Home Blog Page 485

കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ യാത്രാ ദുരിതം വിതച്ച് പുതിയ പാലം നിർമ്മാണം

കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ യാത്രാ ദുരിതം വിതച്ച് പുതിയ പാലം നിർമ്മാണം. കരുന്നാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ കരുനാഗപ്പള്ളി മാർക്കറ്റിലാണ് ഒന്നര വർഷത്തിന് മുൻപ് റോഡ് കുത്തിപ്പൊളിച്ച് പാലം നിർമ്മിച്ചത്. പാലത്തിന്റെ ഇരുവശവും കുത്തി െ പ്പാളിച്ചെങ്കിലും ടാർ ചെയ്തോ കോൺക്രീറ്റിട്ടൊ നിരപ്പാക്കാൻ കരാറുകാരൻ തയ്യാറായില്ല. ടാർ റോഡിനേക്കാൾ രണ്ടിഞ്ചോളം ഉയർന്നാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഇത് കാരണം പല വാഹനങ്ങളും അപകടത്തിൽപ്പെടുന്നു. കൂടുതലും ഇരുചക്ര വാഹന യാത്രക്കാരാണ്.

ഓർക്കാപ്പുറത്ത് കുഴിയിൽ വീണ് വാഹനം കുതിച്ച് ഉയരുമ്പോൾ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ തെറിച്ച് പോകുന്നതും പതിവ് കാഴ്ചയാണ്. നൂറുകണക്കിന് വാഹനങ്ങളാണ് ഇരു വശത്തേക്കും ഇതുവഴി കടന്നുപോകുന്നത്. വാഹനങ്ങൾ വേഗത കുറക്കുമ്പോൾ ഗതാഗത കുരുക്കും വർദ്ധിക്കും. ഓഫീസ്, സ്കൂൾ സമയങ്ങളായ രാവിലെയും വൈകിട്ടും ഇത് വഴിയുള്ള യാത്ര വളരെ ദുഷ്കരമാണ്.

സമാന രീതിയിലാണ് കെ.എസ്.ആർ.റ്റി.സി സ്റ്റാന്റിന് സമീപത്തും IHRD കോളേജിന് സമീപവും . കരാറുകാർ എങ്ങനെയും കാട്ടി കൂട്ടി ഫണ്ട് പാസ്സാക്കുന്ന നിലപാടാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതിന് മൗന സമ്മതം നൽകുകയാണ്. ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെട്ടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സ്ഥലവാസികളും പറയുന്നു.

`ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി, പ്രതികരിച്ച് അതിജീവിത

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. `ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’ എന്നെഴുതിയ കപ്പുമായാണ് മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യം. എൽഡിഎഫ് സത്യാഗ്രഹ സമരവേദിയിലാണ് മുഖ്യമന്ത്രി ഈ കപ്പ് ഉപയോഗിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിനു പിന്നാലെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ അതിജീവിത ഈ പ്രയോഗം നടത്തിയിരുന്നു.

അതേസമയം, ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പുകൾ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, രാഹുലിന് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യത്തോട് പ്രതികരിച്ച് അതിജീവിതയുടെ ഫേസ്ബുക്ക് കുറിപ്പ്. ആ കപ്പിലെ വാചകങ്ങൾക്ക് എൻറെ ഉള്ളിൽ നിന്ന് അടർത്തി മാറ്റപ്പെട്ട ജീവൻറെ തുടിപ്പ് ഉണ്ടെന്നാണ് `ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’ എന്നെഴുതിയ കപ്പുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് അതിജീവിത കുറിച്ചത്.

‘ഇരുട്ടിൽ ചെയ്ത പ്രവർത്തികൾ ദൈവം കണ്ടെന്നും മാലാഖ കുഞ്ഞുങ്ങൾ സ്വർഗത്തിൽനിന്ന് തങ്ങളോട് ക്ഷമിക്കട്ടെയെന്നും അതിജീവിത രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിന് പിന്നാലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എങ്ങും എത്താതിരുന്ന നിലവിളി ദൈവം കേട്ടെന്നും തെറ്റായ വ്യക്തിയെ വിശ്വസിച്ച് കുട്ടിയുടെ പിതാവാകാൻ യോഗ്യനല്ലാത്ത ഒരാളെ തെരഞ്ഞെടുത്തതിന് ക്ഷമ ചോദിക്കുന്നു എന്നും രാഹുലിനെതിരെ പരാതി നൽകിയ ആദ്യകേസിലെ അതിജീവിത ഫേയ്സ്ബുക്കിൽ കുറിച്ചിരുന്നു.

ശാസ്താംകോട്ട വിദ്യാരംഭം സെൻട്രൽ സ്കൂൾ സിൽവർ ജൂബിലി ആഘോഷിച്ചു

ശാസ്താംകോട്ട : വിദ്യാരംഭം സെൻട്രൽ സ്കൂൾ സിൽവർ ജൂബിലി ആഘോഷം വിബ്ജ്യോർ 2026 എംഎൽഎ ഡോക്ടർ സുജിത് വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം ഷൈൻ നിഗം മുഖ്യാതിഥി ആയിരുന്നു. ചെയർമാൻ റഷീദ് അധ്യക്ഷത വഹിച്ചു. ആൾ ഇന്ത്യ പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ മികച്ച പ്രിൻസിപ്പലിനുള്ള അവാർഡ് നേടിയ സ്കൂൾ പ്രിൻസിപ്പൽ മഹേശ്വരിയെ ചടങ്ങിൽമാനേജർ വിദ്യാരംഭം ജയകുമാർ ആദരിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ രാഖി പ്രവീൺ, ഗ്രാമപഞ്ചായത്ത് മെമ്പർ സവിത ചന്ദ്രൻ, വൈസ് ചെയർമാൻ സുബൈർകുട്ടി, ട്രഷറർ കൊടിയിൽ ലത്തീഫ് എന്നിവർ ആശംസ പ്രസംഗം നടത്തി.
അധ്യാപക പ്രതിനിധികളായ ജെ. യാസിർ ഖാൻ, അഞ്ജനി തിലകം, ഷിംന മുനീർ, വിനീത, പ്രിയ മോൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഹെഡ് ഗേൾ പൂർണിമ സ്വാഗതവും ഹെഡ് ബോയ് യാസീൻ നന്ദിയും അർപ്പിച്ചു. സ്കൂളിലെ മുൻ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, സമ്മാനവിതരണവും, ആയിരത്തോളം കുട്ടികളുടെ കലാസന്ധ്യയും നടത്തപ്പെട്ടു.

കിഴക്കേ കല്ലട 110 കെ വി സബ് സ്റ്റേഷന് സാങ്കേതികാനുമതി

കിഴക്കേ കല്ലട.കല്ലട മേഖലയിൽ വൈദ്യുതി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് കിഴക്കേ കല്ലടയിൽ സ്ഥാപിക്കുന്ന 110 കെ. വി സബ് സ്റ്റേഷൻനിർമാണത്തിന് വൈദ്യുതി ബോർഡ്‌ സാങ്കേതികാ നുമതി നൽകി. വിശദമായ എസ്റ്റിമേറ്റ് പ്രകാരം 7.53 കോടി രൂപയ്ക്കുള്ള ഇതു സംബന്ധിച്ച ഉത്തരവ് ഡിസംബർ 17 നാണ് പുറത്തിറങ്ങിയത്.

കല്ലട മേഖലയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസിന് രേഖാമൂലം നൽകിയ മറുപടിയിൽ വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചതാണിത്.

കഴിഞ്ഞ വർഷം ഏപ്രിൽ അഞ്ചിനു സബ് സ്റ്റേഷൻ നിർമാണത്തിനുള്ള ഭരണാനുമതി നൽകിയിരുന്നു.കണ്ട്രോൾ റൂമിന്റെ നിർമാണത്തിനുള്ള പ്രവൃത്തി ടെൻഡർ ചെയ്തിട്ടുണ്ട്. എർത്ത് മാറ്റ്, സബ് സ്റ്റേഷൻ എക്യുപ്പ്മെന്റ് ഇറക്ഷൻ, കണ്ട്രോൾ വയറിംഗ് എന്നിവയ്ക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുകയും ടെൻഡർ ജോലികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു.
പുതിയ 110 കെ.വി സബ് സ്റ്റേഷൻ നിലവിൽ വരുന്നതോടെ കിഴക്കേ കല്ലട, മൺറോതുരുത്ത് പഞ്ചായത്തുകളിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും. കുണ്ടറയ്ക്ക് പുറമെ ശാസ്താംകോട്ട,പുത്തൂർ സബ് സ്റ്റേഷനുകളെ കൂടി ആശ്രയിച്ചുള്ള നിലവിലെ വൈദ്യുതിവിതരണരീതി ഇതോടെ ഒഴിവാക്കാനും കഴിയും.

രൂക്ഷമായ വൈദ്യുതിപ്രതിസന്ധി നേരിട്ടുന്ന പടിഞ്ഞാറെ കല്ലടയെ കൂടി പുതിയ 110 കെ. വി സബ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുത്തി കല്ലട മേഖലയിലാകെ തടസ്സം കൂടാതെയുള്ള വൈദ്യുതി വിതരണം ഉറപ്പാക്കണമെന്ന് ദ് കോസ് പ്രസിഡന്റ്‌ മംഗലത്ത് ഗോപാലകൃഷ്ണൻ, സെക്രട്ടറി ആർ . അശോകൻ എന്നിവർ ബോർഡ്‌ അധികൃതരോട് ആവശ്യപ്പെട്ടു.
വി. എസ്. പ്രസന്നകുമാർ, കെ. റ്റി. ശാന്തകുമാർ, എൻ. അംബു ജാക്ഷപണിക്കർ, എ. കെ. സഹജൻ,കിടങ്ങിൽ മഹേന്ദ്രൻ, ഡി. ശിവപ്രസാദ്, പി. വിനോദ്, എസ്. സോമരാജൻ എന്നിവർ പങ്കെടുത്തു.

സർപ്രൈസ് എൻട്രി… ആയുഷ് ബദോനി ഇന്ത്യൻ ടീമിൽ

ന്യൂസിലന്‍ഡിനെതിരായ ശേഷിക്കുന്ന രണ്ട് ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ഇന്ത്യൻ ടീമിൽ ആയുഷ് ബദോനിയെയും ഉൾപെടുത്തി.പരിക്കേറ്റ് പുറത്തായ വാഷിങ്ടന്‍ സുന്ദറിനു പകരക്കാരനായിട്ടാണ്  ആയുഷ് ബദോനി ടീമിൽ ഇടം നേടിയത്. ഇതാദ്യമായാണ് ആയുഷ് ബദോനിക്ക് മുന്നില്‍ ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറക്കുന്നത്. വരിയെല്ലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് വാഷിങ്ടന്‍ സുന്ദര്‍ പുറത്തായത്.

26കാരനായ ബദോനി ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമായിരുന്നപ്പോള്‍ നിലവിലെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ അവിടെ മെന്ററായി പ്രവര്‍ത്തിച്ചിരുന്നു. താരത്തിന്റെ ബാറ്റിങ് ആവറേജ് 57.96 ആണ്. വിജയ് ഹസാരെ ട്രോഫിയില്‍ ബാറ്റിങിലും ബൗളിങിലും താരം തിളങ്ങിയിരുന്നു.

ഓഫ് സ്പിന്നര്‍ ഓള്‍ റൗണ്ടറായ ബദോനി കഴിഞ്ഞ ഒരു വര്‍ഷമായി സ്ഥിരത പുലര്‍ത്തുന്ന താരമാണ്. ഇതാണ് താരത്തിനു ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. അടുത്ത രണ്ട് മത്സരങ്ങളില്‍ പ്ലെയിങ് ഇലവനില്‍ എത്തുമോ എന്നു ഉറപ്പില്ല.

കുണ്ടറ താലൂക്ക് ആശുപത്രി: ബഹുനില മന്ദിരം ജനുവരി 19ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം  ജനുവരി 19 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം താലൂക്ക് ആശുപത്രി അങ്കണത്തില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബൈജുവിന്റെ അധ്യക്ഷതയില്‍  ചേര്‍ന്നു. എംഎല്‍എമാരായ പി.സി വിഷ്ണുനാഥ്, എം.മുകേഷ്, കോവൂര്‍ കുഞ്ഞുമോന്‍ തുടങ്ങിയവര്‍ രക്ഷാധികാരികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബൈജു ചെയര്‍മാനും ആശുപത്രി സൂപ്രണ്ട് ജി ബാബുലാല്‍ കണ്‍വീനറുമായ സംഘാടകസമിതി രൂപീകരിച്ചു.
കിഫ്ബി ഫണ്ടില്‍ നിന്ന് 76.13 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ ഏഴ് നില കെട്ടിടത്തില്‍ 130 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. നിലവിലുള്ള ഗൈനക്കോളജി, ദന്തല്‍, പീഡിയാട്രിക്സ്, ജനറല്‍ മെഡിസിന്‍ സേവനങ്ങള്‍ക്ക് പുറമേ  ഓര്‍ത്തോഡോന്റിക്, സര്‍ജറി, ഇ എന്‍ ടി, ഒഫ്താല്‍മോളജി വിഭാഗങ്ങളുടെ സേവനങ്ങളും പുതിയ കെട്ടിടം തുറന്നു പ്രവര്‍ത്തിക്കുന്നതോടെ ലഭ്യമാകും. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ രണ്ട് ഓപ്പറേഷന്‍ തീയേറ്ററുകള്‍, നാല് ഐ.സി.യു, ജനറല്‍ പേവാര്‍ഡ്, സ്‌കാനിങ് ലബോറട്ടറി, എക്സ്-റേ, പോസ്റ്റ്മോര്‍ട്ടം, മോര്‍ച്ചറി സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

കുണ്ടറ  പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ഓമനക്കുട്ടന്‍, പേരയം പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്യാം, കിഴക്കേക്കല്ലട പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ വര്‍ഗീസ്, മണ്‍ട്രോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മായ നെപ്പോളിയന്‍, പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് വി മനോജ്, പനയം പഞ്ചായത്ത് പ്രസിഡന്റ് വിനീത വിജയന്‍, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാര്‍ഷല്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ. ബിന്ദു മോള്‍, ഡി എം ഒ ഡോ എം.എസ് അനു, ഡി പി എം ഡോ. ദേവ് കിരണ്‍, ചിറ്റുമല ബ്ലോക്ക് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ വിജയകുമാര്‍, ചിറ്റുമല ബ്ലോക്ക്മുന്‍ പ്രസിഡന്റ് ജയദേവി മോഹന്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് : സ്‌കൂള്‍-കോളജ് തല മത്സരങ്ങള്‍ക്ക് തുടക്കമായി

ജില്ലയില്‍ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ മെഗാ ക്വിസ് മത്സരത്തിന് തുടക്കമായി. നവകേരളസൃഷ്ടിയും കേരളത്തിന്റെവളര്‍ച്ചയും അടിസ്ഥാനമാക്കിയാണ്  മത്സരം. എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും   സര്‍വകലാശാല – കോളേജ് വിദ്യാര്‍ഥികള്‍ക്കുമായി പ്രാഥമികതല വ്യക്തിഗത മത്സരമാണ് നടത്തിയത്. കോളജ് തലത്തില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജില്ലാ തലത്തില്‍ ടീം രൂപീകരിച്ചാണ് മത്സരം.
ക്വിസ് പഠന സഹായ സാമഗ്രികള്‍ www.cmmegaquiz.kerala.gov.in വെബ്‌സൈറ്റില്‍ സൗജന്യമായി ലഭ്യമാക്കി. സ്‌കൂള്‍തല വിജയികള്‍ക്ക്  ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം  അഞ്ച് ലക്ഷം,   മൂന്ന് ലക്ഷം,   രണ്ട് ലക്ഷം  രൂപവീതമാണ് സമ്മാനം. കോളജ്തലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം     മൂന്ന് ലക്ഷം,   രണ്ട് ലക്ഷം,   ഒരു ലക്ഷം  രൂപ വീതവുമാണ് സമ്മാനങ്ങള്‍. മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. വിജയികള്‍ക്ക് മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും.

പോക്കുവരവ് ചെയ്ത് നൽകുന്നതിനായി കൈക്കൂലി: മുൻ വില്ലേജ് ഓഫീസർക്ക് ആറ് വർഷം കഠിന തടവ്

തിരുവനന്തപുരം: പോക്കുവരവ് ചെയ്ത് നൽകുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് ഓഫീസറെ കോടതി ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചു. വിളവൂർക്കൽ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസറും റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാറുമായ അർഷാദ്.എച്ച്.എയെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.


ശിക്ഷയ്ക്ക് പുറമെ 50,000 രൂപ പിഴയും ഒടുക്കണം. 2012-ലാണ് കേസിനാസ്പദമായ സംഭവം. പെരുകാവ് വാളിയോട്ടുകോണം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ പിതാവ് ധനനിശ്ചയം ചെയ്ത് നൽകിയ 75 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി അർഷാദ് 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.


പരാതിയെത്തുടർന്ന് വിജിലൻസ് ദക്ഷിണ മേഖല യൂണിറ്റ് കെണിയൊരുക്കി ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു. വിജിലൻസ് സമർപ്പിച്ച കുറ്റപത്രം പരിഗണിച്ച വിജിലൻസ് കോടതി ജഡ്ജി മനോജ് എ ആണ് വിധി പുറപ്പെടുവിച്ചത്.


വിവിധ വകുപ്പുകളിലായി ആകെ ആറ് വർഷം ശിക്ഷ ലഭിച്ചെങ്കിലും ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി. മുമ്പ് വിജിലൻസ് ഡി.വൈ.എസ്.പി ആയിരുന്ന ആർ. സുകേശൻ, എസ്.പി ആർ. ജയശങ്കർ ഐ.പി.എസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ക്ഷേത്രത്തിലും പള്ളിയിലും വഴിപാടുകളും പൂജയും

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി ക്ഷേത്രത്തിലും പള്ളിയിലും വഴിപാടുകളും പൂജയും. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി റിജോ ജോര്‍ജാണ് രാഹുലിനായി പള്ളിയിലും ക്ഷേത്രത്തിലും വഴിപാടുകളും പൂജയും നടത്തിയത്. ഇതിന്റെ രസീതുകള്‍ ഉള്‍പ്പെടെ പുറത്തുവന്നു.
തിങ്കളാഴ്ച രാവിലെ വള്ളംകുളം നന്നൂര്‍ ദേവി ക്ഷേത്രത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍, അശ്വതി നക്ഷത്രം എന്ന പേരില്‍ ഭാഗ്യസൂക്ത അര്‍ച്ചനയും ശത്രുസംഹാര പൂജയും നടത്തിയത്. ഇതേ പേരില്‍ തന്നെ പുതുപ്പള്ളി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാനയ്ക്കുള്ള കുര്‍ബാനപ്പണവും റിജോ അടച്ചിട്ടുണ്ട്.
സമയ ദോഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വിശദീകരണം. സമയ ദോഷം മാറുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ പൂജയും വഴിപാടുകളും ചെയ്തതെന്നാണ് റിജോ പറയുന്നത്. വ്യക്തിപരമായ താത്പര്യമാണ് പ്രാര്‍ത്ഥനകള്‍ക്ക് പിന്നിലെന്നും റിജോ വിശദീകരിക്കുന്നു.
മൂന്ന് ബലാത്സംഗക്കേസുകളാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്നാമത്തെ പരാതിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. നിലവില്‍ മാവേലിക്കര സ്‌പെഷല്‍ സബ് ജയിലിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍പ്പിച്ചിട്ടുള്ളത്.

കരൂർ ദുരന്ത കേസിൽ വിജയിയെ സിബിഐ ചോദ്യംചെയ്യുന്നു

കരൂർ ദുരന്ത കേസിൽ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ടിവികെ അധ്യക്ഷനും തമിഴ് താരവുമായ വിജയിയെ ചോദ്യംചെയ്യുന്നു. ദുരന്തത്തിന് പിന്നിലെയുണ്ടായ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി വിജയ്‌യുടെ പ്രചാരണ വാഹനം ചെന്നൈയിൽ നിന്ന്‌ കഴിഞ്ഞദിവസം സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. സിബിഐ സൂപ്രണ്ടും ഒരു ഇൻസ്പെക്ടറും ഉൾപ്പെടെയുള്ള സംഘമാണ് ചോദ്യം ചെയ്യൽ നടത്തുന്നത്.


സെപ്‌തംബർ 27നാണ്‌ കരൂരിൽ വിജയ്‌ പങ്കെടുത്ത റാലിയ്‌ക്കിടെ ദുരന്തമുണ്ടായത്‌. തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് ജീവൻ നഷ്ടമായത്. സംഘാടനത്തിലെ ഗുരുതര പിഴവാണ് വൻ ദുരന്തത്തിലേക്ക് നയിക്കുകയായിരുന്നു. ദുരന്തമുണ്ടായതിനുപിന്നാലെ സ്ഥലത്തുനിന്ന് മടങ്ങിയ വിജയ് ചാർട്ടേഡ് വിമാനത്തിൽ അർധരാത്രി തന്നെ ചെന്നൈയിലെത്തി. സോഷ്യൽ മീഡിയയിൽ അനുശോചന സന്ദേശവും നൽകി. വിജയ്‍യുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്.