സ്റ്റിമാക്ക് ജ്യോതിഷിയെ കണ്ടെന്ന ആരോപണത്തില്‍ ട്വിസ്റ്റ്! അദ്ദേഹം നിരപരാധി, തെറ്റുകാരന്‍ മറ്റൊരു പ്രമുഖന്‍?

മുംബൈ: ഏഷ്യാകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക് ജ്യോത്സ്യന്റെ ഉപദേശം തേടിയെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ സെക്രട്ടറി ജനറല്‍ കുശാല്‍ ദാസാണ് ഇക്കാര്യം വെളിപ്പെടുത്തിരുന്നത്. 2022 മെയ് ജൂണ്‍ മാസങ്ങളിലായി 100ലധികം തവണ ജ്യോത്സനെ ബന്ധപ്പെട്ടെന്നും സേവനങ്ങള്‍ക്ക് 15 ലക്ഷം രൂപ വരെ കൊടുത്തെന്നും കുശാല്‍ പറഞ്ഞിരുന്നു.

ഇക്കാര്യത്തില്‍ സ്റ്റിമാക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. എഐഐഎഫും മൗനം പാലിക്കുന്നു. എന്നാല്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എഐഐഎഫ് ഉപദേശക സമിതി ചെയര്‍മാനായിരുന്ന രഞ്ജിത് ബജാജ്. സ്റ്റിമാക്ക് നിരപരാധിയാണെന്നാണ് രഞ്ജിത് പറയുന്നത്. അദ്ദേഹത്തിന്റെ വിശദീകരണം… ”ഇക്കാര്യത്തില്‍ സ്റ്റിമാക്ക് നിരപരാധിയാണ്. വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ സെക്രട്ടറി തന്നെയാണ് ഇതിന് പിന്നില്‍. സ്റ്റിമാക്കിനെതിരായ ആരോപണം മറ്റ് പലതും ലക്ഷ്യമിട്ടുള്ളതാണ്. ജ്യോത്സ്യനെ കണ്ടെന്നത് സത്യമെങ്കിലും കോച്ച് സ്റ്റിമാക്കിന് ഇതില്‍ പങ്കില്ല. തന്റെ നേതൃത്വത്തിലാണ് ആരോപണം അന്വേഷിച്ചതും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതും. വെളിപ്പെടുത്തല്‍ നടത്തിയ കുശാല്‍ ദാസ് തന്നെയാണ് ജ്യോത്സ്യനെ കണ്ടത്. സ്റ്റിമാക്കിന് ഒരു തരത്തിലുമുള്ള പങ്കില്ല. ഉണ്ടെങ്കില്‍ അന്വേഷണത്തില്‍ വ്യക്തമായേനെ. ആരോപണം തെളിയിക്കുന്ന ചാറ്റും രേഖകളും കണ്ടെടുക്കാനായിട്ടില്ല.” മിനര്‍വ പഞ്ചാബ് ഡയറക്റ്റര്‍ കൂടിയായ രഞ്ജിത് പറയുന്നു.

സമീപകാലത്ത് ഇന്ത്യയെ വലിയ വിജയങ്ങളിലേക്ക് നയിച്ച, ക്രൊയേഷ്യന്‍ ടീമിനെ ലോകകപ്പിലേക്ക് എത്തിച്ച സ്റ്റിമാക്കിനെ അപമാനിക്കുന്നതാണ് ആരോപണങ്ങളെന്നും രഞ്ജി കുറ്റപ്പെടുത്തി. ”ഇന്ത്യന്‍ ഫുട്‌ബോളിലെ സമീപകാല സംഭവങ്ങളുടെ പേരില്‍ സ്റ്റിമാക്കിനെ ബലിയാടാക്കാന്‍ ശ്രമിക്കുകയാണ്. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം.” അദ്ദേഹം വ്യക്തമാക്കി.

ഏഷ്യന്‍ ഗെയിംസിന് ദേശീയ ടീമിലേക്ക് താരങ്ങളെ വിട്ടു നല്‍കാന്‍ തയ്യാറാകാത്ത ഐഎസ്എല്‍ ടീമുകളുടെ നടപടിയെമ സ്റ്റിമാക്ക് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതില്‍ അകഎഎ സ്റ്റിമാക്കിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഇതിന്റെയെല്ലാം തുടര്‍ച്ചയാവാം പുതിയ വിവാദമെന്നാണ് രഞ്ജിത് ബജാജിന്റെ നിരീക്ഷണം.

Advertisement