55ആകും മുമ്പ് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പിടിയിലായോ? സൂക്ഷിക്കുക

55 വയസ്സിന് മുൻപ് ഉയർന്ന രക്തസമ്മർദ്ദവും ഉയർന്ന കൊളസ്‌ട്രോൾ തോതും വരുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതായി പഠനം. 2,96,131 പേരിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പ്ലോസ് വൺ ജേണലിൽ പ്രസിദ്ധീകരിച്ചു.

പഠനത്തിൽ പങ്കെടുത്തവരിൽ 1,36,648 പേർ ഉയർന്ന കൊളസ്‌ട്രോൾ തോതുള്ളവരും 1,35,431 പേർ ഉയർന്ന രക്തസമ്മർദ്ദമുള്ളവരും 24,052 പേർ ഹൃദ്രോഗികളുമായിരുന്നു. ജനിതകപരമായി തന്നെ ഉയർന്ന എൽഡിഎൽ കൊളസ്‌ട്രോൾ തോതും സിസ്റ്റോളിക് രക്ത സമ്മർദ്ദവുമുള്ള വ്യക്തികൾക്ക് അവരുടെ രോഗനിർണ്ണയ സമയത്ത് പ്രായമേതായാലും ഹൃദ്രോഗ സാധ്യതയുണ്ടെന്ന് ഗവേഷണറിപ്പോർട്ട് ചൂണ്ടിക്കാട്ടി. ചെറുപ്രായത്തിലോ മധ്യവയസ്സിലോ തന്നെ ഈ രോഗങ്ങളുള്ളവർക്ക് പിന്നീട് ഇത് കുറഞ്ഞാൽ പോലും ഹൃദ്രോഗ സാധ്യത നിലനിൽക്കുന്നതായും റിപ്പോർട്ട് പറയുന്നു. വ്യക്തിയുടെ ആരോഗ്യത്തിൽ നീണ്ടു നിൽക്കുന്ന പ്രത്യാഘാതങ്ങളുണ്ടാക്കാൻ കൊളസ്‌ട്രോളിനും രക്തസമ്മർദ്ദത്തിനും സാധിക്കുമെന്നും ഗവേഷകർ അടിയവരയിടുന്നു. ജീവിതശൈലിയാണ് ഉയർന്ന കൊളസ്‌ട്രോളിനും രക്തസമ്മർദ്ദത്തിനും കാരണമാകുന്ന പ്രധാന ഘടകം. അനാരോഗ്യകരമായ ഭക്ഷണക്രമം, അലസമായ ജീവിതശൈലി, പൊണ്ണത്തടി, അമിത മദ്യപാനം, പുകവലി എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിക്കാം. ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, സാച്ചുറേറ്റഡ് കൊഴുപ്പും ട്രാൻസ് കൊഴുപ്പും അമിതമായ ഭക്ഷണം, അലസ ജീവിതശൈലി, പുകവലി എന്നിവ കൊളസ്‌ട്രോൾ തോതും ഉയർത്താം.

നിലവിട്ടുയരുന്ന രക്തസമ്മർദ്ദം ഹൃദയത്തിന് മാത്രമല്ല വൃക്കകൾക്കും നാശം വരുത്താം. തലച്ചോറിലേക്കുള്ള രക്തവിതരണം ബാധിക്കപ്പെടുന്നത് പക്ഷാഘാതത്തിലേക്കും നയിക്കാം. സോഡിയം കുറഞ്ഞതും പൊട്ടാസിയം കൂടിയതുമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കൽ, സമ്മർദ്ദ നിയന്ത്രണം, ഇടയ്ക്കിടെയുള്ള പരിശോധന എന്നിവയെല്ലാം ഉയർന്ന രക്തസമ്മർദ്ദവും കൊളസ്‌ട്രോളും നിയന്ത്രിച്ച് ഹൃദയത്തെ സംരക്ഷിക്കാൻ സഹായകമാണ്.

Advertisement