പ്രോവിഡൻറ് ഫണ്ട് പലിശ നിരക്ക് 8.1 ശതമാനമായി വെട്ടിക്കുറച്ചു; 40 വർഷത്തെ കുറഞ്ഞ നിരക്ക്

Advertisement

ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്) പലിശ നിരക്ക് കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു.

2021-22 വർഷത്തെ 8.5 ശതമാനത്തിൽനിന്ന് പലിശ നിരക്ക് 8.1 ശതമാനമായാണ് കുറച്ചത്. നാൽപതു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ആണിത്.

രാജ്യത്തെ ആറു കോടിയോളം ശമ്പളക്കാരെ നേരിട്ടു ബാധിക്കുന്നതാണ് തീരുമാനം. 1977-78ലെ എട്ടു ശതമാനം പലിശക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോഴത്തേത്. അന്നു മുതൽ 8.25 ശതമാനമോ, അതിനു മുകളിലോ ആയിരുന്നു പലിശ നിരക്ക്. ശനിയാഴ്ച നടന്ന യോഗത്തിലാണ് പലിശ നിരക്കു വെട്ടിക്കുറക്കാൻ തീരുമാനിച്ചതെന്ന് ഇ.പി.എഫ്‌.ഒ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്‌ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

2021 മാർച്ചിൽ നടന്ന സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് 2020-21 വർഷത്തിലേക്ക് 8.5 പലിശ നിരക്കു തീരുമാനിച്ചത്. ഒക്ടോബറിൽ ഇത് കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചു. പുതിയ നിരക്കും കേന്ദ്ര ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിനു ശേഷമേ നിലവിൽ വരൂ. ഈ സാമ്പത്തിക വർഷം 76,768 കോടി രൂപയാണ് ഇ.പി.എഫിൽ എത്തിയത്. അതേസമയം മിനിമം പെൻഷൻ തുകയായ 1000 രൂപ 3000മാക്കി ഉയർത്തണമെന്ന പാർലമെന്റ് സ്ഥിരം സമിതി ശുപാർശയും ഉന്നതാധികാര സമിതിയുടെ മുമ്പിലുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സമിതി നയം വ്യക്തമാക്കിയിട്ടില്ല.

Advertisement