ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വൈകിട്ട് 8ന് കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ഡോ. സി. എസ്. മോഹിതിന്റെ വസതിയില്‍ ഹാജരാക്കിയ തന്ത്രിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തന്ത്രിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഈമാസം 13ന് പരിഗണിക്കും. തന്ത്രിയെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ്ജയിലിലേക്ക് കൊണ്ടുപോയി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി എൽഡിഎഫ് പരിശോധിക്കും, എല്‍ഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ
തിരുവനന്തപുരം. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം എൽഡിഎഫിന് കൈവരിക്കാൻ കഴിഞ്ഞില്ലെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ. അതിന്റെ കാരണങ്ങൾ സൂക്ഷ്മതലത്തിൽ പരിശോധിക്കുമെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ അടിത്തറ ഭദ്രമാണെന്നും വിജയിക്കുമെന്നും ടി പി പറഞ്ഞു. കേന്ദ്രസർക്കാരിനെതിരായ പ്രചരണത്തിന്റെ ഭാഗമായി മേഖല അടിസ്ഥാനത്തിൽ ജാഥ നടത്തും.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി എൽഡിഎഫ് പരിശോധിക്കും. എല്ലാ കാരണങ്ങളും സൂക്ഷ്മതലത്തിൽ പരിശോധിച്ചു ജനങ്ങളുടെ പ്രതികരണം വിലയിരുത്തുമെന്ന് എൽഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ പറഞ്ഞു. നേതാക്കന്മാരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ ജനങ്ങളുടെ അഭിപ്രായം മാനിച്ച് തിരുത്തും. തിരഞ്ഞെടുപ്പ് ഫലം പ്രധാനപ്പെട്ട സൂചനകൾ നൽകുന്നുണ്ടെന്ന് പറഞ്ഞ എൽഡിഎഫ് കൺവീനർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്ന് ആവർത്തിച്ചു.
ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പരാജയപ്പെടുത്താൻ യുഡിഎഫ് പലകാര്യങ്ങളും പയറ്റി. യുഡിഎഫ് തോറ്റാൽ സംഘപരിവാറിന് ഗുണമാകുമെന്ന പ്രചരണം ഉണ്ടായി. വിഴിഞ്ഞം പുനരധിവാസം, ജെബി കോശി, ശബരിമല വിഷയം എന്നിവ വസ്തുതാ വിരുദ്ധമായി പ്രചരിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന എൽഡിഎഫ് കേന്ദ്ര വിരുദ്ധ പ്രചരണം ശക്തമായി നടത്തും. മേഖല തിരിച്ച് നേതാക്കന്മാരുടെ നേതൃത്വത്തിൽ ജാഥ നടത്തും. ഈ മാസം പന്ത്രണ്ടാം തീയതി തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും
നേതൃത്വത്തിൽ എംഎൽഎമാർ അടക്കം പങ്കെടുക്കുന്ന സത്യഗ്രഹ സമരം നടത്തും.
വർഗീയവൽക്കരണം ലേബർ കോഡ് തൊഴിലാളി വിരുദ്ധ സമീപനം ഇത്തരം വിഷയങ്ങളെ മുൻനിർത്തിയാണ് കേന്ദ്രസർക്കാരിനെതിരായഎൽഡിഎഫിന്റെ പ്രചരണം നടക്കുക.
കൊച്ചിൻ ഷിപ്പ് യാർഡിൽ വർക്ക്‌മെൻ/എക്‌സിക്യുട്ടീവ് ട്രെയിനി; വിജ്ഞാപനം ഉടൻ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ് യാർഡ് ലിമിറ്റഡിൽ വർക്ക്‌മെൻ, എക്‌സിക്യുട്ടീവ് ട്രെയിനി തസ്തികകളിലേക്ക് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. 534 ഒഴിവുണ്ട്. വർക്ക്‌മെൻ-470, എക്‌സിക്യുട്ടീവ് ട്രെയിനി-64 എന്നിങ്ങനെയാണ് ഒഴിവ്.
തസ്തിക: വർക്ക്‌മെൻ (ഐടിഐ). ഒഴിവ്-210. ശമ്പളം: 41,000 രൂപ. യോഗ്യത: ഐടിഐ/എൻടിസിയും നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തിക: വർക്ക്‌മെൻ(ഐടിഐ). ഒഴിവ്-260 (കരാർനിയമനം). ശമ്പളം: സ്ഥാപനത്തിന്റെ നിയമാനുസൃത ശമ്പളം ലഭിക്കും. യോഗ്യത: ഐടിഐ/എൻടിസി, മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തിക: എക്‌സിക്യുട്ടീവ് ട്രെയിനി. ഒഴിവ്-64. സ്‌റ്റൈപെൻഡ്: 50,000 രൂപ. യോഗ്യത: ബിടെക്/സിഎ/സിഎംഎ/പിജി(എച്ച്ആർ). ഒരുവർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 82,000 രൂപ ശമ്പളസ്‌കെയിലിൽ അസിസ്റ്റന്റ് മാനേജരായി നിയമനം ലഭിക്കുന്നതാണ്.
കൊച്ചിൻ ഷിപ്യാഡിന്റെ വെബ്‌സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
വർക്ക്‌മെൻ (സ്ഥിരനിയമനം) തസ്തികയിലേക്ക് ജനുവരി 6, വർക്ക്‌മെൻ (കരാർ) തസ്തികയിൽ ജനുവരി 21, എക്‌സിക്യുട്ടീവ് ട്രെയിനി ജനുവരി 28 എന്നിങ്ങനെയാണ് ഓൺലൈനായി അപേക്ഷ സ്വീകരിച്ചുതുടങ്ങുന്ന തീയതികൾ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് cochinshipyard.in സന്ദർശിക്കുക.
തന്നെ പുറത്താക്കിയത് നിയമവിരുദ്ധം കെപിസിസിയെ സമീപിക്കുമെന്ന് ദിനകർ കോട്ടക്കുഴി
പടിഞ്ഞാറെ കല്ലട: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ആയ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും യാതൊരു തെളിവോ മുൻകൂർ നോട്ടീസോ ഇല്ലാതെയാണ് നടപടിയെന്നും ഇതിനെതിരെ കെപിസിസിയെയും കോടതിയെയും സമീപിക്കുമെന്നും ദിനകർ കോട്ടക്കുഴി അറിയിച്ചു.
വാർഡ് സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചു എന്ന വിമത വിഭാഗത്തിന്റെ വ്യാജ പരാതിയാണ് നടപടിക്ക് ആധാരം. എന്നാൽ പ്രസ്തുത സ്ഥാനാർത്ഥി 194 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു, തിരഞ്ഞെടുപ്പ് സമയത്ത് താൻ ശൂരനാട് നോർത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ പ്രചാരണ ചുമതലയിലായിരുന്നുവെന്നും ദിനകർ വ്യക്തമാക്കി.
പാർട്ടി ഓഫീസിൽ കരി ഓയിൽ ഒഴിക്കുകയും മിനിറ്റ്സ് ബുക്ക് അപഹരിക്കുകയും മണ്ഡലം പ്രസിഡന്റിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തവർക്കെതിരെ നടപടിയെടുക്കാതെയാണ് തനിക്കെതിരെ ഏകപക്ഷീയമായ നീക്കം നടന്നത്.
പാർട്ടി ഓഫീസിലെ അക്രമത്തിനെതിരെ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വിമത വിഭാഗം കൊടിമരം തകർക്കാൻ ശ്രമിക്കുകയും ഇത് തടഞ്ഞ തന്നെയുൾപ്പെടെയുള്ള പ്രവർത്തകരെ മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിൽ ശാസ്താംകോട്ട ഡിവൈഎസ്പി അക്രമികൾക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ നിരവധി വോയിസ് ക്ലിപ്പുകൾ പുറത്തു വന്നിട്ടും അവർക്കെതിരെ നടപടിയുണ്ടായില്ല.
വിഷയം പി.സി. വിഷ്ണുനാഥ് എംഎൽഎയെ നേരിൽ കണ്ട് ധരിപ്പിച്ചിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് എംപിയെയും കെപിസിസിയെയും ഉടൻ സമീപിക്കും. നടപടി പിൻവലിക്കാത്ത പക്ഷം കോടതിയെ സമീപിക്കും.
എൻ.എസ്.എസ് വിദ്യാഭ്യാസ ധനസഹായവും, യൂണിയൻ സ്കോളർഷിപ്പ് വിതരണവും, പ്രതിഭകളെആദരിക്കൽ, അവാർഡുകളുടെ വിതരണം
കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ
നേതൃത്വത്തിൽ 2025 വർഷത്തെ പ്രതിഭാസംഗമം ഭരണിക്കാവ് തറവാട് ആഡിറ്റോറിയത്തിൽ വച്ച് 11/01/2026 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്നതാണ്.യൂണിയൻ പ്രസിഡന്റ് ശ്രീ.വി.ആർ.കെ.ബാബു ഉദ്ഘാടനം ചെയ്യുന്ന പ്രതിഭാസംഗമ പരുപാടിയിൽ മുഖ്യപ്രഭാഷണം പ്രതിഭകൾക്കുള്ള ആദരവ് വിവിധ അവാർഡുകൾ കരയോഗങ്ങൾക്കുള്ള ഗ്രാന്റ് വിതരണം എന്നിവ പ്രൊഫ.ഡോ.സുജാത.എസ് നിർവഹിക്കുന്നതാണ്. തദവസരത്തിൽ ശാസ്താംകോട്ട പടിഞ്ഞാറെകല്ലട തുടങ്ങിയ പഞ്ചായത്തുകളിലെ 36 കരയോഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള Nss വിദ്യാഭ്യാസ ധന സഹായം യൂണിയൻ സ്കോളർഷിപ്പ്, ചികിത്സാ വിവാഹ ധനസഹായങ്ങൾ മെറിറ്റ് അവാർഡുകൾ എന്നിവ വിതരണം ചെയ്യുന്നതുമാണ്. അതോടൊപ്പം വിവിധ സ്വയം സഹായസംഘങ്ങൾക്കുള്ള ക്യാഷ് അവാർഡും വിതരണം ചെയ്യുന്നതാണ്. തദവസരത്തിൽ എല്ലാ കരയോഗ വനിതാ സമാജ ഭാരവാഹികളും അവാർഡുകൾക്കും വിവിധ സ്കോളർഷിപ്പുകൾക്കും അർഹരായ വിദ്യാർത്ഥികൾ യഥാ സമയം പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ 5 നിത്യോപയോഗ പച്ചക്കറികൾ ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു
പച്ചക്കറികളിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഓരോന്നിനും വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്. ഈ നിത്യോപയോഗ പച്ചക്കറികൾ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
കോളിഫ്ലവർ
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് കോളിഫ്ലവർ. ഇത് കഴിക്കുന്നത് ഫാറ്റി ലിവർ ഇല്ലാതാക്കാൻ സഹായിക്കുന്നു.
ചീര
ചീരയിൽ ധാരാളം അയണും ഫോളറ്റും അടങ്ങിയിട്ടുണ്ട്. അയണിന്റെ അളവ് കുറവുള്ളവർ ചീര ദിവസവും കഴിക്കുന്നത് നല്ലതാണ്.
ബീറ്റ്റൂട്ട്
ബീറ്റ്‌റൂട്ടിൽ സ്വാഭാവികമായ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ പിന്തുണയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും ബീറ്റ്റൂട്ട് നല്ലതാണ്.
ക്യാപ്‌സിക്കം
ക്യാപ്സിക്കത്തിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു.
പാവയ്ക്ക
പാവയ്ക്കയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞവും മകരപ്പൊങ്കാല മഹോത്സവവും
ശാസ്താംകോട്ട: ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞവും മകരപ്പൊങ്കാല മഹോത്സവത്തിനും ശനി തുടക്കമാകും. 18നു സമാപിക്കും. ഇന്ന് വൈകിട്ട് 6.30 ന് യജ്ഞത്തിന് തന്ത്രി രമേശ് കുമാർ ഭട്ടതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും.തുടർന്ന് ആചാര്യവരണം, ഭാഗവത മാഹാത്മ്യ പ്രഭാഷണം എന്നിവ നടക്കും. ദിവസവും വിശേഷാൽ പൂജകൾ, പ്രഭാഷണം, അന്നദാനം, ദീപാരാധന എന്നിവ ഉണ്ടാകും. കോഴിക്കോട് മൊളേരി രഞ്ജിത്ത് നമ്പൂതിരി ആചാര്യനാകുന്ന യജ്ഞം 17ന് സമാപിക്കും.
18 ന് രാവിലെ 6 ന് മകരപ്പൊങ്കാല മഹോത്സവം. 6.30 ന് ഭക്തിഗാന സുധ, 7.30 ന് പൊങ്കാല നൈവേദ്യം, 8 ന് അന്നദാനം, വൈകിട്ട് 5 ന് താലപ്പൊലി ഘോഷയാത്ര, 6 ന് പൂമൂടൽ എന്നിവ നടക്കും.
3 മാസത്തെ ആസൂത്രണം, കുടുംബം ക്രിസ്മസ് അവധി ആഘോഷിക്കാൻ പോയപ്പോൾ പദ്ധതി നടപ്പാക്കി, കവർന്നത് അരക്കിലോ സ്വർണം; 4 പേർ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരു വിദ്യാരണ്യപുരയിലെ വ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കിലോയിലേറെ സ്വർണം മോഷ്ടിച്ച സംഭവത്തിൽ നാലംഗ സംഘം പിടിയിൽ. വ്യവസായിയുടെ വീട്ടിലെ ജോലിക്കാരനും ഡ്രൈവറും ഉൾപ്പെടെ നാലുപേരാണ് പിടിയിലായത്. മൂന്ന് കിലോ വെള്ളിയും മൂന്ന് ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു.
ഡിസംബർ 24ന് വിദ്യാരണ്യപുര പൊലീസ് സ്റ്റേഷന്റെ പരിധിയിലെ ലക്ഷ്മിപുര ക്രോസിലെ വില്ലയിൽ നടന്ന വൻ കവർച്ചയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കവർച്ച നടത്തിയ രണ്ടുപേരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇവരെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് വ്യവസായിയുടെ വീട്ടിൽ ജോലി ചെയ്യുന്ന രണ്ടുപേരുടെ കൂടി പങ്കാളിത്തം വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
വീട്ടുജോലിക്കാരനായ മഞ്ജിത്തും ഡ്രൈവറായ നരേന്ദ്രയുമാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യവസായിയായ ഗോപാൽ ഷിൻഡേയുടെ വീട് കൊള്ളയടിച്ച് ആ തുക കൊണ്ട് ധർമസ്ഥലയിലെത്തി സെറ്റിൽ ചെയ്യാനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. മൂന്നുമാസത്തെ ആസൂത്രണത്തിനൊടുവിൽ ബിഹാർ സ്വദേശിയായ മൻജിത്ത് സുഹൃത്തായ ചന്ദനെയും ദൊഡ്ഡ ബെല്ലാപുര സ്വദേശി നരേന്ദ്ര കൂട്ടുകാരനായ മഞ്ജുനാഥിനെയും സഹായിയായി കൂട്ടുകയായിരുന്നു. മഞ്ജുനാഥ് ചെറുകിട മോഷണങ്ങൾ പതിവാക്കിയിരുന്ന ആളാണെന്നും പൊലീസ് അറിയിച്ചു.
വ്യവസായിയും കുടുംബവും ക്രിസ്മസ് അവധി ആഘോഷത്തിന് വീടുവിട്ടിറങ്ങിയതോടെ സംഘം ഒത്തുചേരുകയും കവർച്ച നടത്തുകയും ആയിരുന്നു. ഗോപാൽ ഷിൻഡെ മടങ്ങി എത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടെത്തിയതും പൊലീസിനെ അറിയിച്ചതും. ഈ സമയത്തെല്ലാം മൻജിത്തും നരേന്ദ്രയും വിശ്വസ്തരെ പോലെ പെരുമാറിയിരുന്നതിനാൽ ആർക്കും സംശയം തോന്നിയില്ല. എന്നാൽ കൂട്ടുപ്രതികളെ പിടികൂടി ചോദ്യം ചെയ്തതോടെ ഇരുവരുടെയും പങ്കാളിത്തം പുറത്തുവരികയായിരുന്നു.

































