ഇന്ത്യ–ഓസ്ട്രേലിയ ഫൈനല്‍ മത്സരം ടൈ ആയാല്‍….2019-ൽ ഇംഗ്ലണ്ടിന് ലഭിച്ച ആനുകൂല്യം പോലെ ആകുമോ?

Advertisement

2019-ലെ ലോകകപ്പ് ഫൈനലിൽ ബൗണ്ടറികളുടെ എണ്ണത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്മാരായി പ്രഖ്യാപിച്ചത് ഏറെ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ഏകദിന ലോകകപ്പിലെ കലാശപ്പോരില്‍ ഓസ്ട്രേലിയയെ നേരിടാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ മത്സരം ടൈ ആയാല്‍ എന്ത് സംഭവിക്കും എന്ന് തിരയുകയാണ് ആരാധകര്‍. അതേ ബൗണ്ടറി നിയമം തന്നെയാണോ ഇത്തവണയും? 
2019 ലോകകപ്പ് ഫൈനല്‍ വിവാദമായതോടെ നിയമങ്ങളില്‍ ഐസിസി മാറ്റം വരുത്തി കഴിഞ്ഞു. മത്സരം ടൈ ആയാല്‍ സൂപ്പര്‍ ഓവറിലേക്ക് നീങ്ങും. സൂപ്പര്‍ ഓവറും ടൈ ആയാല്‍ വിജയിയെ നിര്‍ണയിക്കാനാവുന്നത് വരെ സൂപ്പര്‍ ഓവറുകള്‍ കളിക്കും. ഇത് അനുസരിച്ച് ഇന്ത്യ–ഓസ്ട്രേലിയ ഫൈനല്‍ മത്സരം ടൈ ആയാല്‍ സൂപ്പര്‍ ഓവര്‍ കളിക്കും. ആ സൂപ്പര്‍ ഓവറും ടൈ ആയാല്‍ വീണ്ടും സൂപ്പര്‍ ഓവര്‍ കളിക്കണം. സൂപ്പര്‍ ഓവര്‍ കളിക്കാന്‍ കാലാവസ്ഥ അനുകൂലം അല്ലെങ്കില്‍ ഇരു ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. 
ലോകകപ്പ് നോക്കൗട്ട് മത്സരങ്ങള്‍ക്ക് ഐസിസി റിസര്‍വ് ദിനം പ്രഖ്യാപിച്ചിട്ടുണ്ട് എന്നതിനാല്‍ ഫൈനലില്‍ മഴ വില്ലനായാലും പ്രശ്നമില്ല. റിസര്‍വ് ഡേയിലും മഴ കളി മുടക്കിയാല്‍ ഇരു ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഫൈനല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ ഞായറാഴ്ചയും റിസര്‍വ് ദിനമായ തിങ്കളാഴ്ചയും 120 മിനിറ്റ് അധിക സമയമാണ് നല്‍കിയിട്ടുള്ളത്. 

Advertisement