സ്പാനിഷ് വ്ളോഗറെ കൂട്ടബലാത്സംഗം ചെയ്തതിന്റെ ഞെട്ടല്‍ വിട്ടുമാറുംമുന്‍പ് ഝാര്‍ഖണ്ഡില്‍ വനിതാ ഡാന്‍സറെ സഹപ്രവര്‍ത്തകര്‍ പാനീയം നല്‍കി മയക്കി പീഡിപ്പിച്ചു

ഝാര്‍ഖണ്ഡില്‍ വനിതാ ഡാന്‍സറെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും ഒളിവില്‍ പോയ മൂന്നാമത്തെയാളിനായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് പലാമു ജില്ലയിലാണ് സംഭവം. ഛത്തീസ്ഗഡ് സ്വദേശിനിയായ 21-കാരിയാണ് പരാതി നല്‍കിയത്. ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ളോഗറെ കൂട്ടബലാത്സംഗം ചെയ്തതിന്റെ ഞെട്ടല്‍ വിട്ടുമാറുംമുന്‍പാണ് നാടിനെ ഞെട്ടിച്ച് കൊണ്ട് ഝാര്‍ഖണ്ഡില്‍ തന്നെ സമാനമായ മറ്റൊരു സംഭവം അരങ്ങേറിയത്. ഓര്‍ക്കസ്ട്ര ട്രൂപ്പ് അംഗത്തെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്.
യുവതിക്ക് പരിചയമുള്ളവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികളില്‍ രണ്ടുപേരെ പിടികൂടിയതായും മൂന്നാമനായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളില്‍ ഒരാളായ ഗോലു കുമാര്‍ ഡാന്‍സറെ ഒരു ഷോയ്ക്കായി ക്ഷണിച്ചു. എന്നാല്‍ ഷോ റദ്ദാക്കപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി ഗോലുവിന്റെ മുറിയിലാണ് താമസിച്ചത്. ഇവിടെ വച്ച് പാനീയം നല്‍കി മയക്കിക്കിടത്തിയ ശേഷം തന്നെ മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നതെന്നും പൊലീസ് പറഞ്ഞു.

Advertisement