ട്വന്റി 20 ലോകകപ്പില്‍ സ്റ്റോപ്പ് ക്ലോക്ക് റൂള്‍ നടപ്പാക്കാന്‍ ഒരുങ്ങി ഐസിസി

സ്റ്റോപ്പ് ക്ലോക്ക് റൂള്‍ നടപ്പാക്കാന്‍ ഒരുങ്ങി ഐസിസി. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഇത്തരത്തിലൊരു റൂള്‍ കൊണ്ടുവരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ചട്ടം ജൂണില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ ക്രിക്കറ്റിന്റെ ഭാഗമാക്കാനാണ് ഐസിസി ലക്ഷ്യമിടുന്നത്.
ഓവറുകള്‍ക്ക് ഇടയില്‍ ഇലക്ട്രോണിക് ക്ലോക്ക് പ്രദര്‍ശിപ്പിക്കുന്നതാണ് പരിഷ്‌കാരം. ഒരു ഓവര്‍ കഴിഞ്ഞ് അടുത്തത് എറിയാന്‍ പോകുന്നതിന് സമയപരിധി നിശ്ചയിച്ചു എന്നതാണ് പ്രത്യേകത. 60 സെക്കന്‍ഡിനുള്ളില്‍ അടുത്ത ഓവര്‍ എറിഞ്ഞ് തുടങ്ങിയിരിക്കണം. ഒരു ഓവര്‍ കഴിഞ്ഞാല്‍ അമ്പയര്‍ ഉടന്‍ തന്നെ ടൈമര്‍ സ്വിച്ച് ഓണ്‍ ചെയ്ത് മത്സരം സമയബന്ധിതമായി പൂര്‍ത്തിയാകുന്നു എന്ന് ഉറപ്പാക്കണം.
60 സെക്കന്‍ഡ്‌സ് റൂള്‍ പാലിച്ചില്ലെങ്കില്‍ ആദ്യ രണ്ടുതവണ അമ്പയര്‍ ഫീല്‍ഡിങ് ടീമിന് താക്കീത് നല്‍കും. തുടര്‍ന്നും വ്യവസ്ഥ ലംഘിച്ചാല്‍ ഓരോ ചട്ടലംഘനത്തിനും ഫീല്‍ഡിങ് ടീമിന് അഞ്ചു റണ്‍സ് വീതം പെനാല്‍റ്റി ചുമത്താന്‍ അമ്പയറിന് അധികാരം നല്‍കുന്നതാണ് പരിഷ്‌കാരം.

Advertisement