പോരുവഴി:പോരുവഴി മുൻ പഞ്ചായത്ത് പ്രസിഡൻ്റും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റുമായിരുന്ന ഇടയ്ക്കാട് കാഞ്ഞിരവിളയിൽ ഗോപാലകൃഷ്ണ പിള്ള (86) നിര്യാതനായി.ഭാര്യ:പരേതയായ സി.സരസ്വതിയമ്മ (റിട്ട.ടീച്ചർ,കെആർകെപിഎംഎസ് കടമ്പനാട്).മക്കൾ:കെ.ജി അനിൽകുമാർ(ഡയറക്ടർ,കടമ്പനാട് കുറീസ്),അഡ്വ.കാഞ്ഞിരവിള അജയകുമാർ (ഡിസിസി ജനറൽ സെക്രട്ടറി).സംസ്ക്കാരം തിങ്കൾ രാവിലെ 10ന് വീട്ടുവളപ്പിൽ.
അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്ത് എക്‌സ്… 3,500 പോസ്റ്റുകള്‍ നീക്കം ചെയ്തു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ പ്ലാറ്റ് ഫോമില്‍ പ്രചരിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്ത് എക്‌സ്. എക്‌സിലെ 3,500 പോസ്റ്റുകള്‍ നീക്കം ചെയ്യുകയും 600 അക്കൗണ്ടുകള്‍ ഇല്ലാതാക്കുകയും ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി.
‘എക്സ് തെറ്റ് സമ്മതിച്ചു, ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് അറിയിച്ചു. ഭാവിയില്‍ എക്സ് അശ്ലീല ചിത്രങ്ങള്‍ അനുവദിക്കില്ല’ എന്ന് ഉറപ്പ് നല്‍കിയതായും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
എക്സിലെ അശ്ലീല ഉള്ളടക്കങ്ങള്‍ തടയണം എന്നും, നടപടി സ്വീകരിച്ചത് സംബന്ധിച്ച് റിപ്പോര്‍ട്ട് 72 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കാനും ജനുവരി ആദ്യ വാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സിന് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
മകരവിളക്ക്: തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി… തിരുവാഭരണ ഘോഷയാത്ര നാളെ
മകരവിളക്ക് പ്രമാണിച്ച് ശബരിമലയിലും തീര്‍ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി. ഓരോ പ്രധാന കേന്ദ്രത്തിലും ഉള്‍ക്കൊള്ളാവുന്നവരുടെ എണ്ണംകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര നാളെ പന്തളം കൊട്ടാരത്തില്‍നിന്ന് പുറപ്പെടും. നാളെ പകല്‍ ഒന്നിനാണ് ഘോഷയാത്ര ആരംഭിക്കുന്നത്.
മകരവിളക്ക് ദിവസമായ 14ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് 30,000 പേര്‍ക്ക് മാത്രമായിരിക്കും. 13ന് 35,000 പേര്‍ക്കും 15 മുതല്‍ 18 വരെ 50,000 പേര്‍ക്കും 19ന് 30,000 പേര്‍ക്കും പാസ് അനുവദിക്കും. സ്‌പോട്ട് ബുക്കിങ് 5000 പേര്‍ക്കായി നേരത്തേ പരിമിതപ്പെടുത്തിയിരുന്നു. പാസില്ലാത്തവരെയും തീയതിയും സമയവും തെറ്റിച്ചുവരുന്നവരെയും പ്രവേശിപ്പിക്കില്ല. തീര്‍ഥാടകര്‍ക്ക് കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ ഉറപ്പാക്കണം. 14ന് രാവിലെ 10നുശേഷം നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും 11നുശേഷം പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തീര്‍ഥാടകരെ അനുവദിക്കില്ല.
തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനും ശുചീകരണത്തിനുമായി പകല്‍ 12 മുതല്‍ സന്നിധാനത്ത് കര്‍ശന നിയന്ത്രണമുണ്ടാകും. പതിനെട്ടാംപടിക്ക് മുകളിലുള്ള ഭാഗത്ത് (ഫ്‌ലൈ ഓവര്‍ ഉള്‍പ്പെടെ) 5000 പേരില്‍ കൂടുതല്‍ പാടില്ല. 13നും 14നും എരുമേലി വഴിയുള്ള കാനനപാതയിലൂടെ 1000 തീര്‍ഥാടകരെയും സത്രം- പുല്ലുമേടുവഴി 1500 പേരേയും മാത്രമേ അനുവദിക്കൂ. അപ്പാച്ചിമേട് -ബെയ്ലി ബ്രിഡ്ജ് വനപാതയിലൂടെ ആരെയും പ്രവേശിപ്പിക്കില്ല.
മകരവിളക്ക് ദര്‍ശിക്കാന്‍ പുല്ലുമേട്ടില്‍ പാസുള്ള 5000 പേരില്‍ കൂടുതല്‍ ഇല്ലെന്ന് ഉറപ്പാക്കണം. പൊന്നമ്പലമേട്ടില്‍ മകരജ്യോതി ചടങ്ങിന് ചുമതലപ്പെട്ടവര്‍മാത്രമേ പാടുള്ളൂ. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കായി പമ്പാ ഹില്‍ടോപ്പില്‍ ആവശ്യമെങ്കില്‍ പാര്‍ക്കിങ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
കെ-ടെറ്റ്: അധ്യാപകര്‍ക്ക് യോഗ്യത നേടാന്‍ പരമാവധി അവസരങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് കെ-ടെറ്റ് യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍, അധ്യാപകര്‍ക്ക് യോഗ്യത നേടാന്‍ പരമാവധി അവസരങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
സുപ്രീം കോടതി വിധി പ്രകാരം ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകള്‍ ഒഴികെ, ആര്‍ടിഇ ആക്റ്റ് ബാധകമായ എല്ലാ സ്‌കൂളുകളിലെയും അധ്യാപകര്‍ സര്‍വിസില്‍ തുടരുന്നതിന് അധ്യാപക യോഗ്യതാ പരീക്ഷ പാസാകേണ്ടതുണ്ട്. വിരമിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രം ശേഷിക്കുന്ന അധ്യാപകര്‍ക്ക് കെ-ടെറ്റ് യോഗ്യതയില്ലാതെ തന്നെ വിരമിക്കല്‍ പ്രായം വരെ സര്‍വീസില്‍ തുടരാം. എന്നാല്‍ ഇവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ കെ-ടെറ്റ് നിര്‍ബന്ധമാണ്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വിസ് ബാക്കിയുള്ള അധ്യാപകര്‍ വിധി വന്ന തീയതി മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കെ-ടെറ്റ് യോഗ്യത നേടിയിരിക്കണം. 2025 ഓഗസ്റ്റ് 31-ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് സര്‍വിസിലുള്ള 1,46,301 അധ്യാപകരില്‍ 75,015 പേര്‍ക്ക് കെ-ടെറ്റ് യോഗ്യതയില്ല. എന്നാല്‍ ഇവരില്‍ വലിയൊരു വിഭാഗത്തിന് സുപ്രീം കോടതി വിധിയുടെ ആനുകൂല്യം ലഭിക്കും. അധ്യാപകര്‍ക്ക് നിശ്ചിത സമയത്തിനുള്ളില്‍ യോഗ്യത നേടാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം, മന്ത്രി പറഞ്ഞു.
രാഹുലിനെതിരെ പരാതി നല്‍കിയ യുവതി വിദേശത്ത്
പത്തനംതിട്ട. രാഹുലിനെതിരെ പരാതി നല്‍കിയ യുവതി വിദേശത്ത്. മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സ് വഴി. ഇന്ന് രാത്രിയോടെ നാട്ടിലെത്തും. എത്തിയാലുടനെ രഹസ്യമൊഴി രേഖപ്പെടുത്തും
ഫെനി നൈനാന്‍ ഇടപെട്ടു. പരാതി നല്‍കരുതെന്ന് ഫെനി വഴി രാഹുല്‍ ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ പറഞ്ഞുതീർക്കാമെന്ന് ഫെനി പരാതിക്കാരിയോട് പറഞ്ഞു. രാഹുലിന്റെ നിർദേശപ്രകാരമെന്ന് യുവതിയുടെ മൊഴി. തനിക്ക് സമയമില്ല; ഫെനിയോട് സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞ് വാട്സ്ആപ്പ് ബ്ലോക്ക് ചെയ്തു. രാഹുലിന്റെ യുവതി പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും കൈമാറി. പണം കൈമാറിയതിന്റെ തെളിവുകള്‍ SITക്ക് പരാതിക്കാരി കൈമാറി. രാഹുലിന്റെ വിദേശയാത്രയ്ക്കും യുവതിയുടെ സഹായം ലഭിച്ചിരുന്നു. യുവതിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ സാമ്പത്തികമായി ചൂഷണം ചെയ്തു

പത്തനംതിട്ട മജിസ്ട്രേറ്റിന് മുമ്പാകെ ആയിരിക്കും രാഹുലിനെ ഹാജരാക്കുക. തിരുവല്ല മജിസ്ട്രേറ്റ് ഇല്ലാത്തതിനാൽ ചുമതല പത്തനംതിട്ട മജിസ്ട്രേറ്റിന്. എസ്പിയുടെ ക്യാമ്പ് ഓഫീസിന് അടുത്തുള്ള മജിസ്ട്രേറ്റിന്റെ വസതിയിൽ രാഹുലിനെ എത്തിക്കും.11 മണിയോടെ ഹാജരാക്കും
രാഹുലിനെ ഉന്നത ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. 9 മണിയോടെ വൈദ്യ പരിശോധന നടത്തും.അതിനുശേഷം മജിസ്ട്രേറ്റിന് മുമ്പാകെ എത്തിക്കും.
രാഹുലിനെ പാർട്ടി പുറത്താക്കിയതാണ് എന്നും രാജി വെക്കണോ എന്ന് ഇനി പാർട്ടി പറയേണ്ടതില്ലെന്നും ഡിഡിസി പ്രസിഡണ്ട് എ തങ്കപ്പൻ. മറ്റ് ഒരു പാർട്ടിക്കാരും എടുക്കാത്ത നടപടി കോൺഗ്രസ്സ് എടുത്തു. പാർട്ടി ഡിസ്മിസ് ചെയ്യുക എന്നതിന് അർത്ഥം ബന്ധം വേർപ്പെടുത്തുക എന്ന് തന്നെ ആണ്. അങ്ങനെ ഉള്ളിടത്ത് ഇനി രാജി വെക്കണം എന്ന് എന്തിന് പറയുന്നു. ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചതല്ലേ. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചെങ്കിൽ പാർട്ടി പുറത്താക്കിയിട്ടുമുണ്ടെന്ന് തങ്കപ്പന്‍ പറഞ്ഞു.
ഫ്ലെക്സ് ഇനി ഭാരമാകില്ല:ചെരുപ്പിൻ്റെ സോൾ,പൂച്ചെട്ടികൾ എന്നിവ നിർമ്മിക്കാൻ കൂത്തുപറമ്പിൽ വരുന്നു പുതിയ പ്ലാൻ്റ്
ഹരികുമാര്‍ കുന്നത്തൂര്‍
ശാസ്താംകോട്ട:ഉപയോഗശൂന്യമായി വലിച്ചെറിയുന്ന ഫ്ലെക്സുകൾ ഇനി പാരിസ്ഥിതിക വെല്ലുവിളിയാകില്ല.ഫ്ലെക്സ് ഉൾപ്പെടെയുള്ള സൈൻ പ്രിന്റിങ് മാലിന്യങ്ങൾ ശാസ്ത്രീയമായി പുനരുപയോഗിക്കാൻ കഴിയുന്ന തരത്തിൽ സംസ്ഥാനത്തെ ആദ്യ റീസൈക്ലിംഗ് പ്ലാൻ്റ് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ഉയരുന്നു.സൈൻ പ്രിന്റിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ്റെ (എസ്പിഐഎ) നേതൃത്വത്തിൽ 4 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി നടപ്പിലാക്കുന്നത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യം ശേഖരിക്കുമ്പോൾ, സൈൻ പ്രിന്റിങ് യൂണിറ്റുകൾ സജീവമായ കൊല്ലം ജില്ലയ്ക്കും പ്ലാന്റ് വലിയ ഗുണകരമാകും.ജില്ലയിലെ ഉത്സവപ്പറമ്പുകളിലും രാഷ്ട്രീയ പ്രചാരണങ്ങൾക്കും ശേഷം കുന്നുകൂടുന്ന ടൺ കണക്കിന് ഫ്ലെക്സ് മാലിന്യങ്ങൾ ഇനി ശാസ്ത്രീയമായി നീക്കം ചെയ്യപ്പെടും.

അഷ്ടമുടി കായൽ ഉൾപ്പെടെയുള്ള ജലാശയങ്ങളിലേക്ക് ഇത്തരം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് തടയാൻ ഈ നീക്കം സഹായിക്കും.കിലോയ്ക്ക് 20 രൂപ നിരക്കിൽ മാലിന്യം ശേഖരിക്കുന്നത് കൊല്ലത്തെ ചെറുകിട യൂണിറ്റുകൾക്കും ആശ്വാസമാകും.മാലിന്യത്തിൽ നിന്ന് വരുമാനം ‘എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം’ എന്ന ആശയത്തിലൂന്നിയാണ് പദ്ധതി നടപ്പാക്കുന്നത്.ഉപയോഗം കഴിഞ്ഞ ഫ്ലെക്സുകളും അനുബന്ധ മാലിന്യങ്ങളും കിലോയ്ക്ക് 20 രൂപ നിരക്കിൽ അസോസിയേഷൻ നേരിട്ട് ശേഖരിക്കും.ഇവ പ്ലാന്റിലെത്തിച്ച് തരംതിരിച്ച ശേഷം ഗ്രാന്യൂളുകളാക്കി മാറ്റും.പിന്നീട് 45 രൂപയോളം വിപണി മൂല്യമുള്ള പെല്ലറ്റുകളായി ഇവ രൂപാന്തരപ്പെടും.ചെരുപ്പിൻ്റെ സോൾ,പൂച്ചെട്ടികൾ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ നിർമ്മാണത്തിനായാണ് ഇവ പ്രധാനമായും ഉപയോഗിക്കുക.കൊല്ലത്തെ തദ്ദേശ സ്ഥാപനങ്ങൾക്കും ക്ലബ്ബുകൾക്കും തങ്ങളുടെ പരിധിയിലുള്ള ഫ്ലെക്സ് മാലിന്യം കൃത്യമായി കൈമാറാൻ ഇതോടെ സംവിധാനമാകും.
വ്യവസായത്തിന് പുതുജീവൻ
സംസ്ഥാനത്ത് 2,500 കോടി രൂപയുടെ വിറ്റുവരവുള്ള സൈൻ പ്രിന്റിങ് മേഖലയിൽ ഒന്നര ലക്ഷത്തോളം പേരാണ് തൊഴിലെടുക്കുന്നത്.ഫ്ലെക്സ് നിരോധനവും പരിസ്ഥിതി പ്രശ്നങ്ങളും മൂലം തകർച്ച നേരിടുന്ന ഈ വ്യവസായത്തിന് പുതിയ റീസൈക്ലിംഗ് പ്ലാൻ്റ് വലിയൊരു ആശ്വാസമാകും. സീറോ വേസ്റ്റ് പദ്ധതിയിലൂടെ ഈ രംഗത്തെ പരിസ്ഥിതി സൗഹൃദമാക്കുകയാണ് ലക്ഷ്യമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി.സഞ്ജയ് പണിക്കർ പറഞ്ഞു.
‘തള്ള വൈബ്’ സോഷ്യൽ മീഡിയയിൽ വൈബ്.. പ്രകമ്പനം ഉടൻ തീയേറ്ററുകളിൽ
ഹൊറർ- കോമഡി എന്റർടെയ്‌നർ ‘പ്രകമ്പനം’ ഉടൻ തിയേറ്ററുകളിലെത്തും. സാഗർ സൂര്യയും ഗണപതിയും പ്രധാനവേഷത്തിലെത്തുന്നത്. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ‘പ്രകമ്പനം’ പുറത്തിറക്കുന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ‘തള്ള വൈബ്’ എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണിപ്പോൾ. ബിബിൻ അശോക് സംഗീതംചെയ്ത ഗാനം പ്രണവം ശശിയും പുഷ്പവതിയും ചേർന്നാണ് പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികൾ.
യുവപ്രേക്ഷകരെ ഒന്നാകെ വൈബാക്കുന്ന ഒന്നൊന്നര സോങ്ങെന്നാണ് പ്രേക്ഷക പ്രതികരണം. ചിത്രം മുഴുനീളം രസകരമായി തോന്നിയതിനാലാണ് നിർമാണത്തിൽ പങ്കാളിയാകുന്നതെന്ന് കാർത്തിക് സുബ്ബരാജ് അഭിപ്രായപ്പെട്ടിരുന്നു.
‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിനു ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ. എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.





































