അൾസർ: ഈ ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ ശ്രദ്ധിക്കുക

Advertisement

ആമാശയത്തിനകത്ത് പുണ്ണ് ബാധിക്കുന്ന അവസ്ഥയാണ് അൾസർ. ആമാശയത്തിനകത്തെ സുരക്ഷാ ആവരണത്തെ തന്നെ ഈ പുണ്ണ് നശിപ്പിക്കുന്നു.

വയറുവേദനയ്ക്കും കടുത്ത ദഹനപ്രശ്നങ്ങൾക്കുമെല്ലാം അൾസർ കാരണമാകുന്നു. അൾസർ ബാധിച്ചവരുടെ ജീവിതനിലവാരം പിന്നീട് താഴേക്ക് താഴേക്കായി വരുന്നത് നമുക്ക് കാണാം. ജോലി, വ്യക്തിബന്ധങ്ങൾ എന്നിങ്ങനെ വ്യക്തിയുടെ വിവിധ തലങ്ങളിലുള്ള ജീവിതത്തെയും ഈ രോഗം ബാധിക്കും. ഭക്ഷണം കഴിച്ചയുടനെ തന്നെ വയറിന് അസ്വസ്ഥത, ടോയ്ലറ്റിൽ പോകണമെന്ന തോന്നലുണ്ടാവുക, ഓക്കാനം എന്നിങ്ങനെയുള്ള പ്രയാസങ്ങൾ നേരിടുന്നപക്ഷം ശ്രദ്ധിക്കുക. ഇത് അൾസറിന്റെ തുടക്കമാകാം. നെഞ്ചെരിച്ചിൽ, അമിതമായ ഗ്യാസ്, പുളിച്ചുതികട്ടൽ പോലുള്ള ദഹനപ്രശ്നങ്ങളും അൾസറിന്റെ തുടക്കത്തിൽ കാണുന്നത് തന്നെയാണ്.

വയറിനകത്തെ എരിച്ചിലാണ് അൾസർ മനസിലാക്കുന്നതിനുള്ള പ്രധാന ലക്ഷണം. എരിച്ചിൽ അല്ലെങ്കിൽ വയറുവേദന അനുഭവപ്പെടാം. മിക്കപ്പോഴും വയർ വീർത്തിരിക്കുന്ന അവസ്ഥയിലായിരിക്കും. ദഹനമില്ലാതെ പ്രയാസപ്പെടുന്നതും പതിവായി മാറും. പ്രത്യേകിച്ച് കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ. വേദനയും ദഹനമില്ലായ്മയും ആണ് അൾസറിന്റെ ‘ക്ലാസിക്’ ലക്ഷണങ്ങളായി പറയപ്പെടുന്നത്. ഈ വേദന തന്നെ പൊക്കിളിന് മുകളിലേക്കും നെഞ്ചിന് താഴെയുമായ ഭാഗത്തായിരിക്കും അനുഭവപ്പെടുക. ഇതും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോഴോ മരുന്ന് കഴിക്കുമ്പോ താൽക്കാലിക ശമനമുണ്ടാവുമെങ്കിലും പിന്നെയും ഈ എരിച്ചിൽ വരും. രാത്രിയിൽ അസ്വസ്ഥതകൾ കൂടുന്നതും അൾസറിൽ കാണാറുണ്ട്.

Advertisement