ഇന്ന് മഴ പെയ്താൽ… ഗുജറാത്ത്‌ ഇൻ, ചെന്നൈ ഔട്ട്‌

ഐപിഎല്‍ ഫൈനല്‍ മത്സരം ഇന്നലെ കനത്ത മഴയെ തുടര്‍ന്ന് റിസര്‍വ് ദിവസമായ ഇന്നത്തേക്ക് മാറ്റിയിരുന്നു. ഗുജറാത്താ ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടത്തിന് ഇന്നലെ ടോസ് ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ല.

ഇന്ന് വൈകീട്ട് 7.30നാണ് പോരാട്ടം. ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഫൈനല്‍ പോരാട്ടം റിസര്‍വ് ദിനത്തിലേക്ക് മാറ്റുന്നത്. നിലവില്‍ അഹമ്മദാബാദില്‍ ഇന്ന് മഴ പ്രവചിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. 

അഥവാ ഇന്നും മഴ പെയ്ത് ഒരു പന്തു പോലും എറിയാന്‍ സാധിച്ചില്ലെങ്കില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചാമ്പ്യന്‍മാരാകും. ഒന്നാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ചെന്നൈ ഗുജറാത്തിനെ കീഴടക്കിയിട്ടുണ്ടെങ്കിലും അതു പ്രസക്തമാകില്ല.

ലീഗ് ഘട്ടത്തില്‍ പത്ത് വിജയങ്ങള്‍ സ്വന്തമാക്കിയവരാണ് ഗുജറാത്ത് ടീം. ഇക്കാരണത്താല്‍ ഗുജറാത്തിനെ ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കും. പ്രാഥമിക ഘട്ടത്തില്‍ പത്ത് മത്സരങ്ങള്‍ വിജയിച്ച ഏക ടീം അവര്‍ തന്നെ.

മഴയില്‍ ഒരു പന്തു പോലും എറിയാന്‍ സാധിച്ചില്ലെങ്കില്‍ മാത്രമേ ഇത്തരത്തില്‍ വിജയിയെ പ്രഖ്യാപിക്കുകയുള്ളു. 20 ഓവര്‍ മത്സരം നടന്നില്ലെങ്കില്‍ 19, 15, 5 ഓവറുകള്‍ പരിഗണിക്കും. അതും നടന്നില്ലെങ്കില്‍ സൂപ്പര്‍ ഓവറില്‍ വിജയികളെ തീരുമാനിക്കും. ഇന്നലത്തേതിന് സമാനമായി ഇന്നും മഴ തോരാതെ നിന്നാല്‍ നിലവിലെ ചാമ്പ്യന്‍മാരെ വീണ്ടും വിജയികളായി പ്രഖ്യാപിക്കും.

Advertisement