Home Blog Page 10

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ പാകിസ്ഥാനിൽ മരണപ്പെട്ടു

ന്യൂഡൽഹി: ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെട്ടതായി റിപ്പോർട്ട്. പാകിസ്ഥാനിലെ ജാമിയ മസ്‌ജിദ് ഉസ്‌മാൻ വാലിയിൽ താഹിറിന്റെ സംസ്‌കാരച്ചടങ്ങുകൾ നടന്നുവെന്നാണ് സൂചന. മരണകാരണം വ്യക്തമല്ല.

മസൂദ് അസറിന്റെ അഞ്ച് സഹോദരന്മാരിൽ ഒരാളാണ് താഹിർ. ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരപ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ മസൂദിന്റെ പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടിരുന്നു.

യുഎൻ സുരക്ഷാ കൗൺസിൽ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ മസൂദ് അസർ 2001 ലെ പാർലമെന്റ് ആക്രമണം, 2008 ലെ മുംബയ് ആക്രമണം, 2016 ലെ പത്താൻകോട്ട് ആക്രമണം, 2019 ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയാണ്.ഇന്ത്യക്കെതിരെ ഏത് നിമിഷവും ആക്രമണം നടത്താൻ തയ്യാറായി ആയിരത്തിലേറെ ചാവേർ ബോംബർമാർ തന്റെ ഒപ്പമുണ്ടെന്ന് അവകാശപ്പെടുന്ന മസൂദിന്റേതെന്ന് കരുതുന്ന ശബ്ദ സന്ദേശം ജനുവരിയിൽ പുറത്തുവന്നിരുന്നു.

ചാവേറുകളുടെ ശരിക്കുമുള്ള എണ്ണം പറഞ്ഞാൽ ലോകം ഞെട്ടുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. സന്ദേശത്തിന്റെ ആധികാരികത വ്യക്തമല്ല. ഇതിന് മുമ്പും മസൂദിന്റേതെന്ന് പറയപ്പെടുന്ന ഭീഷണി സന്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്. മസൂദ് അസർ പാക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐ.എസ്.ഐയുടെയും സഹായത്തോടെ സുരക്ഷിത താവളത്തിലുണ്ടെന്നാന്ന് ഇന്റലിജൻസ് ഉറവിടങ്ങൾ വ്യക്തമാക്കുന്നത്.

പരസ്യസംവാദം: മുഖ്യമന്ത്രിയെ വീണ്ടും വെല്ലുവിളിച്ച് സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനുമായുള്ള പരസ്യ സംവാദത്തിൽ നിന്ന് പിന്മാറി മുഖ്യമന്ത്രി പിണറായി വിജയൻ. നേരിട്ടുള്ള സംവാദത്തിനല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വിശദീകരിച്ചു. അതേസമയം, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വീണ്ടും വെല്ലുവിളിയുമായി വിഡി സതീശന്‍ രംഗത്തെത്തി. സംവാദത്തിന്‍റെ സമയവും സ്ഥലവും ഇതുവരെ തീരുമാനിച്ചില്ലെന്നും മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്നും വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. സംവാദമാകാമെന്ന് പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രിയെ സതീശൻ ഓര്‍മിപ്പിച്ചു.

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി. അധികാരത്തിലുള്ളവർ അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ അവർ പദവി ഒഴിയണമെന്ന് ഉത്തരവിടാൻ സാധ്യമായിരുന്ന ലോകായുക്ത നിയമത്തിലെ ഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ നൽകിയ ഹര്‍ജിയാണ് കോടതി തള്ളിയത്. സംസ്ഥാന സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ച് ശരിവെച്ചു.

ഭരണഘടന ഭേദഗതി അംഗീകരിക്കുന്നുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ചില മാറ്റങ്ങളോടെ ഭേദഗതി അംഗീകരിക്കുകയാണ്. ലോകായുക്ത ശുപാർശ സമർപ്പിച്ച് മൂന്നു മാസത്തിനകം നിയമസഭ തീരുമാനമെടുത്തില്ലെങ്കിൽ റിപ്പോർട്ട് അംഗീകരിച്ചതായി കണക്കാക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

അധികാരത്തിലുള്ളവർ അഴിമതി നടത്തിയെന്ന് തെളിഞ്ഞാൽ അവർ പദവി ഒഴിയണമെന്ന് ഉത്തരവിടാൻ നിയമത്തിലെ 14–ാം വകുപ്പു പ്രകാരം ലോകായുക്തയ്ക്ക് മുമ്പ് സാധ്യമായിരുന്നു. എന്നാൽ മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധിക്കാൻ കഴിയുമെന്നതാണ് പുതിയ ഭേദഗതി. ഇതാണ് ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്.

അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങൾക്കു ശക്തി പകരാൻ കൊണ്ടുവന്ന ലോകായുക്ത നിയമത്തെ നിയമഭേദഗതി നിഷ്ക്രിയമാക്കുമെന്നായിരുന്നു ചെന്നിത്തല അടക്കമുള്ളവര്‍ ആരോപിച്ചത്. ഭേദഗതി ജുഡീഷ്യൽ അധികാരങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണെന്നും ഭേദഗതി നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. നിയമസഭ പാസാക്കിയ ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു.

കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് അനുമതി നൽകാതെ അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ഗവര്‍ണര്‍ പരിഗണനയ്ക്ക് വിട്ട ബില്ലിനാണ് രാഷ്ട്രപതി അനുമതി നൽകിയത്. ലോക് പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നല്‍കിയത്. പുതിയ ഭേദഗതിയോടെ ഗവർണറുടെ അപ്പലേറ്റ് അധികാരം ഇല്ലാതാവും.

വെള്ളാപ്പള്ളിയുടെ പ്രതികരണങ്ങൾ എസ്.എൻ.ഡി.പി. യോഗത്തിന്റെ നിലപാടല്ല -തുഷാർ വെള്ളാപ്പള്ളി

പത്തനംതിട്ട: വെള്ളാപ്പള്ളി നടേശന്റെ പ്രതികരണങ്ങൾ എസ്.എൻ.ഡി.പി. യോഗത്തിന്റെ രാഷ്ട്രീയനിലപാടല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും യോഗം വൈസ് പ്രസിഡന്റും എൻ.ഡി.എ. കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം ഈ തിരഞ്ഞെടുപ്പിൽ ഒരു കക്ഷിയെയും പിന്തുണയ്ക്കുന്നില്ലെന്നും പത്തനംതിട്ടയിൽ നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ജനറൽ സെക്രട്ടറി അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലാണ് പ്രതികരണം നടത്തുന്നത്. എസ്.എൻ.ഡി.പി. യോഗത്തിന്റെ തീരുമാനം പറയണമെങ്കിൽ കൗൺസിൽ കൂടിയശേഷം മാത്രമേ സാധിക്കൂ. ഒരു മുന്നണിയെയും സഹായിക്കാനോ ഉപദ്രവിക്കാനോ ഉള്ള നയം എസ്.എൻ.ഡി.പി. യോഗത്തിനില്ലെന്നും തുഷാർ പറഞ്ഞു.

എസ് ഡി പി ഐ പിന്തുണ സി പി എം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: എസ് ഡി പി ഐ പിന്തുണ സി പി എം ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്ത് വി ശിവൻകുട്ടിയും പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. ബി ജെ പി തോൽക്കണമെന്ന് ആഗ്രഹിക്കുന്നവർ വാേട്ടുചെയ്തിട്ടുണ്ടാവും. വർഗീതയ്ക്കെതിരായ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ഇന്നലത്തെ വാർത്താസമ്മേളനത്തിലുണ്ടായ വിവാദങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി.

സമയം തീരാറായപ്പോഴാണ് ഇന്നലെ വാർത്താസമ്മേളനം നിറുത്തിയത്. മുന്നിൽവന്ന ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. ഏതുചോദ്യത്തിനും ഉത്തരം നൽകുന്നയാളാണ് ഞാൻ. ആരാണ് ചോദിക്കുന്നതെന്ന് നോക്കിയല്ല ഉത്തരം നൽകുന്നത്. മാദ്ധ്യമപ്രവർത്തകരുടെ മനസിലുള്ള ചോദ്യങ്ങൾക്കല്ല, മറിച്ച് തന്റെ മുന്നിൽ വരുന്ന ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നത്. മനസിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ല. ഇന്നലെ ബഹളംവയ്ക്കാൻ തയ്യാറായി ചിലരെത്തി. ഇതൊരു പുതിയ അനുഭവമാണ്.

കാര്യങ്ങളെ വക്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇത് നിർഭാഗ്യകരമാണ്. തിരഞ്ഞെടുപ്പ് കാലത്ത് കാര്യങ്ങളെ ബഹളമയമാക്കി’- ഇന്നലെ കൊല്ലത്ത് വാർത്താസമ്മേളനത്തിനിടെ ഉണ്ടായ വിവാദങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു.എസ് ഡി പി ഐ വോട്ടുവേണ്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടി ബിനോയ് വിശ്വം പറഞ്ഞതിന് പരിഹാസരൂപത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇനിമുതൽ അദ്ദേഹത്തോട് എഴുതിവാങ്ങി മറുപടി നൽകാം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വാർത്താസമ്മേളനത്തിൽ ഒരിക്കൽപ്പോലും എസ് ഡി പി ഐയുടെ പേര് മുഖ്യമന്ത്രി പരാമർശിച്ചില്ല എന്നതും ശ്രദ്ധേയമായി.

തീവ്രവാദത്തിന്റെ വിഷ വിത്തുപാകിയ പ്രസ്ഥാനങ്ങളോട് എൽഡിഎഫിന് സന്ധിയില്ലെന്നും വോട്ടുചെയ്യുമ്പോൾ മനുഷ്യപക്ഷത്ത് നിൽക്കുന്നവരുടെ വോട്ട് സ്വീകരിക്കുമെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾക്ക് സ്വർണം കട്ടവരെങ്ങനെ സ്വന്തം വീട്ടിലെത്തിയെന്ന് നോക്കിയാൽ മതി എന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.

പ്രതിപക്ഷ നേതാവിനെ നേരിട്ടുള്ള സംവാദത്തിനല്ല ഫേസ്ബുക്കുവഴിയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കഴിഞ്ഞദിവസം കൊല്ലത്തെ വാർത്താ സമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ചില പ്രത്യേക മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മാത്രം മറുപടി നൽകിയെന്ന് ചൂണ്ടിക്കാണിച്ച് മാദ്ധ്യമപ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഇതോടെ തിരികെയെത്തി ചില ചോദ്യങ്ങൾക്കുകൂടി ഉത്തരം നൽകിയശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ദീപാലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം : പാലോട് വൈദ്യുത ദീപാലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം പാങ്ങോട് പഴവിള സ്വദേശി സനു (33) വാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം.



നന്ദിയോട് പച്ചക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ദീപാലങ്കാര വിളക്കുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ക്ഷേത്ര കമ്മിറ്റിക്ക് പുറമെ, പ്രാദേശിക സംഘടനകളും ദീപാലങ്കാരങ്ങള്‍ നടത്താറുണ്ട്. ഇത്തരത്തില്‍ പ്രാദേശികമായി ദീപാലങ്കാരങ്ങള്‍ ഒരുക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

ലൈറ്റ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സനു തെറിച്ചു വീണു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read:

 മറയൂര്‍ ടൗണിനെ വിറപ്പിച്ച് കാട്ടുപോത്തിന്റെ പരാക്രമം

തൊടുപുഴ: മറയൂര്‍ ടൗണിനെ വിറപ്പിച്ച് കാട്ടുപോത്തിന്റെ പരാക്രമം. മറയൂര്‍ പഞ്ചായത്ത് ഓഫീസില്‍ കയറിയ കാട്ടുപോത്തിനെ തുരത്താന്‍ നോക്കുന്നതിനിടെ അത് വിരണ്ടോടി. പിന്നീട് സമീപത്തുള്ള കടകളിലേക്കും പോത്ത് ഇരച്ചു കയറി. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാട്ടുപോത്തിന്റെ സാന്നിധ്യമുള്ള മേഖലയാണ് മറയൂര്‍.

പഞ്ചായത്ത് ഓഫീസിലേക്കാണ് പോത്ത് ആദ്യം കയറിയത്. ഇതിനെ അവിടെ നിന്നു പുറത്തിറക്കാന്‍ നാട്ടുകാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ആദ്യ ഘട്ടത്തില്‍ അതു ഫലം കണ്ടില്ല. പിന്നീട് വനം വകുപ്പ് അധികൃതരടക്കം സ്ഥലത്തെത്തി ശ്രമിച്ചതോടെയാണ് ഇത് പുറത്തേക്ക് ഇറങ്ങി ഓടിയത്.

പഞ്ചായത്ത് ഓഫീസില്‍ നിന്നു കാട്ടുപോത്ത് സമീപത്തെ ഹോട്ടലിലേക്കാണ് ഓടി കയറിയത്. ഹോട്ടലില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. പിന്നാലെ പോത്ത് മറ്റുചില കടകളിലേക്കും ഓടിക്കയറി. നഗരത്തിലൂടെ കാട്ടുപോത്ത് പരക്കം പാഞ്ഞത് ആളുകളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി.

ആളുകള്‍ കൂടി നില്‍ക്കുന്നതും വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നതും കാട്ടുപോത്തിനെ പ്രകോകപ്പിക്കുന്നുണ്ട്. മറയൂര്‍ ഡിവിഷനിലെ ആര്‍ആര്‍ടി സംഘം സ്ഥലത്തുണ്ട്. പത്ത് പേരാണ് സംഘത്തിലുള്ളത്. കാട്ടുപോത്തിനെ ഓടിച്ച് വന മേഖലയിലേക്ക് തുരത്താനുള്ള ശ്രമം ആരംഭിച്ചു.

also read:

മൈനാഗപ്പള്ളി വേങ്ങ,പനവിള ചരുവിൽ, ഗോപാലൻ നിര്യാതനായി

       മൈനാഗപ്പള്ളി വേങ്ങ,പനവിള ചരുവിൽ,  ഗോപാലൻ (78)  നിര്യാതനായി.      ഭാര്യ: സരസമ്മ, മക്കൾ :റോയി, ബിനോയി, വിനോദ്. മരുമക്കൾ : സൗമ്യ (  ടീച്ചർ,എൽ പി എസ്, ചത്തിയറ, വള്ളികുന്നം,), ശ്രീജ, അനിത ( ടീച്ചർ, യുപി സ്കൂൾ  പിള്ളയർകുളം, ചിറയിൻകീഴ് )                       സഞ്ചയനം: 5/4/26, ഞായറാഴ്ച്ച

എസ്ഡിപിഐ വോട്ട്,ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്ഡിപിഐ വോട്ടു സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പരിഹസിച്ച് മുഖ്യമന്ത്രി . എന്നാല്‍ ഇനി അദ്ദേഹത്തോട് എഴുതി വാങ്ങാം, എന്നിട്ട് പറയാം. ഞങ്ങള്‍ പറയുന്നത് ഞങ്ങളല്ലേ പറയുക. ഓരോരുത്തര് ഓരോ രീതിയിലല്ലേ വര്‍ത്തമാനം പറയുന്നത്. അതിനെപ്പറ്റി നിങ്ങള്‍ എന്തിനാണ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് ചോദിച്ചു.

മതവാദികളുടെ വോട്ടു വേണ്ട മനുഷ്യരുടെ വോട്ടു മതിയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പരിഹാസം. ഇടതുപക്ഷത്തിന്റെ നിലപാട് എല്ലാവര്‍ക്കും വ്യക്തമാണ്. വര്‍ഗീയതയ്‌ക്കെതിരെ വലിയ തോതില്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് എടുത്തതിന്റെ ഭാഗമായി നിരവധി പേര്‍ക്ക് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നിട്ടുമുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

എന്നിട്ടിപ്പോള്‍ പ്രചരിപ്പിക്കാന്‍ നോക്കുന്നത് ഞങ്ങള്‍ വര്‍ഗീയതയുമായി സമവായത്തിന് ഒരുങ്ങുന്നു എന്നാണ്. വര്‍ഗീയതയുമായി ഇടതുപക്ഷം ഒത്തുപോകുന്നു എന്ന് പരസ്യമായും വലിയ തോതില്‍ രഹസ്യമായും പ്രചരിപ്പിക്കുന്നു. രാജ്യത്ത് ഏറ്റവും വലിയ ആപത്തു വിതച്ചതാണ് ഭൂരിപക്ഷ വര്‍ഗീയത്. ആ ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെ എല്ലാ കാലത്തും കേരളത്തില്‍ എല്‍ഡിഎഫ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തുന്ന നടപടികളാണ് എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. അത്തരത്തിലുള്ള ഞങ്ങള്‍ ഭൂരിപക്ഷ വാര്‍ഗീയതയെ താലോലിക്കുന്നവരാണെന്ന് വരുത്തിയാല്‍, രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നവരല്ലേ അതിനു തുനിഞ്ഞതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

also read:

ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരായ ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാട് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നല്ല മതിപ്പുണ്ടാക്കി. മുന്‍കാല ചരിത്രം നോക്കിയാല്‍ ഇടതുപക്ഷത്തോട് വലിയ ആഭിമുഖ്യമുള്ളവരായിരുന്നില്ല ന്യൂനപക്ഷങ്ങള്‍. എന്നാല്‍ അവര്‍ അനുഭവത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കി. അങ്ങനെയാണ് ന്യൂനപക്ഷം ഇടതുപക്ഷത്തോട് അനുഭാവമുള്ളവരാകുന്നത്. എല്ലാ വിഭാഗങ്ങളും ഇടതുപക്ഷത്തെ ഒരേ മനസ്സോടെ കാണുന്ന നിലയുണ്ടായി. രാജ്യത്തായാലും കേരളത്തിലായാലും ഭൂരിപക്ഷ- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ മതനിരപേക്ഷ ചിന്താഗതിക്കാരാണ് ഏറ്റവും കൂടുതലുള്ളത്.

അവര്‍ ഇടതുപക്ഷത്തെ വിരോധപരമായി കാണുന്നത് അവസാനിച്ചു. ഇടതുപക്ഷത്തെ സ്വീകരിക്കാന്‍ തയ്യാറായി. ഇത് തങ്ങള്‍ക്ക് വലിയ അപകടം ഉണ്ടാക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷത്തെക്കുറിച്ച് തെറ്റായ ചിത്രം വരച്ചുകാട്ടണമെന്ന തോന്നലില്‍ വലതുപക്ഷ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിലപാടില്‍ ശക്തമായ നിലപാട് സ്വീകരിച്ച ആദ്യ സംസ്ഥാനം കേരളമാണ്. ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടേണ്ടതാണ്. അത് ഇവിടെ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് പല കാര്യങ്ങളിലും പരിമിതിയുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതിന്റെ ഭാഗമായിട്ടാണ് നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത്

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചതിന് കേസെടുത്തു. 5 വകുപ്പുകൾ ചുമത്തിയാണ് ചെന്നൈ പൊലീസ് കേസ് എടുത്തിട്ടുള്ളത്. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലെ പ്രചാരണത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. പെരമ്പൂരിൽ നിന്നും കൊളത്തൂരിലേക്ക് പോകുന്ന വഴിക്കിടയിൽ റോഡ് ഷോയിൽ ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നൽകിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.