രാജ്യത്തെ നടുക്കിയ തുറമുഖം തീപിടുത്തത്തിന് പിന്നിൽ യൂട്യൂബർമാരോ? സംശയമുണർത്തി പൊലീസ് അന്വേഷണം

Advertisement

വിശാഖപട്ടണം: വിശാഖപട്ടണം തുറമുഖത്തെ വൻ തീപിടിത്തത്തിന് പിന്നിൽ യൂട്യൂബർമാർ തമ്മിലെ പ്രശ്നമെന്ന് സൂചന. തീപിടുത്തത്തിൽ 25-ഓളം ബോട്ടുകൾ കത്തി നശിച്ചു.

മത്സ്യബന്ധനം നടത്തുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്ത് പ്രശസ്തി നേടിയ ഒരു യുവ യൂട്യൂബർക്കെതിരെ മറ്റു യൂട്യൂബർമാർക്കുള്ള പടലപ്പിണക്കമാണ് ഹാർബറിലെ വൻ തീപിടിത്തത്തിന്റെ കാരണമെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കൂടുതൽ വ്യക്തതക്കായി യുവാവിനെ ഇപ്പോൾ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് പറയുന്നു. പണത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ യൂട്യൂബർ ചിലരുമായി പ്രശ്നമുണ്ടാക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇയാളുടെ ഒരു ബോട്ടിന് എതിരാളികൾ തീയിട്ടതാകാനാണ് സാധ്യതയെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രിയാണ് ഹാർബറിനെ നടക്കുയ സംഭവമുണ്ടാത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികളും നാട്ടുകാരും ജെട്ടിയിലെ മറ്റ് ബോട്ടുകളിലേക്ക് തീ പടരാതിരിക്കാൻ കത്തിയ ബോട്ട് വെട്ടിമാറ്റി‌യെങ്കിലും വിജയിച്ചില്ല. തീപടർന്ന് പിടിക്കുകയും 25 ബോട്ടുകളെങ്കിലും കത്തിനശിക്കുകയും ചെയ്തു. ഭൂരിഭാഗം ബോട്ടുകളിലും ടാങ്കുകൾ നിറയെ ഡീസൽ നിറച്ചതും പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുമായിരുന്നു. ഇതാണ് തീ വ്യാപിക്കാൻ കാരണം. ഇന്ത്യൻ നാവികസേനയെ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തിയാണ് തീയണച്ചത്. ഓരോ ബോട്ടിനും 15 ലക്ഷം രൂപ വിലവരും. മൊത്തം നാശനഷ്ടം ഏകദേശം 5 കോടി രൂപ വരുമെന്നും പറയുന്നു. ബോട്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ലാത്ത മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലായി.

സംഭവത്തിന്റെ ചുരുളഴിയാൻ വിവിധ വശങ്ങളിൽ അന്വേഷണം നടത്തുമെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണർ രവിശങ്കർ പറഞ്ഞു. വൈസാഗ് പോർട്ട് ട്രസ്റ്റിന്റെതാണ് ഫിഷിംഗ് ഹാർബർ. സംഭവത്തിൽ വൈഎസ് ജഗൻ മോഹൻ റെഡ്ഡി സർക്കാരിനെതിരെ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടി രം​ഗത്തെത്തി. അതീവ സുരക്ഷാമേഖലയായ കപ്പൽശാല മേഖലയിൽ സുരക്ഷാ നടപടികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ടിഡിപി ദേശീയ ജനറൽ സെക്രട്ടറി നാരാ ലോകേഷ് വിമർശിച്ചു. നാശനഷ്ടം സംഭവിച്ചവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Advertisement