നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുറ്റവാളിയെ കാപ്പ പ്രകാരം തടവിലാക്കി

Advertisement

കൊല്ലം.2019 മുതല്‍ സിറ്റിയിലെ ഇരവിപുരം, കൊട്ടിയം പോലീസ് സ്റ്റേഷനുകളിലും കൊല്ലം എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍റ് നര്‍ക്കോട്ടിക് പരിധിയിലുമായി നിരവധി കേസുകളില്‍ പ്രതിയായ കൊല്ലം താലൂക്കില്‍ മയ്യനാട് വില്ലേജില്‍ കുണ്ടുംകുളം വയലില്‍ പുത്തന്‍ വീട്ടില്‍ റഫീക്ക് (28) ആണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്ത് ആറുമാസത്തേക്ക് കരുതല്‍ തടങ്കലിലാക്കിയത്.

2019 മുതല്‍ 2022 വരെ റിപ്പോര്‍ട്ട് ചെയ്ത എട്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് റഫീക്ക്. വ്യക്തികള്‍ക്ക് നേരെയുള്ള കയ്യേറ്റം, അതിക്രമം, നിരോധിത മയക്കു മരുന്ന് വില്‍പ്പന, കഠിന ദേഹോപദ്രവമേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, വധശ്രമം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.

കൊടുംകുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ അഫ്സാന പര്‍വീണ്‍ ഐ.എ.എസ്സ് ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കരുതല്‍ തടങ്കലിനുത്തരവായത്. ഇയാളെ കരുതല്‍ തടങ്കലിനായി ആറ് മാസത്തേക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

Advertisement