ബാംഗ്ലൂര്‍ പുറത്തായതിന് പിന്നാലെ പരിഹാസ മീം പങ്കുവച്ച് ലക്നൗ താരം നവീന്‍ ഉല്‍ ഹഖ്; ഇത് നവീന്റെ അവസാന ഐപിഎല്‍ എന്ന് ചിലര്‍

Advertisement

ബംഗളൂരു: ഗുജറാത്ത് ടൈറ്റാന്‍സിനോട് പരാജയപ്പെട്ട് ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഐപിഎല്ലില്‍ നിന്നും പുറത്തായതിന് പിന്നാലെ പരിഹാസ മീം പങ്കുവച്ച് ലക്നൗ താരം നവീന്‍ ഉല്‍ ഹഖ്. പൊട്ടിച്ചിരിക്കുന്ന പ്രശസ്തമായ മീം ആണ് നവീന്‍ പങ്കുവച്ചിരിക്കുന്നത്. ഇതോടെ ആരാധകര്‍ നവീനോട് കടുത്ത രോഷപ്രകടനമാണ് നടത്തുന്നത്. ബാംഗ്‌ളൂര്‍ പ്ലേഓഫ് സാദ്ധ്യതയ്ക്കുള്ള അവസാന മത്സരത്തില്‍ പരാജയപ്പെട്ടതോടെ ഒരുവട്ടം കൂടി കൊഹ്ലി- നവീന്‍ പോര് ഉണ്ടാകില്ലെന്ന് ഉറപ്പായി.
മുന്‍പ് മേയ് ഒന്നിന് നടന്ന മത്സരത്തില്‍ കൊഹ്ലിയും നവീനും തമ്മില്‍ കളിക്കളത്തില്‍ ഏറ്റുമുട്ടിയിരുന്നു. മത്സരശേഷം ഗംഭീറുമായും കൊഹ്ലി രൂക്ഷമായ വാദപ്രതിവാദം നടത്തിയിരുന്നു. മേയ് ഒന്നിന് നടന്ന പ്രശ്നങ്ങള്‍ക്ക് ശേഷം കൊഹ്ലിയെ നവീന്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത് നിര്‍ത്തിയിരുന്നു. കൊല്‍ക്കത്തയെ ഒരു റണ്ണിന് ലക്നൗ പരാജയപ്പെടുത്തിയ മത്സരത്തില്‍ ആരാധകര്‍ നവീനെ നോക്കി കൊഹ്ലി..കൊഹ്ലി എന്ന് ആരവം മുഴക്കിയിരുന്നു. ഇവരോട് ഇനിയും വിളിക്കാന്‍ ഇടയ്ക്ക് ആവശ്യപ്പെട്ട നവീന്‍ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്നതിനിടെ കാണികളോട് മിണ്ടാതെയിരിക്കാനും ആംഗ്യം കാട്ടി. നവീന്റെ സ്റ്റാറ്റസ് കണ്ട കൊഹ്ലി ആരാധകര്‍ കടുത്ത രീതിയിലാണ് പ്രതികരിച്ചത്. ഇത് നവീന്റെ അവസാന ഐപിഎല്‍ ആണെന്നാണ് ചിലര്‍ പറഞ്ഞത്. ഇനി ബുധനാഴ്ച മുംബൈയുമാണ് എലിമിനേറ്ററില്‍ ലക്നൗവിന്റെ മത്സരം.

Advertisement