ക്രിക്കറ്റിലെ കരീബിയന്‍ വസന്തം ഇത്തവണ ലോകകപ്പിനില്ല! 

Advertisement

ക്രിക്കറ്റ് ആരാധകരെ ആകെ നിരാശയിലാഴ്ത്തി മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വിന്‍ഡീസ് കളിക്കില്ല. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനോടും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് പ്രഥമ ഏകദിന ലോക ചാമ്പ്യന്‍മാരായ വിന്‍ഡീസ് ഫൈനല്‍ പോരിലേക്കുള്ള അവസരം നഷ്ടപ്പെടുത്തിയത്. 
നെതര്‍ലന്‍ഡ്‌സിനോടു നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ അവര്‍ കഷ്ടപ്പെട്ടാണ് സൂപ്പര്‍ സിക്‌സില്‍ എത്തിയത്. സൂപ്പര്‍ സിക്‌സിലെ എല്ലാ മത്സരങ്ങളും അവര്‍ക്ക് ജയിക്കേണ്ടതായി വന്നു. എന്നാല്‍ ആദ്യ പോരില്‍ തന്നെ അവര്‍ കീഴടങ്ങി. 
ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് വിന്‍ഡീസ് ലോകകപ്പ് കളിക്കാന്‍ എത്താതിരിക്കുന്നത്. സ്‌കോട്‌ലന്‍ഡിനോട് ഏഴ് വിക്കറ്റിന്റെ ദയനീയ പരാജയമാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഏറ്റുവാങ്ങിയത്. 
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 181 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി പറയാനിറങ്ങിയ സ്‌കോട്‌ലന്‍ഡ് 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്താണ് വിജയം പിടിച്ചെടുത്തത്. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകളും സ്‌കോട്ടിഷ് പട സജീവമാക്കി. 

1975ലെ പ്രഥമ ലോകകപ്പിലും പിന്നാലെ 79ലെ രണ്ടാം ലോകകപ്പിലും കിരീടം നേടിയ ടീമാണ് വിന്‍ഡീസ്.

Advertisement