ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്തു

ചണ്ഡീഗഡ്. ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്തു.സൈനിക്കൊപ്പം 5 എംഎൽഎമാരും മന്ത്രിസ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്യ്തു. രാജഭവനിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും പങ്കെടുത്തു. ജെജെപിയുടെ നാല് വിമത എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്ത് സൈനിക്ക് പിന്തുണ നൽകി. മനോഹർലാൽ ഖട്ടർ ലോക്സഭയിലേക്ക് മത്സരിച്ചേക്കും .

മനോഹർലാൽ ഖട്ടർ രാജിവച്ച് മണിക്കൂറുകൾക്കുള്ളിലാണ് ബിജെപിയുടെ ഹരിയാന അധ്യക്ഷനും കുരുക്ഷേത്രയിൽ നിന്നുള്ള ലോക്സഭ എംപിയുമായ നയാബ് സിംഗ് സൈനി മുഖ്യമന്ത്രി സ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ സൈനിക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു.

ബിജെപി എംഎൽഎമാരായ കൻവർപാൽ ഗുജ്ജർ, മൂൽചന്ദ് ശർമ, ജയ് പ്രകാശ് ലാൽ, ബൻവാരി ലാൽ സ്വതന്ത്ര എംഎൽഎയായ രഞ്ജിത്ത് സിംഗ് എന്നിവർ മന്ത്രിസ്ഥാനത്തേക്കും സത്യപ്രതിജ്ഞ ചെയ്തു.ബിജെപി-ജെജെപി സഖ്യം തകർച്ചയുടെ വക്കിൽ നിൽക്കെ ജെജെപിയിലെ നാല് എംഎൽഎമാർ സൈനിയെ പിന്തുണച്ചു.  ലോക്സഭാ സീറ്റുകളിൽ  ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഇരു പാർട്ടികളും തീരുമാനിച്ചിട്ടുണ്ട് എന്ന്  മുൻ മുഖ്യമന്ത്രി മനോഹർലാൽ കട്ടർ പ്രതികരിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകളിലെ അഭിപ്രായ ഭിന്നതയാണ്  സഖ്യത്തിന്റെ തകർച്ചയിലേക്ക് വഴിവച്ചത്.ഖട്ടർ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം മൂർച്ഛിച്ചതും നേതൃ മാറ്റത്തിന് കാരണമായി എന്നാണ്  വിവരം.മനോഹർലാൽ ഖട്ടറിന് ലോക്സഭ സീറ്റ് നൽകിയേക്കും എന്നും സൂചനകൾ ഉണ്ട്.

Advertisement