വ്യവസായിയുമായി പ്രണയത്തിലോ?, കീർത്തി സുരേഷിന്റെ പ്രതികരണം ഇങ്ങനെ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളിൽ ഒരാളാണ് കീർത്തി സുരേഷ്. മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിദ്ധ്യമാണ് കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലുമായി ഒട്ടേറെ പുതിയ സിനിമകളാണ് കീർത്തി സുരേഷിന്റേതായി വരാനിരിക്കുന്നതും. വിവാഹിതയാകാൻ ഒരുങ്ങുന്നവെന്ന വാർത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ കീർത്തി സുരേഷ്.

കീർത്തി വ്യവസായിയായ ഫർഹാനുമായി പ്രണയത്തിലാണെന്നു വിവാഹം ഉടനുണ്ടാകുമെന്ന തരത്തിലുമായിരുന്നു വാർത്തകൾ. കീർത്തി സുരേഷിന്റെ ജീവിതത്തിലെ മിസ്റ്ററി മാൻ ആരാണ് എന്ന തരത്തിലുള്ള ഒരു വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ താരം. ഇപ്പോൾ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. ഞാൻ എന്റെ ജീവിതത്തിലെ യഥാർഥ മിസ്റ്ററി മാൻ ആരാണെന്ന് സമയംവരുമ്പോൾ വെളിപ്പെടുത്താം എന്നുമാണ് കീർത്തി സുരേഷ് വാർത്തയുടെ ലിങ്ക് പങ്കുവെച്ച് വ്യക്തമാക്കിയിരിക്കുന്നത്.

‘ദസറ’ എന്ന ചിത്രമാണ് കീർത്തിയുടേതായി ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ശ്രീകാന്ത് ഒധേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. ജെല്ല ശ്രീനാഥ്, അർജുന പതുരി, വംശികൃഷ്‍ണ പി എന്നിവർ സഹ തിരക്കഥാകൃത്തുക്കളുമാണ്. നവീൻ നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ നാനി അവതരിപ്പിക്കുന്ന ‘ധരണി’ എന്ന നായക കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ‘ദസറ’യുടെ കഥ വികസിക്കുന്നത്. കീർത്തി സുരേഷ് ചിത്രത്തിൽ ‘വെണ്ണേല’യെന്ന കഥാപാത്രമായിട്ടാണ് വേഷമിട്ടിരിക്കുന്നത്. സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും ‘ദസറ’യിൽ വേഷമിട്ടിരുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആർട്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. സത്യൻ സൂര്യൻ ഐഎസ്‍സിയാണ് ഛായാഗ്രാഹണം. മഹേഷ് ബാബു അടക്കമുള്ളവർ കീർത്തി ചിത്രം ദസറയെ പ്രശംസിച്ച് എഴുതിയിരുന്നു.

Advertisement