പിതാവിന്റെ കാൽ മുറിച്ചു മാറ്റി’; വേദന പങ്കിട്ട് സയനോര, ആശ്വാസവാക്കുകളും പ്രാർത്ഥനകളുമായി താരങ്ങൾ

Advertisement

അപകടത്തിൽപെട്ട് രോഗശയ്യയിൽ കഴിയുന്ന പിതാവിന്റെ അടുത്തിരുന്നു പാട്ട് പാടി ഗായിക സയനോരയും കുടുംബാഗങ്ങളും. ക്രിസ്മസിനോടനുബന്ധിച്ചു ഗായിക പങ്കുവച്ച വിഡിയോ ഇപ്പോൾ ആസ്വാദകശ്രദ്ധ നേടുകയാണ്. സയനോരയുടെ അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും വിഡിയോയിൽ കാണാനാകും. ഗായികയുടെ പിതാവ് കട്ടിലിൽ കിടന്നുകൊണ്ടു തന്നെ ഗാനാലാപനത്തിൽ പങ്കുചേരുന്നുണ്ട്.
കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിലാണ് സയനോരയുടെ പിതാവിന് പരുക്കേറ്റത്. ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു. അദ്ദേഹം ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഗായിക സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എല്ലാവരും തന്റെ പിതാവിനായി പ്രാർഥിക്കണമെന്നും സയനോര അഭ്യർഥിച്ചു. പ്രയാസങ്ങളിൽ കൂടെ നിന്നവരോടു നന്ദി പറയുന്നുവെന്നു കുറിച്ച സയനോര, ‘ഇതും കടന്നുപോകും’ എന്ന പ്രതീക്ഷയുടെ വാക്കുകൾ പങ്കുവച്ചുകൊണ്ടാണ് ഏവർക്കും ക്രിസ്മസ് ആശംസകൾ നേർന്നത്.

വേദനയുടെ കാലത്തും ക്രിസ്മസ് എന്ന പുണ്യദിനത്തെ മുറുകെ പിടിക്കണണെന്നോർമിപ്പിച്ചുള്ള സയനോരയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. ലക്ഷ്മി ഗോപാലസ്വാമി, ദിവ്യ പിള്ള, രഞ്ജിനി ഹരിദാസ്, ദീപ്തി വിധുപ്രതാപ്, മധുവന്തി നാരായണൻ തുടങ്ങി പ്രമുഖരുൾപ്പെടെ നിരവധി പേരാണ് സയനോരയ്ക്കും കുടുംബത്തിനും പ്രാർഥനയും ആശംസയും നേരുന്നത്.

Advertisement