25.8 C
Kollam
Saturday 25th July, 2026 | 05:06:30 AM
Home Lifestyle Health & Fitness ബ്രെയിൻ ക്യാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും

ബ്രെയിൻ ക്യാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും

തലച്ചോറിൽ ട്യൂമർ (കോശങ്ങളുടെ അസാധാരണമായ വളർച്ച) ആണെന്ന് തിരിച്ചറിയുന്നത് ആരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ ഇതിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന പല അനാവശ്യ ഭീതികളും തെറ്റായ വിവരങ്ങളും രോഗികളിൽ കൂടുതൽ മാനസിക വിഷമം ഉണ്ടാക്കാറുണ്ട്. ബ്രെയിൻ ട്യൂമറുകളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളെക്കുറിച്ചും അവയുടെ യഥാർത്ഥ വസ്തുതകളെക്കുറിച്ചും അറിയാം.

എല്ലാ ബ്രെയിൻ ട്യൂമറുകളും ക്യാൻസറാണോ?

തലച്ചോറിൽ പ്രാഥമികമായി ഉണ്ടാകുന്ന ട്യൂമറുകളിൽ പകുതിയിലധികവും ക്യാൻസർ അല്ലാത്തവയാണ്. ഇവ വളരെ പതുക്കെയാണ് വളരുന്നത് എന്ന് മാത്രമല്ല, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുകയുമില്ല. എങ്കിലും ഇവ വളരുന്ന സ്ഥാനവും വലിപ്പവും അനുസരിച്ച് ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.

മൊബൈൽ ഫോണിന്റെ ഉപയോഗം ബ്രെയിൻ ട്യൂമറിന് കാരണമാകുമോ?

മൊബൈൽ ഫോണുകളിൽ നിന്നുള്ള റേഡിയോ ഫ്രീക്വൻസി തരംഗങ്ങളും ട്യൂമർ സാധ്യതയും തമ്മിൽ ഒരു ബന്ധവും ഇന്നുവരെ കണ്ടെത്താനായിട്ടില്ല. ഇതിനെക്കുറിച്ച് ഇപ്പോഴും ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും മൊബൈൽ ഫോൺ ഉപയോഗം ട്യൂമറിന് കാരണമാകുമെന്ന് ശാസ്ത്രലോകം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വിട്ടുമാറാത്ത തലവേദന ഉണ്ടെങ്കിൽ അത് ട്യൂമറിന്റെ ലക്ഷണമാണോ?

തലവേദന എന്നത് സാധാരണമായ ഒരു ആരോഗ്യപ്രശ്നമാണ്. മിക്കപ്പോഴും മാനസിക സമ്മർദ്ദം , മൈഗ്രെയ്ൻ, അല്ലെങ്കിൽ ശരീരത്തിൽ ജലാംശം കുറയുന്നത് എന്നിവ കൊണ്ടാണ് തലവേദന ഉണ്ടാകുന്നത്. എന്നാൽ ബ്രെയിൻ ട്യൂമർ മൂലമുള്ള തലവേദന ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. സാധാരണയായി രാവിലെ ഉണരുമ്പോൾ തന്നെ ഇത്തരം തലവേദന കഠിനമായി അനുഭവപ്പെടാം. കൂടാതെ വിട്ടുമാറാത്ത ഓക്കാനം, ഛർദ്ദി, അല്ലെങ്കിൽ കാഴ്ചശക്തിയിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയും ഇതിന്റെ കൂടെ പ്രകടമാകാറുണ്ട്.

ബ്രെയിൻ ട്യൂമർ വന്നാൽ മരിക്കുമോ?

ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ചയോടെ ബ്രെയിൻ ട്യൂമർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചുറ്റുമുള്ള ആരോഗ്യപൂർണ്ണമായ കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെ തന്നെ ട്യൂമർ കൃത്യതയോടെ നീക്കം ചെയ്യാൻ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ ചികിത്സയിലൂടെ ഭൂരിഭാഗം രോഗികൾക്കും പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാനും സന്തോഷകരമായ ജീവിതത്തിലേക്ക് മടങ്ങിവരാനും സാധിക്കും.