പത്തനാപുരത്ത് കാട്ടാന ചരിഞ്ഞ സംഭവം: അമ്മയും മകളും അറസ്റ്റില്‍, അച്ഛന്‍ ഒളിവില്‍

പത്തനാപുരം : പുന്നല  കടശ്ശേരിയില്‍ 

കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും മകളും വനംവകുപ്പിന്‍റെ പിടിയില്‍. പുന്നല ചെളിക്കുഴി തെക്കേക്കര പുത്തൻവീട്ടിൽ ശിവദാസന്റെ ഭാര്യ പി.സുശീല (63),മകള്‍ ചാരുമ്മൂട് ബി.എസ്.എന്‍.എല്‍ ക്വാർട്ടേഴ്സിൽ താമസക്കാരിയായ സ്മിത (39) എന്നിവരാണ് പിടിയിലായത്.സ്മിത ചുനക്കര വെറ്റിനറി ഡിസ്പൻസറി കോമല്ലൂർ സബ് സെൻ്ററിൻ്റെ ചാർജ് വഹിക്കുന്ന ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറാണ്.സംഭവത്തിലെ ഒന്നാം പ്രതിയായ ശിവദാസന്‍ ഇപ്പോഴും ഒളിവിലാണ്.വനാതിര്‍ത്തിയോട് ചേര്‍ന്ന ഇവരുടെ പുരയിടത്തില്‍ നിന്നാണ് ആനയുടെ ജഡം കണ്ടെത്തിയത്‌. പത്തനാപുരം റെയിഞ്ചിലെ

പുന്നല ഫോറസ്റ്റ് സ്റ്റേഷനിൽ പരിധിയില്‍ കടശ്ശേരി ചെളിക്കുഴി വനാതിര്‍ത്തിയില്‍ വച്ച്  കാട്ടാനയെ ഷോക്കേല്‍പിച്ച് കൊല്ലുന്നതിനായി ഇലക്ട്രിക് കമ്പികള്‍ സ്ഥാപിച്ചത് ശിവദാസന്‍,ഭാര്യ സുശീല, മകള്‍ 

സ്മിത എന്നിവരാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.സംഭവശേഷം കമ്പികൾ സ്ഥലത്തു നിന്നും അഴിച്ചുമാറ്റി ഒളിപ്പിച്ചു വച്ചത് സുശീലയും സ്മിതയും ചേര്‍ന്നാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അടൂര്‍ ചാരുമ്മൂട്  ക്വാർട്ടേഴ്സിൽ നിന്നുമാണ് സ്മിതയെ പത്തനാപുരം റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുന്നത്.പ്രതികളെ ആനയെ കൊലപ്പെടുത്തിയ സ്ഥലത്തും സമീപപ്രദേശങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.സംഭവത്തിനായി ഉപയോഗിച്ച ആയുധങ്ങളായ ഇലക്ട്രിക്ക് വയറുകളും കമ്പികളും കണ്ടെടുത്തുണ്ട്.വനംവകുപ്പും വെറ്റിനറി വിഭാഗവും നടത്തിയ പരിശോധനയില്‍ ആനയുടെ കാലുകളിലും ശരീരത്തും തുമ്പിക്കൈയിലും വൈദ്യുതി കമ്പികള്‍ ഉരഞ്ഞ് ഷോക്കേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു.പാലോട് ജന്തുരോഗ കേന്ദ്രത്തിലെ രണ്ട് ഡോക്ടര്‍മാരും വനംവകുപ്പിന്റെ രണ്ട് വെറ്റിനറി ഡോക്ടര്‍മാരും ചേര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്.സംഭവത്തില്‍ അസ്വഭാവിക മരണത്തിന് വനംവകുപ്പ് കേസെടുത്ത് അന്ന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.പ്രതികളെ പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisement