ഇന്ത്യ, ശ്രീലങ്ക ടീമുകൾ തിരുവനന്തപുരത്ത്; ആവേശത്തോടെ ആരാധകർ

തിരുവനന്തപുരം: ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനായി ഇന്ത്യ, ശ്രീലങ്ക ടീം അംഗങ്ങൾ തിരുവനന്തപുരത്തെത്തി. ഇരു ടീമുകളും ഒരുമിച്ച് പ്രത്യേക വിമാനത്തിലാണ് വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ തിരുവനന്തപുരത്തെത്തിയത്. എയർപോർട്ടിന്റെ ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിൽ എത്തിയ താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) നേതൃത്വത്തിൽ സ്വീകരിച്ചു.

അതേസമയം ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് ടീമിനൊപ്പം തിരുവനന്തപുരത്തെത്തിയിട്ടില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം ദ്രാവിഡ് കൊൽക്കത്തയിലെ മത്സരത്തിനു ശേഷം ബെംഗളൂരുവിലെ വീട്ടിലേക്കു മടങ്ങി. പരിശോധനകൾക്കു ശേഷം പ്രശ്നങ്ങളില്ലെങ്കിൽ ദ്രാവിഡ് തിരുവനന്തപുരത്തെത്തി ടീമിനൊപ്പം ചേരാനാണു സാധ്യത.

നഗരത്തിലെ ഹയാത്ത് റീജൻസി, താജ് വിവാന്റ ഹോട്ടലുകളിലാണ് ടീമുകൾ തങ്ങുന്നത്. നാളെ ഉച്ചയ്ക്ക് ഒന്നു മുതൽ നാല് വരെ ശ്രീലങ്കൻ ടീമും അഞ്ച് മുതൽ എട്ടുവരെ ഇന്ത്യൻ ടീമും മത്സരവേദിയായ കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതലാണു പരമ്പരയിലെ അവസാന മത്സരം.

മലയാളിയായ നിതിൻ മേനോനും ജെ.ആർ. മദനഗോപാലുമാണ് ഫീൽഡ് അംപയർമാർ. ഫോർത്ത് അംപയറും മലയാളിയായ കെ.എൻ. അനന്തപത്മനാഭനാണ്. ജവഗൽ ശ്രീനാഥാണു മാച്ച് റഫറി. ടിക്കറ്റ് വിൽപന പുരോഗമിക്കുകയാണ്. 1000, 2000 രൂപ ടിക്കറ്റുകൾ പേയ്ടിഎം ഇൻസൈഡറിൽ നിന്നും ഓൺലൈനായി വാങ്ങാം.

Advertisement