ആയുഷ്, അലോപ്പതി ഡോക്ടർമാർക്കു തുല്യ ശമ്പളത്തിന് അർഹത; വിവേചനം പാടില്ലെന്നു സുപ്രീം കോടതി

Advertisement

ന്യൂഡൽഹി: സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ആയുഷ് ഡോക്ടർമാർക്ക് അലോപ്പതി ഡോക്ടർമാർക്കു തുല്യമായ ശമ്പളത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി.

ശമ്പളത്തിലെ വിവേചനം ഭരണഘടനയുടെ പതിനാലാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണെന്ന് കോടതി വിലയിരുത്തി.

ആയുഷ് (ആയുർവേദ, യോഗ, നാച്യുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി) ഡോക്ടർമാർക്കും അലോപ്പതി ഡോക്ടർമാർക്കും വ്യത്യസ്ത ശമ്പള സ്‌കെയിൽ പ്രഖ്യാപിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ചാണ് സുപ്രീം കോടതി നടപടി. ഇരു വിഭാഗങ്ങൾക്കുമിടയിലെ വിവേചനം പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ജസ്റ്റിസുമാരായ വിനീത് ശരൺ, ജെകെ മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

ആയുഷ്, അലോപ്പതി ഡോക്ടർമാർക്കു തുല്യ വേതനം നൽകണമെന്നു നിർദേശിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഉത്തരാഖണ്ഡ് സർക്കാർ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

2012ൽ തുല്യവേതനം നൽകിയാണ് സംസ്ഥാനം ഇരു വിഭാഗത്തിലെയും ഡോക്ടർമാരെ നിയമിച്ചത്. എന്നാൽ പിന്നീട് അലോപ്പതി ഡോക്ടർമാരുടെ ശമ്പളം ഇരട്ടിയായി വർധിപ്പിച്ചു. അലോപ്പതി ഡോക്ടർമാരുടെ ജോലി കൂടുതൽ പ്രാധാന്യമുള്ളതാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ നടപടി.

Advertisement