ഇനി പയര്‍ നിറയെ കായ്ക്കും… ചില കാര്യങ്ങള്‍ ശ്രദ്ധിച്ചുനോക്കൂ….

Advertisement

എല്ലാവരും ചെറുകിട കൃഷിയായി ചെയ്യുന്ന വിളയാണ് വള്ളിപയര്‍. വള്ളി പയറില്‍ പൊക്കം കുറഞ്ഞ ഇനങ്ങളും, വളരെ നീളത്തില്‍ വളര്‍ന്നുവരുന്ന ഇനങ്ങളുമുണ്ട്. കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച കൃഷിചെയ്യാവുന്ന ഈ ഇനം വര്‍ഷം മുഴുവന്‍ കൃഷി ചെയ്യുവാന്‍ സാധിക്കും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് പയര്‍ നല്ലതുപോലെ വിളയിച്ചെടുക്കാന്‍ സാധിക്കും.
പയര്‍വിത്ത് ഇടുന്നതിനു മുന്‍പായി നിലം രണ്ടുമൂന്നു തവണ കിളച്ച് വൃത്തിയാക്കുക. അതിനുശേഷം കുറ്റിച്ചെടിയായി വളരുന്ന ഇനങ്ങളാണ് കൃഷി ചെയ്യുന്നതെങ്കില്‍ വരികള്‍ തമ്മില്‍ 30 സെന്റീമീറ്റര്‍ അകലവും ഒരേ വരിയിലെ ചെടികള്‍ തമ്മില്‍ 15 സെന്റീമീറ്റര്‍ അകലവും നല്‍കുക.
പടര്‍ന്നുവളരുന്ന ഇനങ്ങള്‍ക്ക് തമ്മില്‍ രണ്ട് മീറ്ററോളം അകലം വേണ്ടിവരും. ഇവര്‍ക്കിടയിലെ ഇടത്തരം ഇനങ്ങള്‍ക്ക് വരികള്‍ തമ്മില്‍ 45 സെന്റീമീറ്ററും ചെടികള്‍ തമ്മില്‍ 30 സെന്റീമീറ്റര്‍ അകലവും നല്‍കണം. പയര്‍ ഏതുതരം കൃഷി ചെയ്താലും റൈസോബിയം കള്‍ച്ചര്‍ വിത്തില്‍ പുരട്ടുക എന്നത് പരമപ്രധാനമാണ്.

വളപ്രയോഗം നടത്തുമ്പോള്‍ ജൈവവളപ്രയോഗം തന്നെയാണ് ഉത്തമം. അമ്ലാംശം പരിശോധിച്ച് കുമ്മായം വിതറി കൊടുക്കണം. കുമ്മായം ഹെക്ടറിന് 250 കിലോ എന്ന തോതില്‍ നല്‍കുന്നതാണ് ഉത്തമം.
കുമ്മായം ഇട്ടു നല്‍കിയതിനുശേഷം അടിവളമായി ചാണകം രണ്ട് ടണ്‍ വീതവും റോക്ക് ഫോസ്‌ഫേറ്റ് 150 കിലോ എന്ന കണക്കിനും ചേര്‍ക്കണം. ഇടവിട്ട് മണ്ണിളക്കി കൊടുക്കുന്നത് വായുസഞ്ചാരം വര്‍ദ്ധിപ്പിക്കാനും വേരിന്റെ വളര്‍ച്ച വേഗത്തിലാക്കാനും സഹായകമാകുന്ന കാര്യമാണ്. പയറില്‍ ക്രമാതീതമായ വളര്‍ച്ച ഉണ്ടായാല്‍ ശാഖകള്‍ മുറിച്ചു മാറ്റണം.
കൃഷി വേനല്‍ക്കാലത്ത് ഇറക്കുമ്പോള്‍ ജലസേചനം പ്രധാനപ്പെട്ടതാണ്. ഇനി മഴക്കാലത്ത് കൃഷി ചെയ്യുകയാണെങ്കില്‍ വെള്ളക്കെട്ടുള്ള പ്രദേശം കൃഷിക്ക് ഒഴിവാക്കുക. ധാരാളം കീടങ്ങള്‍ പയര്‍ കൃഷിയില്‍ കാണപ്പെടാറുണ്ട്. മുഞ്ഞ, വെള്ളീച്ച, ഇലപ്പേനുകള്‍, കായ്തുരപ്പന്‍, വേരിനെ ബാധിക്കുന്ന നിമാവിരകള്‍ തുടങ്ങിയവയെല്ലാം ഇതിനെ പരിഹരിക്കുവാന്‍ വേപ്പെണ്ണ ചേര്‍ന്ന കീടനാശിനികളും, നേര്‍പ്പിച്ച ഗോമൂത്രവും ഉപയോഗിക്കുന്നതാണ് നല്ലത്.
ഇലചുരുട്ടി പുഴുക്കളെ കൈകൊണ്ട് എടുത്തു നശിപ്പിച്ചു കളയണം. ഇലപ്പേനുകള്‍ കണ്ടാല്‍ വേപ്പെണ്ണ മിശ്രിതം തളിക്കുകയും, നിമാവിരകളെ കണ്ടാല്‍ മണ്ണില്‍ ആസാം പച്ചയുടെയോ വേപ്പിന്റെയോ ഇലകള്‍ നിരത്തുകയും ചെയ്യണം. മണ്ണില്‍നിന്ന് കീടരോഗ സാധ്യത കൂടുതല്‍ ആയാല്‍ ബോര്‍ഡോമിശ്രിതം ഒരു ശതമാനം വീര്യമുള്ളത് ഉപയോഗിക്കാം ഇത് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുത്താല്‍ മതി.

Advertisement