പി.സി.ഒ.ഡി. പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക് ഉലുവ മികച്ച പ്രതിവിധി

Advertisement

പാചകത്തിൽ ഒട്ടും ചെറുതല്ലാത്ത സ്ഥാനമാണ് ഉലുവയ്ക്കുള്ളത്. ഉലുവ കായ്‌ക്കൊപ്പം ഇലയും പാചകത്തിൽ വ്യാപകമായി ഉപയോഗിച്ചു വരുന്നു. വിഭവങ്ങളുടെ രുചി വർധിപ്പിക്കുന്നതിന് പുറമെ നിരവധി ആരോഗ്യഗുണങ്ങളും ഉലുവയ്ക്കുണ്ട്.

തലമുടിയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ

തലമുടി കൊഴിയുന്നത് തടയുന്നതിനും താരനെ അകറ്റുന്നതിനും സഹായിക്കുന്ന ഘടകവും ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. തലമുടി വരണ്ട് പോകുന്നത് തടയുന്നതിനും മുടിയുടെ കട്ടികുറയുന്നത് കുറയ്ക്കുന്നതിനും ഉലുവ ഏറെ സഹായിക്കുന്നു. ഉലുവ വെള്ളത്തിലിട്ട് കുതിർത്തശേഷം അരച്ച് തലയിൽ പുരട്ടുന്നത് മികച്ച ഹെയർ മാസ്‌ക് ആയി പ്രവർത്തിക്കുന്നു.

കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നു

ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കുന്നു

ഉലുവ കഴിക്കുന്നത് ഇൻസുലിൻ ഉത്പാദനം കൂട്ടുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നു. ഉലുവയിൽ കണ്ടുവരുന്ന പ്രത്യേകതരം അമിനോ ആസിഡാണ് ഇതിന് സഹായിക്കുന്നത്. പി.സി.ഒ.ഡി. പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവർക്കും ഉലുവ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ദഹനം മെച്ചപ്പെടുത്തുന്നത്

ദഹന പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവർക്കും വയറിലെ അസ്വസ്ഥതകൾ കുറയ്ക്കുന്നതിനും ഉലുവ മികച്ച പ്രതിവിധിയാണ്. ഫൈബർ, ആന്റിഓക്ഡിസന്റുകൾ എന്നിവയാൽ സമൃദ്ധമായ ഉലുവ ശരീരത്തിലെ ദോഷകരമായ വസ്തുക്കൾ പുറന്തുള്ളുന്നതിന് സഹായിക്കുന്നു. ഒപ്പം ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു. മലബന്ധമുള്ളവർക്ക് വെറുംവയറ്റിൽ ഉലുവ ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് പ്രശ്‌നങ്ങൾ കുറയ്ക്കും.

നെഞ്ചെരിച്ചിൽ കുറയ്ക്കുന്നു

നെഞ്ചെരിച്ചിൽ, പുളിച്ച് തികട്ടൽ എന്നിവയ്ക്കുള്ള ഉത്തമപരിഹാരമായി ഉലുവ പ്രവർത്തിക്കുന്നു. ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുമ്പായി ഉലുവ കഴിക്കുന്നത് നെഞ്ചെരിച്ചിൽ മൂലമുള്ള അസ്വസ്ഥതകൾ കുറയ്ക്കുമെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Advertisement