നേരിയ പ്ലേഓഫ്‌ സാധ്യത കെടാതെ സൂക്ഷിച്ച് രാജസ്ഥാൻ റോയൽസ്‌

Advertisement

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ്‌ കിങ്സിനെ നാല്‌ വിക്കറ്റിന്‌ തോൽപ്പിച്ച്‌ രാജസ്ഥാൻ റോയൽസ്‌ നേരിയ പ്ലേഓഫ്‌ സാധ്യത കെടാതെ സൂക്ഷിച്ചു. പഞ്ചാബ്‌ പുറത്തായി. സ്‌കോർ: പഞ്ചാബ്‌ 5–-187, രാജസ്ഥാൻ 6–-189 (19.4) ജയിച്ചെങ്കിലും രാജസ്ഥാൻ 14 പോയിന്റുമായി റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനുപിന്നിൽ അഞ്ചാമതാണ്‌. നാളെ മുംബൈ ഹൈദരാബാദിനോടും ബാംഗ്ലൂർ ഗുജറാത്തിനോടും തോറ്റാലേ രാജസ്ഥാന്‌ പ്ലേഓഫിനെക്കുറിച്ച്‌ ചിന്തിക്കാനാകൂ. ബാംഗ്ലൂരിന്റെ റൺനിരക്ക്‌ പ്രധാനമാണ്‌. രാജസ്ഥാന്‌ ബാംഗ്ലൂരിനെ മറികടക്കാൻ 18.3 ഓവറിൽ ലക്ഷ്യം നേടേണ്ടിയിരുന്നു. പക്ഷേ, അത്‌ സാധ്യമായില്ല. ബാംഗ്ലൂരിന്റെ റൺ നിരക്ക്‌ + 0.180, രാജസ്ഥാന്റേത്‌ + 0.148.  രാഹുൽ ചഹാറിന്റെ അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത്‌ ഒമ്പത്‌ റണ്ണാണ്‌. ധ്രുവ്‌ ജുറലും ട്രെന്റ്‌ ബോൾട്ടുമായിരുന്നു ക്രീസിൽ. ആദ്യപന്തിൽ ജുറൽ രണ്ട്‌ റണ്ണെടുത്തു. രണ്ടും മൂന്നും പന്തിൽ ഓരോ റൺ. നാലാംപന്ത്‌ സിക്‌സർ പറത്തി ജുറൽ വിജയം സമ്മാനിച്ചു. ധ്രുവ്‌ നാല്‌ പന്തിൽ 10 റണ്ണുമായും ബോൾട്ട്‌ രണ്ട്‌ പന്തിൽ ഒരു റണ്ണുമായും പുറത്തായില്ല. ഓപ്പണർ യശസ്വി ജയ്‌സ്വാളും (36 പന്തിൽ 50) ദേവ്‌ദത്ത്‌ പടിക്കലും (30 പന്തിൽ 51) നേടിയ അർധ സെഞ്ചുറികളാണ്‌ വിജയത്തിന്‌ അടിത്തറയായത്‌. ഷിംറോൺ ഹെറ്റ്‌മെയറും (28 പന്തിൽ 46) റിയാൻ പരാഗും (12 പന്തിൽ 20) വിജയത്തിന്‌ അരികെയെത്തിച്ചു. ഓപ്പണർ ജോസ്‌ ബട്‌ലറും (0) ക്യാപ്‌റ്റൻ സഞ്‌ജു സാംസണും (2) നിരാശപ്പെടുത്തി. ഇംഗ്ലീഷ്‌–-ഇന്ത്യൻ ഓൾറൗണ്ടർമാരുടെ മിന്നലടിയാണ്‌ പഞ്ചാബിന്‌ മികച്ച സ്‌കോർ നൽകിയത്‌. സാം കറൻ 31 പന്തിൽ 49 റൺ. ഷാരൂഖ്‌ ഖാൻ 23 പന്തിൽ 41. അവസാന രണ്ട്‌ ഓവറിൽമാത്രം 46 റൺ. സ്‌പിന്നർ യുശ്‌വേന്ദ്ര ചഹാൽ എറിഞ്ഞ 19–-ാംഓവറിൽ മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറും ഉൾപ്പെടെ 28 റൺ. ബോൾട്ടിന്റെ അവസാന ഓവറിൽ 18 റൺ.
കറൻ നാല്‌ ഫോറും രണ്ട്‌ സിക്‌സറും പറത്തി പുറത്താകാതെനിന്നു. ഷാരൂഖ്‌ നാല്‌ ഫോറും രണ്ട്‌ സിക്‌സറുമടിച്ചു. കൂട്ടുകെട്ട്‌ ആറാംവിക്കറ്റിൽ തകരാതെ നേടിയത്‌ 73 റൺ. മൂന്നുവീതം സിക്‌സറും ഫോറും പായിച്ച്‌ 28 പന്തിൽ 44 റണ്ണുമായി ജിതേഷ്‌ ശർമ മികവുകാട്ടി. 12 പന്തിൽ 17 റണ്ണെടുത്ത ക്യാപ്‌റ്റൻ ശിഖർ ധവാൻ ആദം സാമ്പയുടെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങി. ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്‌ ആദ്യ ഓവറിൽതന്നെ പേസർ ട്രെന്റ്‌ ബോൾട്ട്‌ ആഘാതമേൽപ്പിച്ചു. ഓപ്പണർ പ്രഭ്‌സിമ്രാൻ സിങിനെ ബോൾട്ട്‌ സ്വന്തം ഏറിൽ പിടികൂടി. അഥർവ തെയ്‌ദി (19), ലിയാം ലിവിങ്സ്‌റ്റൺ (9), ജിതേഷ്‌ ശർമ എന്നിവരുടെ വിക്കറ്റുകൾ പേസർ നവ്‌ദീപ്‌ സെയ്‌നി നേടി. ബോൾട്ടിനും ആദം സാമ്പക്കും ഓരോ വിക്കറ്റുണ്ട്‌.  ഏഴാംഓവറിൽ 50 റണ്ണെടുക്കുന്നതിനിടെ നാല്‌ വിക്കറ്റ്‌ നഷ്‌ടപ്പെട്ട പഞ്ചാബിന്‌ ജിതേഷും സാം കറനും തമ്മിലുള്ള അഞ്ചാംവിക്കറ്റ്‌ രക്ഷയായി. ഇരുവരും ചേർന്ന്‌ 64 റണ്ണടിച്ചു. ജിതേഷ്‌ പുറത്തായശേഷമെത്തിയ ഷാരൂഖ്, സാം കറന്‌ നല്ല കൂട്ടായി. ഇരുവരും 6.1 ഓവർ ആസ്വദിച്ച്‌ ബാറ്റ്‌ ചെയ്‌തു. സ്‌കോർ 150ൽ ഒതുങ്ങുമെന്ന്‌ കരുതിയെങ്കിലും ഇരുനൂറിനോടടുത്തു. 

Advertisement