയിലാണ് സമരം. തുടര്‍ന്ന് ലക്നൗ, അമൃത്സര്‍, ബെംഗളൂരു, ജയ്പൂര്‍, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും സംഘടന വ്യക്തമാക്കി.

മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ നടപടി പിൻവലിച്ചില്ലെങ്കിൽ വൻ പ്രക്ഷോഭമെന്ന് കോൺഗ്രസ്

മധ്യപ്രദേശിലെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി പിന്‍വലിച്ചില്ലെങ്കില്‍ വലിയ പ്രക്ഷോഭമെന്ന് കോണ്‍ഗ്രസ്. പത്രിക തള്ളിയത് തെറ്റായ നടപടിയാണെന്നും മീനാക്ഷി നടരാജന് എതിരെ ക്രിമിനല്‍ കേസ് ഇല്ലെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി വ്യക്തമാക്കി.

പശ്ചിമ ബംഗാളിൽ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു; സ്വപൻദാസ് ഗുപ്തയ്ക്ക് ധനവകുപ്പ്

പശ്ചിമ ബംഗാളില്‍ പുതിയതായി അധികാരമേറ്റ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. മുന്‍ രാജ്യസഭാ അംഗം സ്വപന്‍ദാസ് ഗുപ്ത്ക്ക് ധനവകുപ്പ് ലഭിച്ചു. തപസ് റോയ് വ്യവസായ വകുപ്പ് മന്ത്രിയാകും. സുവേന്ദു മന്ത്രിസഭയിലെ അംഗസംഖ്യ 41 ആയി.

പാക് അധീന കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; എല്ലാവരും കൊല്ലപ്പെട്ടു

പാകിസ്ഥാന്‍ സൈന്യത്തിന്റെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് അപകടം. പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപമാണ് അപകടമുണ്ടായത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു. പാകിസ്ഥാന്‍ ആര്‍മി ഏവിയേഷന്റെ എംഐ-17 ഹെലികോപ്ടര്‍ ആണ് അപകടത്തില്‍പെട്ടത്.

വെസ്റ്റ് ബാങ്ക് അക്രമങ്ങൾ: യഹൂദ കുടിയേറ്റക്കാർക്കെതിരെ കടുത്ത ഉപരോധവുമായി അഞ്ച് ലോകരാജ്യങ്ങൾ

ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ. ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ പലസ്തീനികള്‍ക്കെതിരെ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ കടുത്ത നടപടിയുമായി രംഗത്തുവന്നത്. യഹൂദ കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ക്ക് ധനസഹായം നല്‍കുകയും അതിന് സൗകര്യമൊരുക്കുകയും ചെയ്യുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ഈ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തി.

പശ്ചിമേഷ്യൻ സമാധാന ചർച്ചകൾ വൈകുന്നതിൽ ഇറാന് കടുത്ത മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്

പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചയില്‍ തീരുമാനമെടുക്കുന്നത് ഇനിയും നീട്ടികൊണ്ടുപോയാല്‍ ഇറാന്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ട്രംപ് താക്കീത് നല്‍കി.

അഫ്ഗാനിസ്ഥാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് നേരെ വെടിവെപ്പ്; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ ഹിജാബിനെതിരേ സ്ത്രീകള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്കു പൊലീസ് നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരും അറസ്റ്റിലായി. പടിഞ്ഞാറന്‍ നഗരമായ ഹെരാത്തിലാണ് പ്രതിഷേധത്തിനു നേര്‍ക്ക് വെടിവെപ്പുണ്ടായത്.

ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ ചെലവിട്ടത് 1.23 ലക്ഷം കോടി രൂപ; എണ്ണക്കമ്പനികൾക്ക് വൻ നഷ്ടം തുടരുന്നു

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ്ഓയില്‍ വിലയിലെ ചാഞ്ചാട്ടം രാജ്യത്തെ ഇന്ധനവിലയില്‍ ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 1.23 ലക്ഷം കോടി രൂപ. യുദ്ധം തുടങ്ങിയതു മുതല്‍ 78 ദിവസത്തോളം വില പിടിച്ചുനിര്‍ത്താന്‍ വേണ്ടി പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് നല്കിയ തുകയാണിത്. ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടര്‍ന്ന് എല്‍പിജി ഇറക്കുമതി ചാര്‍ജില്‍ 46 ശതമാനം വര്‍ധന ഫെബ്രുവരിക്ക് ശേഷം ഉണ്ടായി. ഇതോടെ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി. പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് നിലവില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്ക്കുമ്പോള്‍ 6 രൂപയും ഡീസലില്‍ 30 രൂപയും നഷ്ടം സംഭവിക്കുന്നുണ്ട്. 14.2 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടര്‍ വില്ക്കുമ്പോള്‍ 700 രൂപയ്ക്ക് അടുത്താണ് നഷ്ടം. പ്രതിദിനം എല്ലാംകൂടി കൂട്ടുമ്പോള്‍ എണ്ണക്കമ്പനികളുടെ നഷ്ടം 600-700 കോടി രൂപയ്ക്കടുത്ത് വരും. ഇറാനും യുഎസും വീണ്ടും പോര്‍മുഖം തുറന്നതോടെ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു. ആക്രമണം വീണ്ടും കടുത്താല്‍ ക്രൂഡ് വില 100 ഡോളര്‍ കടക്കാന്‍ കാലതാമസമെടുക്കില്ല.

ജാംനഗറിൽ വൻകിട എഐ ഡാറ്റാ സെന്റർ നിർമ്മിക്കാൻ റിലയൻസും മെറ്റയും കൈകോർക്കുന്നു

ഗുജറാത്തിലെ ജാംനഗറില്‍ ഡാറ്റാ സെന്റര്‍ നിര്‍മിക്കുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും മെറ്റ പ്ലാറ്റ്ഫോംസും കൈകോര്‍ക്കുന്നു. ഇരുകമ്പനികളുടെയും പങ്കാളിത്തത്തില്‍ 168 മെഗാവാട്ട് ശേഷിയുള്ള ഡേറ്റാ സെന്റര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വികസിപ്പിക്കും. മെറ്റയുടെ ഇന്ത്യയിലെ ആദ്യത്തെ ‘ബില്‍റ്റ്-ടു-സ്യൂട്ട്’ ഡാറ്റാ സെന്ററാണിത്. ആഗോളതലത്തില്‍ എഐ അടിസ്ഥാന സൗകര്യമൊരുക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലും. മെറ്റ ഈ ഡേറ്റാ സെന്റര്‍ പാട്ടത്തിനെടുക്കും. മെറ്റയുടെ പ്രധാന ബിസിനസുകള്‍ക്കും എഐ കമ്പ്യൂട്ടിങ് ആവശ്യങ്ങള്‍ക്കും അത് പിന്തുണ നല്‍കും. കരാര്‍ പ്രകാരം ഡാറ്റാ സെന്ററിന്റെ രൂപകല്‍പ്പനയും നിര്‍മ്മാണവും മുതല്‍ പ്രവര്‍ത്തനം, പുനരുപയോഗ ഊര്‍ജ്ജ വിതരണം, നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി എന്നിവയുടെ മുതല്‍ നടത്തിപ്പ് വരെയുള്ള മുഴുവന്‍ സേവനങ്ങളും റിലയന്‍സ് നല്‍കും. ഇതോടെ ഇന്ത്യയില്‍ ഹൈപ്പര്‍സ്‌കെയിൽ എഐ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്ന സിംഗിള്‍-വിന്‍ഡോ സൊല്യൂഷന്‍സ് പ്രൊവൈഡര്‍ എന്ന നിലയില്‍ റിലയന്‍സിന്റെ സാന്നിധ്യം ഈ രംഗത്ത് ശക്തമാകും.

ഷാരൂഖ് ഖാനൊപ്പം സുഹാന ഖാൻ ആദ്യമായി ബിഗ് സ്ക്രീനിലേക്ക്; ആക്ഷൻ ചിത്രം ‘കിംഗ്’ ഡിസംബറിൽ റിലീസ് ചെയ്യും

വയലന്‍സ് നിറഞ്ഞ ആക്ഷന്‍ ചിത്രമായ ‘കിംഗി’ലൂടെ സുഹാന ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനില്‍ എത്തുന്നു. ആദ്യ ചിത്രം ഷാരൂഖ് ഖാനൊപ്പവും. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്റെ ജന്മദിനത്തില്‍ പ്രഖ്യാപിച്ച ‘കിംഗ്’ സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്നു. പത്താനുശേഷം സിദ്ധാര്‍ത്ഥ് ആനന്ദും ഷാരൂഖ് ഖാനും ഒരുമിക്കുന്ന കിംഗ് ഡിസംബര്‍ 24ന് ലോക വ്യാപകമായി റിലീസ് ചെയ്യും. 1994ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ക്ളാസിക് ലിയോണ്‍: ദ പ്രൊഫഷണല്‍ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിംഗ് ഒരുക്കുന്നത്. ഷാരൂഖ് ഖാന് പ്രതിനായകനായി എത്തുന്നത് അഭിषेक ബച്ചന്‍ ആണ്. ദീപിക പദുകോണ്‍, റാണി മുഖര്‍ജി, അനില്‍ കപൂര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റും മാര്‍ഫ്ളിക്സ് പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മാണം. ഷാരൂഖ് ഖാനും സുഹാന ഖാനും ചേരുന്ന കോമ്പിനേഷന്‍ സീനുകള്‍ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും എന്നാണ് സൂചന.

ബോക്‌സ് ഓഫീസിൽ മികച്ച മുന്നേറ്റവുമായി നസ്ലെന്റെ ‘മോളിവുഡ് ടൈംസ്’; ഇതുവരെ നേടിയത് 15 കോടി രൂപ

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ചിരിക്കുന്ന, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തിയ ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. ഇതുവരെ കാണാത്ത ലുക്കിലും സ്റ്റൈലിലുമാണ് നസ്ലെന്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. വിനീത് മാധവന്‍ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ. നസ്ലെന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. നസ്ലെന്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. ഇതുവരെയായി മോളിവുഡ് ടൈംസ് 15 കോടി നേടിയിട്ടുണ്ട് എന്നാണ് സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസിന്റെ റിപ്പോര്‍ട്ട്. ജിയോ ഹോട്സ്റ്റാറിലായിരിക്കും ചിത്രം തിയറ്റര്‍ റണ്ണിനു ശേഷം സ്ട്രീം ചെയ്യുക.

ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ പരാജയപ്പെട്ട് ഇന്ത്യയിൽ നിർമ്മിച്ച കിയ സോണറ്റ് എസ്യുവി; സുരക്ഷാ റേറ്റിംഗിൽ ഒരു സ്റ്റാർ മാത്രം

ഇന്ത്യയില്‍ നിര്‍മ്മിച്ച കിയ സോണറ്റ് എസ്യുവി അടുത്തിടെ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ പരാജയപ്പെട്ടു. വാഹനം ഒരു സ്റ്റാര്‍ എന്ന നിരാശാജനകമായ സുരക്ഷാ റേറ്റിംഗ് നേടി. ആഫ്രിക്കയ്ക്കുള്ള സുരക്ഷിത കാര്‍ പ്രോഗ്രാമിന് കീഴിലാണ് ഈ പരീക്ഷണം നടത്തിയത്. ഇന്ത്യയില്‍ നിര്‍മ്മിച്ച് ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന അതേ സോണറ്റാണിത്. ക്രാഷ് ടെസ്റ്റില്‍, കിയ സോനെറ്റ് മുതിര്‍ന്നവരുടെ സുരക്ഷയ്ക്കായി 34 ല്‍ 21.29 സ്‌കോര്‍ നേടി. മൊത്തത്തിലുള്ള യാത്രക്കാരുടെ സുരക്ഷയ്ക്കായി വാഹനം 49 ല്‍ 28.57 സ്‌കോര്‍ നേടി. ഗ്ലോബല്‍ എന്‍സിഎപി റിപ്പോര്‍ട്ട് അനുസരിച്ച്, സോനെറ്റില്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് പ്രെറ്റെന്‍ഷനറുകള്‍ തുടങ്ങിയ ഉണ്ടെങ്കിലും, മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഒരു നക്ഷത്രം മാത്രമേ ഇതിന് ലഭിച്ചുള്ളൂ. കിയ സോണറ്റിന്റെ ശരാശരി എക്‌സ്-ഷോറൂം വില അടിസ്ഥാന മോഡലിന് 7.33 ലക്ഷം രൂപയാണ്. ഉയര്‍ന്ന മോഡലിന് 14.19 ലക്ഷം വരെ എക്സ്-ഷോറൂം വിലയുണ്ട്.

എ. ഹേമചന്ദ്രൻ ഐ.പി.എസിന്റെ പുതിയ സർവീസ് സ്റ്റോറി ‘അധികാരത്തിന്റെ വഴി അനീതിയുടെയും’ പുറത്തിറങ്ങി

നീതി എവിടെ? എന്ന പുസ്തകത്തിനുശേഷം എ. ഹേമചന്ദ്രന്‍ ഐ.പി.എസ്. എഴുതുന്ന സര്‍വീസ് സ്റ്റോറിയാണ് ‘അധികാരത്തിന്റെ വഴി അനീതിയുടെയും’. സോളാര്‍ കേസും എ.കെ.ജി. സെന്റര്‍ ആക്രമണവുമുള്‍പ്പെടെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പല കേസുകളും പുസ്തകത്തില്‍ ഉൾപ്പെടുന്നു. അനീതിക്ക് വഴിമാറുന്ന അധികാരത്തിന്റെ ഇടനാഴികളില്‍ সাধারণക്കാര്‍ക്ക് നിഷേധിക്കപ്പെടുന്ന നീതിയെക്കുറിച്ചുള്ള ആകുലതകളും അധികാരമുണ്ടായിട്ടും പലപ്പോഴും നിശ്ചലമായിപ്പോകേണ്ടിവരുന്ന സന്ദര്‍ഭങ്ങളും അധികാരത്തിന്റെ വഴി അനീതിയുടെയും എന്ന പുസ്തകത്തില്‍ തുറന്നുകാണിക്കുന്നു. സേവിക്കേണ്ടവരും സംരക്ഷിക്കേണ്ടവരും തന്നെ പീഡകരാവുമ്പോള്‍ പൊതുജനത്തില്‍ നിന്ന് അന്യംനിന്നുപോകുന്ന നിയമത്തിന്റെയും നീതിയുടെയും സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ മാനസികാവസ്ഥകള്‍ പ്രതിപാദിക്കുന്ന പുസ്തകം. ഡിസി ബുക്സ്. വില 379 രൂപ.

ചില പ്രത്യേക ഭക്ഷണങ്ങൾ ഓറൽ കാൻസറിന് കാരണമായേക്കാമെന്ന് യുഎസ് ഗവേഷകരുടെ പഠന റിപ്പോർട്ട്

യുഎസ്സിലെ മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ ഓറല്‍ കാന്‍സര്‍ വികസിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് കണ്ടെത്തി. ശരീരത്തിന് വീക്കം അഥവാ ഇന്‍ഫ്ലമെഷന്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ് വില്ലന്മാര്‍. അതില്‍ പ്രധാനം ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജ് പോലുള്ള സംസ്‌കരിച്ച മാംസങ്ങളാണെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു. സംസ്‌കരിച്ച മാംസങ്ങളെ കേടുകൂടാതെ സൂക്ഷിക്കാന്‍ കെമിക്കലുകളായ നൈട്രേറ്റുകളും നൈട്രൈറ്റുകളും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അതുപോലെ ഉയര്‍ന്ന ചൂടില്‍ പാകം ചെയ്യുന്ന അല്ലെങ്കില്‍ ഗ്രില്‍ ചെയ്തു മാംസത്തിന്റെ കരിഞ്ഞ ഭാഗം കഴിക്കുന്നതും അപകടമാണ്. ഇത് ശരീരത്തിലെ കോശങ്ങളിലെ ഡിഎന്‍എയില്‍ കേടുപാടുകള്‍ വരുത്താനും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഇത്തരം ഭക്ഷണം മൊത്തത്തിലുള്ള ഓറല്‍ ഹെല്‍ത്തിനെ നിലനിര്‍ത്താന്‍ സഹായിക്കുന്ന സ്വാഭാവിക ബാക്ടീരിയകളെ നശിപ്പിക്കും. ഇത് വീക്കത്തിനും അര്‍ബുദ സാധ്യതയും വര്‍ധിപ്പിക്കും. പഴങ്ങള്‍ പച്ചക്കറികള്‍, പോഷകസമ്പന്നമായ ഭക്ഷണങ്ങള്‍ എന്നിവ അടങ്ങിയ സമീകൃത ആഹാരം കഴിക്കുന്നതിലൂടെ ഓറല്‍ ഹെല്‍ത്ത് മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here